ഡൗണ്‍ലോഡ്‌ MP3

കദാചിത് ഗോപാലാന്‍ വിഹിതമഖ സംഭാര വിഭവാ‍ന്‍
നിരീക്ഷ്യ ത്വം ശൗരേ ! മഘവമദമുദ്ധ്വം സിതുമാനാഃ
വിജാനന്നപ്യേതാന്‍ വിനയമൃദു നന്ദാദിപശുപാന്‍
അപൃച്ഛഃ കോ വാഽയം ജനക! ഭവതാമുദ്യുമ ഇതി .. || 1 ||

ഹേ കൃഷ്ണ! നിന്തിരുവടി ഒരിക്കല്‍ ഗോപന്മാരെ യാഗത്തിനുവേണ്ടുന്ന സാമഗ്രികളെ ശേഖരിച്ചുവെച്ചവരായി കണ്ടിട്ട് ഇന്ദ്രന്റെ ഗര്‍വ്വിനെ നശിപ്പിക്കുന്നവാനുദ്ദേശിച്ചുകൊണ്ട് എല്ലാമറിഞ്ഞികൊണ്ടുതന്നെ “അച്ഛാ! നിങ്ങളുടെ ഈ ഒരുക്കമൊക്കെ എന്തിനാണ്? എന്നിങ്ങിനെ വിനയത്തോടൊകൂടി ഈ നന്ദന്‍ മുതലായ ഗോപന്മാരോടായി ചോദിച്ചു.

ബഭാഷേ നന്ദസ്ത്വ‍ാം സുത ! നനു വിധേയോ മഘവതോ
മഖോ വര്‍ഷേ വര്‍ഷേ, സുഖയതി സ വര്‍ഷേണ പൃഥിവീം
നൃണ‍ാം വര്‍ഷായത്തം നിഖിലമുപജീവ്യം മഹിതലേ,
വിശേഷാദസ്മാകം തൃണസലീലജീവ്യാ ഹി പശവഃ || 2 ||

നന്ദഗോപന്‍ നിന്തിരുവടിയോടറിയച്ചു; ‘ഉണ്ണീ ! വര്‍ഷംതോറും ദേവേന്ദ്രനെ ഉദ്ദേശിച്ചുള്ള യാഗം അനുഷ്ഠിക്കപ്പെടേണ്ടതാണല്ലോ. അ സ്വര്‍ഗ്ഗാധിപതി മഴകൊണ്ട് ഭൂമിയെ സമൃദ്ധമാക്കുന്നു; ഭൂമിയില്‍ മനുഷ്യന്മാര്‍ക്ക് എല്ലാ ആഹാരസാധനങ്ങളും മഴയെ ആശ്രയിച്ചിരിക്കുന്നു; നമുക്കു പ്രത്യേകിച്ചും; പശുക്കള്‍ പുല്ലും വെള്ളവും കൊണ്ടുപജീവിക്കുന്നവയാണല്ലോ!

ഇതി ശ്രുത്വാ വാചം പിതുരയി ~ ഭവനാഹ സരസം
ധിഗേതന്നോ സത്യം മഘവജനിതാ വൃഷ്ടിരിതി യത്
അദൃഷ്ടം ജീവാന‍ാം സൃജതി ഖലു വൃഷ്ടിം സമുചിത‍ാം
മഹാരണ്യേ വൃക്ഷാഃ കിമിവ ബലിമിന്ദ്രായ ദദതേ ? || 3 ||

ഹേ കൃഷ്ണ! ഇപ്രകാരം പിതാവിന്റെ വാക്കിനെ കേട്ട് നിന്തിരുവടി സരസമായി അരുളിചെയ്തു; ‘കഷ്ടം! മഴ മഹേന്ദ്രനാല്‍ ഉണ്ടാക്കപ്പെടുന്നതാണ് എന്നുള്ളത് വാസ്തവമല്ല; പ്രാണികളുടെ ധര്‍മ്മാധര്‍മ്മങ്ങളാണ് കര്‍മ്മഫലങ്ങള്‍ക്കനുസരിച്ച മഴയെ സൃഷ്ടിക്കുന്നത്. വ‍ന്‍കാട്ടി‍ല്‍ വൃക്ഷങ്ങ‍ള്‍ ഇന്ദ്രന്നായ്ക്കൊണ്ട് എന്തു ബലിയാണ് കൊടുക്കുന്നത്. ?

