ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്. ജീവന്മുക്തന്മാരായ ജ്ഞാനികള്‍ക്ക് ആകാശസഞ്ചാരം തുടങ്ങിയ സിദ്ധികള്‍ സുലഭങ്ങളായി കാണാത്തതെന്തുകൊണ്ടാണ് എന്ന്. അതിനു മറുപടി പറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ഹേ രാമചന്ദ്ര! ജീവന്മുക്തിയോ ജ്ഞാനമോ ഒന്നുമില്ലാത്ത പലര്‍ക്കും കാലം, കര്‍മ്മം, മന്ത്രം, ദ്രവ്യം എന്നിവയുടെ സാഹചര്യംകൊണ്ടുണ്ടായാലും അവയൊന്നും ആത്മജ്ഞാനത്തിനോ ജീവന്മുക്തിക്കോ അല്പംപോലും ഉപകരിക്കില്ല. സംസാരത്തിന്റെ എല്ലാ ഘടകങ്ങളില്‍ നിന്നും നിവര്‍ത്തിക്കലും സംസാരംതന്നെ വിസ്മരിക്കപ്പെടലുമാണല്ലോ ജീവന്മുക്തി. എന്നാല്‍ സിദ്ധികളാകട്ടെ സംസാരത്തിന്റെ തന്നെ ചില ഘടകങ്ങളെ അനുഭവിക്കലുമാണ്. ആ സ്ഥിതിക്ക് ജീവന്മുക്തനും ആകാശഗമനാദിസിദ്ധികളും തമ്മില്‍ എങ്ങനെ ബന്ധമുണ്ടാവും? ആവശ്യമാണെങ്കില്‍ ജ്ഞാനിക്കും സിദ്ധികളുണ്ടാവും. പക്ഷേ ജ്ഞാനിക്കു യാതൊരുവിധ ആഗ്രഹവുമില്ല. പിന്നെ ജ്ഞാനികളെന്തിനാണ് സിദ്ധികള്‍ക്കുവേണ്ടി പ്രയത്നിക്കുന്നത്? അവര്‍ക്കൊരാവശ്യവുമില്ല. അതിനാല്‍ അവര്‍ സിദ്ധികള്‍ക്കു വേണ്ടി പ്രയത്നിക്കാറും ഇല്ല.
ഇത്രയും കേട്ട ശ്രീരാമചന്ദ്രന്‍ യോഗികള്‍ക്കു ജ്ഞാനികളേക്കാള്‍ കൂടുതല്‍ ദീര്‍ഗ്ഗായുസ്സുണ്ടാവാറുണ്ടോ, ഉണ്ടെങ്കില്‍ അതിനെന്താണ് കാരണമെന്നു ചോദിച്ചു. അതിനും മറുപടി പറഞ്ഞു വസിഷ്ഠമഹര്‍ഷി. പ്രാണചലനം കൊണ്ടാണ് ശരീരത്തിന് കേടുപാടുകളും പരിണാമങ്ങളും ആയുസ്സിന് ക്ഷയവും സംഭവിക്കുന്നത്. പ്രാണഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്നപക്ഷം ശരീരത്തെ ചിരകാലം അരോഗദൃഢമാക്കി വച്ചുകൊണ്ടിരിക്കാനും ആയുസ്സിനെ വളരെക്കാലം നിലനിര്‍ത്താനും കഴിയും. അതാണ് യോഗികള്‍ ചെയ്യുന്നത്. അതുകൊണ്ട് ജീവിതത്തെ കുറേയധികകാലം നീട്ടിക്കൊണ്ടുപോവാന്‍ അവര്‍ക്കു സാധിക്കും. എന്നാല്‍ ജ്ഞാനിക്കു താന്‍ ബ്രഹ്മമാണെന്നും തനിക്കു ജനനമരണങ്ങളില്ലെന്നുമുള്ള ബോധം ദൃഢപ്പെടുന്നതിനാല്‍ ശരീരത്തെപ്പറ്റി