ദദൃശിരേ കില തത്ക്ഷണമക്ഷത
സ്തനിത ജൃംഭിത കമ്പിത ദിക്തടാഃ
സുഷമയാ ഭവദംഗതുലാം ഗതാഃ
വ്രജപദോപരി വാരിധാരസ്ത്വയാ || 1 ||
പെട്ടെന്നു ഗോകുലത്തിന്റെ മേല്‍ഭാഗത്തില്‍ ഇടവിടാതെയുള്ള ഇടിമുഴക്കം കൊണ്ട് എട്ടുദിക്കുകളേയും ഇളകിമറിക്കുന്നവയും വര്‍ണ്ണശോഭകൊണ്ട് അങ്ങയുടെ ശരീരകാന്തിയോടു കിടപിടിക്കുന്നവയുമായ കാര്‍മേഘങ്ങള്‍ നിന്തിരുവടിയാല്‍ കാണപ്പെട്ടുവല്ലോ.
വിപുലകരമകിശ്രൈഃ തോയധാരനിപാതൈഃ
ദിശി ദിശി പശുപാനാം മണ്ഡലേ ദണ്ഡ്യമാനേ
കുപിത ഹരി കൃതാന്നഃ പാഹി പാഹീതി തേഷാം
വചനമജിത ! ശൃണ്വന്‍ മാ ബിഭീതേത്യഭാണീഃ || 2 ||
വലിയ ആലിപ്പഴങ്ങളോടുകൂടിയ ജലധാരകളുടെ ഊക്കോടെയുള്ള പതനംകൊണ്ട് എല്ലാ ദിക്കിലും ഗോപസമൂഹം പീഡിപ്പിക്കപ്പെടവേ, ക്രുദ്ധനായ ഇന്ദ്രനാല്‍ ചെയ്യപ്പെട്ട ഈ ഘോരവര്‍ഷത്തില്‍നിന്ന് ഞങ്ങളെ രക്ഷിക്കണേ, രക്ഷിക്കണേ, എന്നിങ്ങിനെയുള്ള അവരുടെ മുറവിളി കേട്ട്, ഭഗവന്‍! “ഭയപ്പെടാതിരിപ്പിന്‍” എന്നിങ്ങിനെ നിന്തിരുവടി അരുളിച്ചെയ്തു.
കുല ഇഹ ഖലു ഗോത്രോ ദൈവതം, ഗോത്രശത്രോഃ
വിഹതിമിഹ സ രുന്ധ്യാത് കോ നു വഃ സംശയോഽസ്മിന്‍ ?
ഇതി സഹസിതവാദീ ദേവ ! ഗോവര്‍ദ്ധാനാദ്രിം
ത്വരിതമുദമുമുലോ മൂലതോ ബാലദോര്‍ഭ്യാം || 3 ||
ഈ ഗോകുലത്തിന്നവട്ടെ ഗോത്ര (ഗോവര്‍ദ്ധനപര്‍വ്വത) മാണല്ലോ വരദൈവം. ഗോത്രശത്രുവായ ഇന്ദ്രന്റെ ഈ ദ്രോഹത്തെ ആ പര്‍വ്വതം തടുത്തുകൊള്ളും, നിങ്ങള്‍ക്കു ഈ കാര്‍യ്യത്തില്‍ സംശയമെന്തിന്നു? ഹേ ഭഗവാനേ! നിന്തിരുവടി ഇപ്രകാരം മന്ദഹാസംചെയ്തുകൊണ്ടരുളിചെയ്തിട്ട് ഉടന്‍തന്നെ പിഞ്ചുകൈകള്‍കൊണ്ട് ഗോവര്‍ദ്ധന പര്‍വ്വതത്തെ അടിയോടെ പുഴക്കിയെടുത്തു.
