ത്വദ്വപുര്‍ നവകലായ കോമളം
പ്രേമദോഹനമശേഷമോഹനം
ബ്രഹ്മതത്ത്വ പരചിന്മൂദാത്മകം
വിക്ഷ്യ സമ്മുമുഹുരന്വഹം സ്ത്രീയഃ || 1 ||
പുതുതായി വിടര്‍ന്ന കായമ്പൂമലരെന്നപോലെ രമ്യവും പ്രേമവര്‍ദ്ദകവും എല്ലാവരേയും മോഹിപ്പിക്കുന്നതും സത്തായും ചിത്തായും പരാനന്ദാത്മകമായിരിക്കുന്ന അങ്ങയുടെ കോമളവിഗ്രഹമാകുന്ന ബ്രഹ്മത്തെ കണ്ടിട്ട് ഗോപികള്‍ നാള്‍തോറും മോഹിച്ചുതുടങ്ങി.
മന്മഥോന്മഥിത മാനസാഃ ക്രമാത്
തദ്വിലോകനരതാസ്തതസ്തതഃ
ഗോപികാസ്തവ ന സേഹിരേ ഹരേ !
കാനനോപഗതിമപ്യഹര്‍മുഖേ .. || 2 ||
ഹരേ! ഗോപികള്‍ ക്രമേണ കാമദേവനാല്‍ പീഡിക്കപ്പെട്ട മനസ്സോടുകൂടിയവരായ് അവിടവിടെ നിന്നു അങ്ങയെ ദര്‍ശിക്കുന്നതില്‍ അത്യാസക്തിയുള്ളവരായി പ്രഭാതസമയത്തു അങ്ങയുടെ വനത്തിലേക്കുള്ള ഗമനത്തേകൂടി സഹിപ്പാന്‍ ശക്തിയുള്ളവരായില്ല.
നിര്‍ഗ്ഗതേ ഭവതി ദത്തദൃഷ്ടയഃ ദ്വദ്ഗതേന മനസാ മൃഗേക്ഷണാഃ
വേണുനാദമുപകര്‍ണ്ണ്യ ദൂരതഃ ത്വദ്വിലാസ കഥയാഭിരേമിരേ || 3 ||
നിന്തിരുവടി പോകുമ്പോള്‍ കണ്ണിമയ്ക്കാതെ നോക്കിക്കോണ്ടു അങ്ങയില്‍ ലയിച്ച മനസ്സോടുകൂടിയ പേടമാന്‍മിഴിമാരായ ഗോപികള്‍ ദൂരത്തുനിന്നു വേണുനാദത്തേ കേട്ട് അങ്ങയുടെ ലീലവൃത്താന്തകഥനത്താല്‍ രമിച്ചുകൊണ്ടിരുന്നു.
കാനനാന്തമിതവാന്‍ ഭവാനപി സ്നിഗ്ദ്ധപാദപതലേ മനോരമേ
വ്യത്യയാകലിതപാദമാസ്ഥിതഃ പ്രത്യപൂരയത വേണുനാളികാം || 4 ||
കാട്ടിന്നുള്ളില്‍ പ്രവേശിച്ചിരുന്ന നിന്തിരുവടിയും മനോഹരമായ നല്ലനിഴലിലുള്ളതായ ഒരു വൃക്ഷത്തിന്‍ കീഴില്‍ കാല്‍ തമ്മില്‍ പിണച്ചുനിന്നുകൊണ്ട് ഓടക്കുഴല്‍ ഊതിക്കൊണ്ടിരുന്നു.
മാരബാണധുത ഖേചരീകുലം നിര്‍വ്വികാര പശുപക്ഷി മണ്ഡലം
ദ്രാവണം ച ദൃഷദാമപി പ്രഭോ ! താവകം വ്യജനി വേണുകൂജിതം. || 5 ||
(ബര്‍ഹാപീഡം നടവരവപുഃ കര്‍ണ്ണയോഃ കര്‍ണികാരം
ബിദ്രദ്വാസഃ കനകകപിശം വൈജയന്തിം ച മാലാം
രന്ധ്രാന്‍ വേണോരധരസുധയാ പൂരയന്‍ ഗോപവൃന്ദൈഃ
വൃന്ദാരണ്യം സ്വപദരമണം പ്രാപിശദ് ഗീതകീര്‍ത്തിഃ )
ഹേ പ്രഭോ! അങ്ങയുടെ വേണുഗാനം മന്മധബാണങ്ങളാല്‍ അപ്സരസ്രീകളുടെ സ്വൈര്‍യ്യത്തേകൂടി ചലിപ്പിക്കുന്നതായി, പശുപക്ഷി സമൂഹങ്ങളെ നിശ്ചലമാക്കുന്നതായി, ശിലകളെപ്പോലുമലിയിക്കുന്നതായി പ്രസരിച്ചു.
വേണുരന്ധ്ര തരലാംഗുലിദളം
താലസഞ്ചലിത പാദപല്ലവം
തത് സ്ഥിതം തവ പരോക്ഷമപ്യഹോ !