ചിന്തയേയില്ല. ശരീരം നിലനിന്നാലും ഇല്ലെങ്കിലും ജ്ഞാനിക്കൊരുപോലെയാണ്. മിക്കപ്പോഴും അദ്ദേഹം ശരീരത്തെ അറിയുകപോലും ചെയ്യുന്നില്ല. അതിനാല്‍ ജ്ഞാനിക്കു ശരീരം നിലനില്‍കണമെന്ന ഇച്ഛയോ അതിനുവേണ്ടിയുള്ള പ്രയത്നമോ ഉണ്ടാവാന്‍ വയ്യ. ശരീരസംബന്ധം ദുഃഖഹേതുവാണെന്നറിഞ്ഞ ഒരാള്‍ വീണ്ടും ശരീരം നില്ക്കണമെന്നാഗ്രഹിക്കകുയും അതിനുവേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുവെങ്കില്‍ അതു കേവലം മൂഢതയല്ലാതെ മറ്റെന്താണ്? അങ്ങനെയുള്ള മൗഢ്യം ജ്ഞാനികള്‍ക്കുണ്ടാവില്ല. യോഗിയും ജ്ഞാനിയും ജ്ഞാനസമ്പന്നനായിത്തീരുമ്പോള്‍ ശരീരം നിലനില്ക്കണമെന്ന ഇച്ഛയില്ലാതായിത്തീരുകയും ശരീരത്തെ മറക്കുകയും ചെയ്യും.
ഇരുപത്തൊന്നായിരത്തിയറുനൂറ് (21600) ശ്വാസഭുക്തിയെയാണ് ഒരു ദവിസത്തെ ആയുസ്സെന്നു പറയുന്നത്. ആദിത്യന്റെ ഉദയാസ്തമനങ്ങള്‍ എത്ര പ്രാവശ്യം കഴിഞ്ഞാലും ഒരാളുടെ ശ്വാസഭുക്തി മേല്പറഞ്ഞ സംഖ്യ തികഞ്ഞിട്ടില്ലെങ്കില്‍ അയാളുടെ ആയുസ്സിന്റെ ഒരു ദിവസം കഴിഞ്ഞിട്ടല്ലെന്നാണര്‍ത്ഥം. അതുപോലെ ഒരു ദിവസം മുന്‍പുപറഞ്ഞ സംഖ്യയില്‍ അധികരിച്ച ശ്വാസഭുക്തിയെ അനുഭവിക്കുന്നു എന്നും അര്‍ത്ഥമാണ്. സാഹസങ്ങളായ കര്‍മ്മങ്ങളെക്കൊണ്ടും മറ്റും ശ്വാസഭുക്തിയുടെ തോതുവര്‍ദ്ധിപ്പിക്കുന്നവരുടെ ആയുസ്സു വളരെ വേഗത്തില്‍ ക്ഷയിക്കുന്നു. യോഗികള്‍ അഭ്യാസംകൊണ്ടു പ്രാണചലനത്തെ മന്ദമാക്കുകയും കേവലം സ്തംഭിപ്പിക്കുകകൂടിയും ചെയ്യുന്നു. അതിനാല്‍ എത്രകാലം കഴിഞ്ഞാലും അവരുടെ ആയുസ്സു ക്ഷയിക്കുകയോ ശരീരം ജീര്‍ണ്ണിക്കുകയോ ചെയ്യാതെയുമിരിക്കുന്നു. അങ്ങനെ ശ്വസചലനത്തെ മന്ദമാക്കിത്തീര്‍ക്കുന്നവര്‍ക്ക് ഒക്കെത്തന്നെയും ആയുസ്സു വര്‍ദ്ധിക്കുകയും വളരെക്കാലം ശരീരം ആരോഗ്യത്തോടുകൂടി നിലനില്‍ക്കുകയും ചെയ്യും. എന്നാല്‍ ജ്ഞാനികള്‍ക്ക് ഈവക വിഷയത്തില്‍ ചിന്തതന്നെയില്ലെന്ന കാരണത്താല്‍ അവരുടെ ശരീരം എത്രക്കാലം നിലനില്ക്കുമെന്നോ, എപ്പോള്‍ നശിക്കുമെന്നോ ആര്‍ക്കും അറിയാന്‍ സാധ്യമല്ല.