ഇദം താവത് സത്യം, യദിഹ പശവോ നഃ കുലധനം
തദാജിവ്യായസൗ ബലിരചലഭര്‍ത്രേ സമുചിതഃ
സുരേഭ്യോഽപ്യുത്കൃഷ്ടാഃ നനു ധരണി ദേവാഃ ക്ഷിതിതലേ
തതസ്തേഽപ്യാരാധ്യാഃ ഇതി ജഗദിഥ ത്വം നിജജനാന്‍ || 4 ||

ഇവിടെ പശുക്കളാണ് നമ്മുടെ കുലധനം എന്നുള്ളത് വാസ്തവം തന്നെ ! ഇപ്പോള്‍ നാമുദ്ദേശിക്കുന്ന യാഗം ആ പശുക്കളുടെ ആഹാരസാധനങ്ങള്‍ക്കായി ഈ ഗോവര്‍ദ്ധനപര്‍വ്വതമാകുന്ന രക്ഷിതാവിന്നു ചെയ്യുന്നത് ഏറ്റവും യോജിച്ചതായിരിക്കും. ഭൂലോകത്തില്‍, ഭൂദേവന്മാര്‍ സ്വല്ലോകവാസികളായ ദേവന്മാരെക്കാളും വിശിഷ്ടന്മാരാണല്ലോ അതിനാല്‍ അവരും ആരാധിക്കപ്പെടേണ്ടവരാണ്;” എന്നിങ്ങിനെ നിന്തിരുവടി സ്വജനങ്ങളോടു അരുളിചെയ്തു.

ഭവദ്വാചം ശ്രുത്വാ ബഹുമതിയുതാസ്തേഽപി പശുപാഃ
ദ്വിജേന്ദ്രാനര്‍ച്ചന്തോ ബലിമദദുരുച്ചൈഃ ക്ഷിതിഭൃതേ,
വ്യധുഃ പ്രാദക്ഷിണ്യം, സുഭൃശമനമന്നാദരയുതാഃ
ത്വമാദഃ ശൈലാത്മാ ബലിമഖിലമാഭീരപുരതഃ || 5 ||

ആ ഗോപന്മാരും അങ്ങയുടെ അഭിപ്രായംകേട്ട് അതിനോടനുകൂലിക്കുന്നവരായി മഹാബ്രാഹ്മണരെ പൂജിച്ചുകൊണ്ട് ഗോവര്‍ദ്ദപര്‍വ്വതത്തിനായി അതിശ്രേഷ്ഠമായ ബലിനല്‍കി അത്യധികം ആദരവോടുകൂടി പ്രദക്ഷിണംചെയ്തു നമസ്മരിച്ചു; നിന്തിരുവടി പര്‍വ്വതരൂപിയായിട്ട് ഗോപന്മാര്‍ക്കു മുമ്പില്‍വെച്ച് ബലി നല്‍കിയ എല്ലാ പദാര്‍ത്ഥങ്ങളേയും ഭക്ഷിക്കുകയും ചെയ്തുവല്ലോ !

അവോചശ്ചൈവം താന്‍ കിമിഹ തിതഥം മേ നിഗദിതം
ഗിരീന്ദ്രോ നന്വേഷഃ സ്വബലിമുപഭുങ്ക്തേ സ്വവപുഷാ
അയം ഗോത്രോ ഗോത്രദ്വിഷി ച കുപിതേ രക്ഷിതുമലം
സമസ്താ നിത്യുക്താഃ ജഹൃഷുരഖിലാ ഗോകുലജുഷഃ || 6 ||

അവരോട് ഇപ്രകാരം അരുളിചെയ്കയും ചെയ്തു. ഇപ്പോള്‍ ഞാന്‍ പറഞ്ഞത് അസത്യമാണോ? ഈ പര്‍വ്വതശ്രേഷ്ഠ‍ന്‍ സ്വന്തം രൂപത്തില്‍വന്നു തനിക്കു നല്‍ക്കപ്പെട്ട ബലിയെ അനുഭവിക്കുന്നുണ്ടല്ലോ! ഗോത്രശത്രുവായ ഇന്ദ്രന്‍ കുപിതനായാലും ഈ പര്‍വ്വതം നമ്മെ എല്ലാവരേയും രക്ഷിക്കുന്നതിന്നു കഴിവുള്ളവനാണ്; എന്നിങ്ങിനെ പറയപ്പെട്ട എല്ലാ ഗോകുലവാസികളും ഏറ്റവും സന്തോഷിച്ചു.

പരിപ്രീതാ യാതഃ ഖലു ഭവദുപേതാ വ്രജജുഷോ
വ്രജം യാവത്, താവത് നിജമഖവിഭംഗം നിശമയന്‍
ഭവന്തം ജാനന്നപ്യധികരജസാഽഽക്രാന്തഹൃദയഃ
ന സേഹേ ദേവേന്ദ്രഃ ത്വദുപരപിതാത്മോന്നതിരപി || 7 ||

ഗോകുലവാസികള്‍ പരമസംതൃപ്തിയോടെ എപ്പോ‍ള്‍ നിന്തിരുവടിയൊന്നിച്ചു അമ്പാടിയിലേക്കു ചെന്നുവോ അപ്പോള്‍ തന്നെ ദേവേന്ദ്ര‍ന്‍ തനിക്കുള്ള യാഗം മുടങ്ങിയതിനെ കേട്ടിട്ട്, നിന്തിരുവടിയെ അറിയുന്നവനായിരുന്നിട്ടും നിന്തിരുവടിയാല്‍ നല്ക്കപ്പെട്ട സ്ഥാനവലിപ്പത്തോടുകൂടിയവനാണെങ്കിലും വര്‍ദ്ധിച്ച രജോഗുണത്തിന്ന് അധീനമായ ഹൃദയത്തോടുകൂടിയവനായിരുന്നതുകൊണ്ട് സഹിപ്പാന്‍ കഴിഞ്ഞില്ല.

മനുഷ്യത്വം യാതോ മധുഭിദപി ദേവേശ്വവിനയം
വിധത്തേ ചേന്നഷ്ടസ്ത്രിദശസദസ‍ാം കോഽപി മഹിമാ
തതശ്ച ധ്വംസിഷ്യേ പശുപഹതകസ്യ ശ്രിയമതി
പ്രവൃത്തസ്ത്വ‍ാം ജേതും സ കില മഘവാ ദുര്‍മ്മദനിധിഃ || 8 ||

മനുഷ്യരൂപം കൈകൊള്ളുമ്പോഴെക്ക് സാക്ഷാല്‍ മധുസൂദന‍ന്‍ തന്നെ ദേവന്മാര്‍ക്ക് വണക്കമില്ലയ്മയെ വരുത്തിവെക്കുകയാണെങ്കില്‍ ദേവസദസ്സിന്നുള്ള ശ്രേഷ്ഠമായ മാഹാത്മ്യം ഒട്ടുംതന്നെ ഇല്ലാതാവും, അതിനാല്‍ ആ കാലിമേയ്ക്കുന്ന ചെറുക്കന്റെ ഐശ്വര്‍യ്യത്തെ നശിപ്പിച്ചുകളയ‍ാം എന്നുറച്ചു ദുരഹങ്കാരിയായ ആ ദേവേന്ദ്രന്‍ അങ്ങയെ കീഴടക്കുവാന്‍ പുറപ്പെട്ടുവത്രെ.

ത്വദാവാസം ഹന്തും പ്രളയജലദാനംബരഭുവി
പ്രഹിണ്വന്‍ ‍, ബിഭ്രാണഃ കുലിശ, മയമഭ്രേഭഗമനഃ
പ്രതസ്ഥേ‍ന്യൈഃ അന്തര്‍ദഹനമരുദാദ്യൈര്‍ വിഹസിതോ
ഭവന്മായാ നൈവ ത്രിഭുവനപതേ ! മോഹയതി കം. || 9 ||

ഈ ദേവെന്ദ്രന്‍ അങ്ങയുടെ വാസസ്ഥാനമായ അമ്പാടിയെ നശിപ്പിക്കുന്നതിന്നായി പ്രളയകാലമേഘങ്ങളെ ആകാശത്തിലേക്കു നിയോഗിച്ചയച്ച് വജ്രായുധധാരിയായി ഐരാവതത്തി‍ന്‍ പുറത്തുകയറി മറ്റുള്ള അഗ്നി, വായു മുതലായ ദേവന്മാരാല്‍ ഉള്ളുകൊണ്ട് പരിഹസിക്കപ്പെട്ടവനായിട്ട് പുറപ്പെട്ടു; മൂന്നുലോകങ്ങള്‍ക്കുമീശ്വരനായ കൃഷ്ണ! അങ്ങയുടെ മായാദേവി ആരെത്തന്നെയാണ് മോഹിപ്പിക്കാത്തത് ?

സുരേന്ദ്രഃ ക്രുദ്ധശ്ചേത് ദ്വിജകരുണയാ ശൈലകൃപയാഽപി
അനാതങ്കോഽസ്മാകം നിയത ഇതി വിശ്വാസ പശുപാന്‍
അഹോ! കിന്നായാതോ ഗിരിഭിദിതി സഞ്ചിന്ത്യ നിവസന്‍
മരുത്ഗേഹാധീശ! പ്രണുദ മുരവൈരിന്‍ ! മമ ഗദാന്‍ || 10 ||

ഗുരുവായൂരമരുന്ന മുരരിപോ! ദേവേന്ദ്രന്‍ കുപിതനായാല്‍ ബ്രാഹ്മണകാരുണ്യംകൊണ്ടു ഗോവര്‍ദ്ദനഗിരിയുടെ കൃപകൊണ്ടും നമുക്കു യാതൊരു ദോഷവുമുണ്ടാവുന്നതല്ല” എന്നിപ്രകാരം ഗോപന്മാരെ പറഞ്ഞു വിശ്വസിപ്പിച്ച് “കഷ്ടം! ദേവേന്ദ്രന്‍ എന്താണിനിയും വരാത്തത്? എന്നിങ്ങിനെ വിചാരിച്ചുകൊണ്ട് സമയം കഴിച്ച നിന്തിരുവടി എന്റെ രോഗങ്ങളെ ഇല്ലാതാക്കേണമേ.

ഇന്ദ്രമഖവര്‍ണ്ണനം എന്ന അറുപത്തിരണ്ട‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 638
വൃത്തം ശിംഖരിണി.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.