തദനു ഗിരിവരസ്യ പ്രോദ്ധൃതസ്യാസ്യ താവത്
സികതിലമൃദുദേശേ ദുരതോ വാരിതാപേ
പരികര പരിമിശ്രാന്‍ ധേനുഗോപാനധസ്താത്
ഉപനിദധദധത്ഥാഃ ഹസ്തപദ്മേന ശൈലം || 4 ||
അതിന്നുശേഷം എടുത്തുയര്‍ത്തപ്പെട്ട ഈ പര്‍വ്വതത്തിന്റെ മണല്‍കൊണ്ടു മൃദുവായ പ്രദേശത്തോടുകൂടിയതായി ദൂരത്തുതന്നെ ജലത്തെ തടുത്തുനിര്‍ത്തുന്നതായ കീഴഭാഗത്തില്‍ എല്ലാവിധ ജീവിതോപകരണങ്ങളോടുംകൂടി പശുക്കളേയും ഗോപന്മാരേയും ഒതുക്കിനിര്‍ത്തിക്കൊണ്ട് നിന്തിരുവടി കരപങ്കജത്താല്‍ പര്‍വ്വതത്തെ ഒരു കുടയെന്നതു പോലെ എടുത്തുപിടിച്ചുകൊണ്ടിരുന്നു.
ഭവതി വിധൃതശൈലേ ബാലികാഭിര്‍ വയസ്യൈഃ
അപി വിഹിതവിലാസം കേളിലാപാദിലോലേ
സവിധ മിളിത ധേനുഃ ഏകഹസ്തേന കണ്ഡു
യതി സതി, പശുപാലാഃ തോഷമൈഷന്ത സര്‍വ്വേ || 5 ||
നിന്തിരുവടി പര്‍വ്വതത്തെയെടുത്തുകൊണ്ട് നില്‍ക്കവെതന്നെ ഗോപകന്യകമാരോടും സമവയസ്കന്മാരായ ഗോപകുമാരന്മാരോടും കടാക്ഷാദി ലീലാവിലാസങ്ങളെ പ്രകടിപ്പിച്ചുകൊണ്ട് നേരംപോക്കുകള്‍ പറഞ്ഞുരസിക്കുന്നതില്‍ കൗതുകത്തോടു കൂടിയവനായി അടുത്തുവന്നു കൂടിനില്‍ക്കുന്ന പശുക്കളെ ഒരു കൈകൊണ്ട് ചൊറിഞ്ഞുകൊടുത്ത് തടവിക്കൊണ്ടും നില്ക്കവെ ഗോപന്മാരെല്ലാവരും അത്യധികം സന്തോഷിച്ചു.
അതിമഹാന്‍ ഗിരിരേഷ വാമകേ കരസരോരുഹി തം ധരതേ ചിരം
കിമിദമദ്ഭുതമദ്രിബലം ന്വിതി ത്വദവലോകിഭിരാകഥി ഗോപകൈഃ ||6 ||
ഈ പര്‍വ്വതം വളരെ വലിയതാണ്; എന്നിട്ടും ഇവന്‍ അതിനെ ഇടത്തെ കരപങ്കജത്തില്‍ വളരെ നേരമായി ധരിച്ചുകൊണ്ടിരിക്കുന്നുവല്ലൊ! ഇതെന്തൊരാശ്ചര്‍യ്യമാണ് ! ഈ പര്‍വ്വതത്തിന്റെ ശക്തികൊണ്ടുതന്നെയായിരിക്കുമോ (ഉയര്‍ന്നു നില്ക്കുന്നതു?) എന്നിങ്ങിനെ നിന്തിരുവടിയെ നോക്കിശ്രദ്ധിച്ചുകൊണ്ടിരുന്ന ഗോപന്മാരാല്‍ അഭിപ്രായപ്പെടപ്പെട്ടു.