ചിത്തനാശത്തിന്റെ സ്വഭാവത്തെക്കുറിച്ചു ചോദിച്ചു അനന്തരം രാമചന്ദ്രന്‍. അതിന്റെ മറുപടി പറയുകയാണ് വസിഷ്ഠമഹര്‍ഷി, രണ്ടുപ്രകാരത്തിലാണ് ചിത്തനാശമെന്നു പറയപ്പെട്ടുവരുന്നു. അവയ്ക്കു സ്വരൂപനാശമെന്നും അരൂപനാശമെന്നുമാണ് അറിവുള്ളവര്‍ പേരിട്ടിരിക്കുന്നത്. ജീവന്മുക്തനില്‍ ചിത്തത്തിന്റെ സ്വരൂപനാശവും വിദേഹമുക്തനില്‍ അരൂപനാശവും സംഭവിക്കുന്നു. സ്വരൂപനാശം സംഭവിച്ചുകഴിയുമ്പോള്‍ ചിത്തത്തിന്റെ സ്വഭാവികങ്ങളായ ദോഷങ്ങളെല്ലാംതന്നെ നീങ്ങും. മൈത്രി, സമത തുടങ്ങിയ ദിവ്യഭാവങ്ങള്‍ പ്രകാശിക്കുകയും ചെയ്യും. അപ്പോള്‍ ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ചിത്തമില്ലാതായി. സത്വമെന്നാണ് അപ്പോഴുള്ള അന്തശ്ശക്തിയെ പറയുന്നത്. അരൂപനാശം സംഭവിക്കുമ്പോള്‍ ഒന്നിന്റെയും ഒരു പ്രകാരത്തിലുള്ള പ്രതീതിയും ഇല്ലാതാവുകയും ചെയ്യും. ഇരുട്ടോ വെളിച്ചമോ സുഖമോ ദുഃഖമോ എന്നുവേണ്ട ഏതുരൂപത്തിലുള്ളതെന്നു പറയാവുന്നതായി ഒരനുഭവമില്ലാതായിത്തീരും. അതുതന്നെ വസ്തുസ്വതൂരപം.
വീണ്ടും ശ്രീരാമചന്ദ്രന്‍ ചോദിക്കയാണ്, ഈ സംസാരത്തിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന്. അതിനും മറുപടിപറയാന്‍ തുടങ്ങി വസിഷ്ഠമഹര്‍ഷി. ശരീരംതന്നെയാണ് സംസാരത്തിന് ഹേതുവെന്നു പറയണം. നന്മയും തിന്മയും നിറഞ്ഞ സംസാരാനുഭവങ്ങളുടെ ബീജം ശരീരത്തില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരമുള്ളിടത്തോളം കാലം സംസാരം നിലനില്‍ക്കുകതന്നെ ചെയ്യും. ശരീരം ഉണ്ടാവാനും നിലനില്ക്കാനും ഹേതു ചിത്തമാണെന്നും പറയണം. വാസ്തവത്തില്‍ ശരീരം ഉള്ളതെന്നോ ഇല്ലാത്തതെന്നോ പറയാന്‍ വയ്യ. ചിലപ്പോള്‍ ഉള്ളതും മറ്റും ചിലപ്പോള്‍ ഇല്ലാത്തതുമായിത്തീരും. അതു കാരണത്താല്‍ ശരീരത്തിന്റെ സ്ഥിരമായ പ്രകൃതിയെന്താണെന്നുതന്നെ പറയാന്‍ വയ്യ. അതിനാല്‍ സദാ സദ്രൂപമാണ് ശരീരമെന്നാണ് അറിവുള്ളവരൊക്കെ പറഞ്ഞുവരുന്നത്. അങ്ങനെയുള്ള ശരീരത്തിന്റെ ഉല്പത്തിക്കും നിലനില്പിനും ലയത്തിനുമെല്ലാം ഏകഹേതു ചിത്തം മാത്രമാണ്. ചിത്തത്തിനാകട്ടെ പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാണ് ഹേതു. പ്രാണന്‍ നാഡികളില്‍ പ്രവേശിച്ചു സ്പന്ദനം ചെയ്താല്‍ താമസമില്ല ചിത്ത് പ്രക്ഷുബ്ധമായിത്തീരും. ചിത്തത്തിന്റെ പ്രക്ഷുബ്ധാവസ്ഥതന്നെ ഒരു പ്രകാരത്തില്‍ പറയുമ്പോള്‍ ചിത്തം. ചിത്താകാരേണ പ്രക്ഷുബ്ധമായ ചിത്തുതന്നെയാണ് വാസനാസമ്പര്‍ക്കംകൊണ്ട് ഘനീഭൂതമായി സങ്കല്പങ്ങളും ചേത്യങ്ങള്‍ അല്ലെങ്കില്‍ ദൃശ്യങ്ങളുമായിത്തീരുന്നത്. സങ്കല്പങ്ങളും ദൃശ്യങ്ങളുമായി ഘനീഭവിക്കുമ്പോള്‍ ബഹിര്‍വൃത്തിയുമായിത്തീരും. പുറമേയ്ക്കു നിര്‍ഗ്ഗമിക്കാന്‍ സമ്മതിക്കാതെ അകത്തു തടഞ്ഞുവെയ്ക്കാന്‍ കഴിഞ്ഞാല്‍തന്നെ കാലംകൊണ്ട് ചേത്യഭാവത്തെ വിട്ടു ക്രമേണ വസ്തുസ്വരൂപത്താല്‍ വിലയം പ്രാപിക്കും.
പ്രാണസ്പന്ദനവും വാസനാപ്രവാഹവുമാകുന്ന രണ്ടനുഭവങ്ങളാണ് ചിത്തത്തിന്റെ ഉല്‍പ്പത്തിക്കും നിലനില്പിന്നും ഹേതുവെന്നു പറഞ്ഞുവല്ലോ. മുദ്രാധാരണം, പ്രാണായാമം, ധ്യാനം തുടങ്ങിയ യോഗാഭ്യാസങ്ങളെക്കൊണ്ടും പ്രാണസ്പന്ദവും ശ്രവണമനനനിദിദ്ധ്യാസങ്ങളാകുന്ന ജ്ഞാനാഭ്യാസങ്ങളെക്കൊണ്ടും വാസനാപ്രവാഹവും അടങ്ങും. അവ രണ്ടും അടങ്ങിയാല്‍ ചിത്തംതന്നെ ഇല്ലാതായെന്നു പറയണം. ചിത്തത്തിനുഹേതുഭൂതങ്ങളായ രണ്ടു കാരണങ്ങള്‍ പ്രബലങ്ങളായിട്ടുള്ളതുകൊണ്ടും അവ രണ്ടും ഓരേ സമയത്തുതന്നെ ഫലപ്രദമാംവണ്ണം തടയേണ്ടതാവശ്യമായിട്ടുള്ളതുകൊണ്ടുമാണ് ജ്ഞാനമോ യോഗമോ ഏതെങ്കിലും ഒന്നു പോര രണ്ടും ഉണ്ടായിരിക്കുന്നതാണ് സാധകനു ലക്ഷ്യപ്രാപ്തിക്കാനുകൂല്യമെന്നു പറയാനും കാരണം. യോഗമോ, ജ്ഞാനമോ ഏതെങ്കിലും ഒന്നിനെമാത്രമാണ് സാധകന്‍ ആശ്രയിക്കുന്നതെന്നു വന്നാല്‍ ലക്ഷ്യപ്രാപ്തിക്കു കാലതാമസം നേരിടുമെന്നതു നിസ്സംശയവുമാണ്.