സംവിചിന്ത്യ മുമുഹുര്‍വ്രജാംഗനാഃ || 6 ||
ഓടക്കുഴലിന്റെ സുഷിരസീമകളില്‍കൂടി നീങ്ങിക്കൊണ്ടിരിക്കുന്ന കൈവിരലുകളോടും താളത്തിന്നനുസരിച്ചിളകുന്ന കാല്‍ത്തളിരുകളോടുംകൂടിയ അങ്ങയുടെ ആ നില അപ്രത്യക്ഷമെങ്കിലും മനസ്സുകൊണ്ടു ധ്യാനിച്ചുകൊണ്ട് ഗോപസ്ത്രീകള്‍ മനംമയങ്ങി നിന്നുപോയി!
നിര്‍വ്വിശംക ഭവദംഗ ദര്‍ശിനീഃ
ഖേചരീഃ ഖഗമൃഗാന്‍ പശൂനപി
ത്വത്പദപ്രണയി കാനനം ച താഃ
ധന്യധന്യമിതി നന്വമാനയന്‍ || 7 ||
അങ്ങയുടെ കോമളരൂപത്തെ യാതൊരു സങ്കോചവുംകൂടാതെ നോക്കിക്കൊണ്ടിരിക്കുന്ന ആകാശചാരികളായ അപ്സരസ്സുകളേയും പക്ഷി മൃഗങ്ങളേയും പശുക്കളേയും അങ്ങയുടെ പാദസ്പര്‍ശമനുഭവിക്കുന്ന (വൃന്ദാ) വനത്തേയും ആ ഗോപികള്‍ അത്യധികം ഭാഗ്യമുള്ളവയെന്നു മാനിക്കുകതന്നെ ചെയ്തു.
ആപിബേയമധരാമൃതം കദാ
വേണു ഭൂക്തരസ ശേഷമേകദാ ?
ദൂരതോ ബത, കൃതം ദുരാശയേതി
ആകുല മുഹുരിമാഃ സമാമുഹന്‍ || 8 ||
ഓടക്കുഴലനുഭവിച്ച് അവശേഷിച്ച രസത്തോടുകൂടിയ അധരാമൃതത്തെ എപ്പോഴാണ് ഒരിക്കലെങ്കിലും പാനം ചെയ്പാനിടവരുന്നത്? കഷ്ടം! ആ കാലം അടുത്തൊന്നുമില്ലതന്നെ; ദുരാഗ്രഹംകൊണ്ടു ആവുന്നതെന്ത്? എന്നിങ്ങനെ ഇവര്‍ ഉല്‍ക്കണ്ഠിതരായി ഏറ്റവും പരവശരായി.
പ്രത്യഹം ച പുനരിത്ഥ മംഗനാഃ ചിത്തയോനി ജനിതാദനുഗ്രഹാത്
ബദ്ധരാഗവിവശാസ്ത്വയി പ്രഭോ! നിത്യമാപുരിഹ കൃത്യമൂഢതാം. || 9 ||
സര്‍വ്വേശ്വര! ദിവസംതോറും വീണ്ടും വിണ്ടും ഇപ്രകാരം ഗോപവനിതകള്‍ കാമദേവന്റെ അനുഗ്രഹംനിമിത്തം നിന്തിരുവടിയിലുണ്ടായ ദൃഢമായ അനുരാഗത്താല്‍ വശംകെട്ട് എല്ലായ്പോഴും ഗൃഹകൃത്യങ്ങളില്‍ മനസ്സുചെല്ലാത്തവരായി ഭവിച്ചു.
രാഗസ്താവജ്ജായതേ ഹി സ്വഭാവാത്
മോക്ഷോപായോ യത്നതഃസ്യാന്ന വാ സ്യാത്
താസാം ത്വേകം തത് ദ്വയം ലബ്ധമാസീത്
ഭാഗ്യം ഭാഗ്യം ! പാഹി മാം മാരുതേശ ! || 10 ||
അനുരാഗം പ്രാണികള്‍ക്കെല്ലാം സ്വാഭാവികമായിത്തന്നെ ഉണ്ടാവുന്നതാണല്ലൊ. മോക്ഷത്തിന്നുള്ള ഉപായം പ്രയന്തംകൊണ്ട് ഉണ്ടാവുകയൊ ഉണ്ടാവതിരിക്കകയോ ചെയ്യാം. അവര്‍ക്കാകട്ടെ അവ രണ്ടും ഒന്നായിത്തന്നെ ലഭിച്ചു. ഭാഗ്യം! വലിയ ഭാഗ്യം! അല്ലേ വാതാലയേശ! എന്നെ കാത്തരുളിയാലും!
വേണുഗാനവര്‍ണ്ണനം എന്ന അമ്പത്തൊമ്പതാം ദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 607
വൃത്തം രഥോദ്ധതാ. 10 ശാലിനീ.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.