അഹഹ ധാര്‍ഷ്ട്യമമുഷ്യ വടോര്‍ഗ്ഗിരിം
വ്യഥിതബാഹുരസാവവരോപയേത്
ഇതി ഹരിസ്ത്വയി ബദ്ധവിഗര്‍ഹണോ
ദിവസ സപ്തകമുഗ്രമവര്‍ഷയത് || 7 ||
ഈ കന്നുകാലിചെറുക്കന്റെ ധിക്കാരം കേമംതന്നെ! ഇവന്‍ കൈ കുഴയുമ്പോള്‍ പര്‍വ്വതത്തെ താഴെ വെക്കും എന്നിങ്ങിനെ വിചാരിച്ച് ദേവേന്ദ്രന്‍ അങ്ങയെ നിന്ദിച്ചുകൊണ്ട് ഏഴു ദിവസങ്ങള്‍ മുഴുവനും അതികഠിനമായി മഴ പെയ്യിച്ചു.
അചലതി ത്വയി ദേവ ! പദാത്പദം
ഗളിത സര്‍വ്വജലേ ച ഘനോത്കരേ
അപഹൃതേ മരുതാ, മരുതാം പതിഃ
ത്വദഭിശങ്കിത-ധീഃസമുപാദ്രവത് || 8 ||
ഭഗവാനേ! നിന്തിരുവടി വെച്ചകാല്‍ ഇളക്കാതെയും കാര്‍മ്മേഘസമൂഹം വെള്ളമെല്ലാം പെയ്തൊഴിഞ്ഞ് കാറ്റിനാല്‍ അകറ്റപ്പെടുകയും ചെയ്യവേ ദേവേന്ദ്രന്‍ നിന്തിരുവടിയിലുണ്ടായ ശങ്കയോടുകൂടിയവനായി തന്റെ ഉദ്ദേശത്തില്‍ നിന്നു ഒഴിഞ്ഞുമാറി.
ശമമുപേയുഷി വര്‍ഷഭരേ തദാ
പശുപധേനുകുലേ ച വിനിര്‍ഗ്ഗതേ
ഭുവി വിഭോ സമുപാഹിത ഭുധരഃ
പ്രമുദിതൈഃ പശുപൈഃ പരിരേഭിഷേ || 9 ||
ആ സമയം വര്‍ഷാധിക്യം അടങ്ങുകയും ഗോപന്മാരും പശുക്കളും പുറത്തേക്കുവരികയും ചെയ്തപ്പോള്‍, ഹേ പ്രഭോ ! ഭൂതലത്തില്‍ യഥാസ്ഥാനം ഗോവര്‍ദ്ധനത്തെ ഇറക്കിവെച്ച നിന്തിരുവടി സന്തുഷ്ടരായ ഗോപന്മാരാല്‍ ആലിംഗനം ചെയ്യപ്പെട്ടു.
ധരണിമേവ പുരാ ധൃതവനാസി
ക്ഷിതിധരോദ്ധരണേ തവ കഃശ്രമഃ?
ഇതി നുതസ്ത്രിദശൈഃ കമലാപതേ !
ഗുരുപുരാലയ ! പാലയ മാം ഗദാത് || 10 ||
ലക്ഷ്മീകാന്ത! ഗുരുവായൂരപ്പ! മുമ്പു നിന്തിരുവടി ഭൂമിയെതന്നെ ധരിച്ചിട്ടുണ്ട്. നിന്തിരുവടിക്കു ഒരു മലയെടുത്തു പൊന്തിക്കുവാന്‍ എന്താണ് പ്രയാസം? എന്നിങ്ങിനെ ദേവന്മാരാല്‍ സ്തുതിക്കപ്പെട്ട നിന്തിരുവടി എന്നെ രോഗത്തില്‍നിന്നു രക്ഷിക്കേണമെ.
ഗോവര്‍ദ്ധാരണവര്‍ണ്ണനം എന്ന അറുപത്തിമൂന്നാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 648
വൃത്തം. 1-5 മാലീനി 6-10 ദ്രുതവിളംബിതം.
നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.