ജാഡ്യവും ദൃശ്യബോധവുമറ്റ ചിത്തം ചിത്തമേ അല്ല. കേവലം ആത്മാവുതന്നെ. അതിനാല്‍ ആ സംസ്ക്കാരം ഉണ്ടാക്കിത്തീര്‍ക്കാനാണ് പരിശ്രമിക്കേണ്ടത്. അതു സാധിച്ചുകഴിഞ്ഞാല്‍ നീ വസ്തുസ്വരൂപനായി. ഹേ രാമചന്ദ്ര! യോഗം കൊണ്ടോ , ജ്ഞാനംകൊണ്ടോ എന്തുകൊണ്ടെങ്കിലും യുക്തിയോടുകൂടുംവണ്ണം പ്രവര്‍ത്തിച്ച് ആ നില കൈവരുത്താന്‍ ശ്രമിക്കലാണാവശ്യം. എന്നുപറഞ്ഞ വസിഷ്ഠമഹര്‍ഷിയോടു ജാഡ്യവും ദൃശ്യബോധവുമില്ലാത്ത സംവിത്ത് എങ്ങിനെയുള്ളതാണ്, അതെങ്ങിനെ സംഭവിക്കുന്നുവെന്നു വീണ്ടും ചോദിച്ചു ശ്രീരാമചന്ദ്രന്‍. വസിഷ്ഠമഹര്‍ഷി പ്രസ്തുത ചോദ്യത്തിന്നു മറുപടി പറകയാണ്. ലക്ഷ്യവസ്തുവാകുന്ന ആത്മസ്വരൂപത്തിന് നാനാത്വമെന്നും ഏകത്വമെന്നും രണ്ടു രൂപങ്ങളുണ്ട്. ഞാന്‍, നീ, അവന്‍, അത്, ഘടം, പടം എന്നീ രൂപത്തിലറിയപ്പെടുന്നത് ആത്മാവിനെത്തന്നെയാണ്. എന്നിരുന്നാലും നാനാത്വസ്വരൂപത്തിലാണ്. നിര്‍മ്മലമായ ജലാശയത്തില്‍ തീരസ്ഥങ്ങളായ വൃക്ഷങ്ങള്‍ എപ്രകാരം പ്രതിബിംബിക്കുന്നുവോ. അതുപോലെ നിര്‍മ്മലവും അദ്വൈതവുമായ ചൈതന്യത്തില്‍ പ്രതിബിംബിച്ച വൃത്തികള്‍തന്നെ. ദൃശ്യാകാരമായിത്തീര്‍ന്ന സംവിത്തിനെത്തന്നെയാണ് സംവേദ്യമെന്നു പറയുന്നത്. സംവേദ്യത്തില്‍ നിന്നു വാസനകളും പ്രാണസ്പന്ദവുമുണ്ടാവുന്നു. വാസനാപ്രവാഹമാണ് ജാഡ്യത്തിന് ഹേതു. വാസനാപ്രവാഹവും പ്രാണസ്പന്ദവും രണ്ടും അടങ്ങിയാല്‍ കേവലം വസ്തുസ്വരൂപനായി. വസ്തുബോധംകൊണ്ടും നിരന്തരാഭ്യാസംകൊണ്ടും രണ്ടു അടങ്ങുകയും ചെയ്യും. അതിനാല്‍ എപ്പോഴും അഭ്യാസശീലനായിരിക്കുന്നതാവശ്യമാണ്.
വാസനാത്യാഗം, പ്രാണസ്തംഭനം, ചിത്തവിലയം ഇവ മൂന്നും അന്യോന്യം ആധാരധേയസ്വരൂപേണ ആശ്രയിച്ചിരിക്കുന്നവയാണ്. അവ മൂന്നും ഒരേ സമയത്തു സംഭവിക്കലല്ലാതെ ഒന്നിന്നുശേഷം മറ്റൊന്നെന്ന രൂപത്തില്‍ സംഭവിക്കാവുന്നവയല്ല. അതിനാല്‍ അവ മൂന്നും ഓരോ സമയത്തു സംഭവിക്കാവന്നവയല്ല. അതിനാല്‍ അവ മൂന്നും ഒരേ സമയത്തു സംഭവിക്കത്തക്ക നിലയിലുള്ള അഭ്യാസമാണ് ഒരാളെപ്പോഴും ചെയ്യേണ്ടത്. ദൃശ്യത്തില്‍ നിന്നു പ്രജ്ഞയെ ബലാല്‍ക്കാരേണ വലിച്ചെടുക്കലാണ് ആദ്യംതന്നെ സാധിക്കേണ്ടത്. എപ്പോഴും ദൃശ്യങ്ങള്‍ ചിത്തത്തില്‍ പൊന്തിക്കൊണ്ടിരിക്കുന്ന ഒരാള്‍ക്കു് കാലംകൊണ്ടും വാസനാപ്രവാഹത്തെ തടുക്കാന്‍ കഴിയില്ല. അതിനാല്‍ ആദ്യംതന്നെ ചിത്തത്തില്‍ ദൃശ്യസ്ഫുരണം ഇല്ലാതാക്കിത്തീര്‍ക്കണം. സംവേദ്യത്തെ നീക്കി സംവിത്തിനെ എപ്പോഴും മനനവും ഉപാസനവും ചെയ്തുകൊണ്ടിരിക്കണം. പ്രാണസ്പന്ദനവും വാസനാപ്രവാഹവും അടങ്ങി ചിത്തം വിലയിച്ചതായ നിലയില്‍ ഒരു നിമിഷം കിട്ടുന്നുവെന്നു വന്നാല്‍ അവന്‍ കേവലം സത്താമത്രസ്വരൂപനാണ്. സത്താമത്രനായി ഒരു നിമിഷമെങ്കിലും ഇരിക്കാന്‍ കഴിഞ്ഞാല്‍ ചിത്തം ഉപശമത്തെ പ്രാപിക്കുകയും ചെയ്യും.
ചിത്തത്തിന് ഉപശാന്തി കിട്ടാതിരിക്കുംകാലത്തോളം പട്ടണമദ്ധ്യത്തിലെത്തിപ്പെട്ട മാന്‍കുട്ടിയെന്നപോലെ ഭയപരിഭ്രമങ്ങളെക്കൊണ്ടും മറ്റു ചിത്തദോഷങ്ങളെക്കൊണ്ടും എപ്പോഴും ആര്‍ത്തനായിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനാല്‍ എത്രയൊക്കെ സാഹസപ്പെട്ടിട്ടും ചിത്തത്തെ ഉപശാന്തമാക്കി സത്താമാത്രനായിരിക്കാന്‍ ശ്രമിക്കണം. വാസനകളുടെ ഒഴുക്കുമാത്രമാണ് ദുഃഖത്തിന് ഹേതു. വാസനകള്‍ നീങ്ങി ശാന്തമായ ചിത്തത്തിന് നിര്‍വൃതിയല്ലാതെ മറ്റൊന്നുംതന്നെ ഉണ്ടാവാന്‍ വയ്യ. ഉപശാന്തിയെ പ്രാപിക്കാത്ത ചിത്തം തപസ്സ്, യാഗം, ഹോമം തുടങ്ങിയ കര്‍മ്മങ്ങളില്‍ ഭ്രമിച്ച് എപ്പോഴും കര്‍മ്മപ്രസക്തമായിരിക്കും. കര്‍മ്മപ്രസക്തി കുടുംതോറും ദുഃഖവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അതിനാല്‍ ചിത്തത്തിന്റെ സംവേദ്യഭാവത്തെയും വാസനാത്മകതയെയും ബലാല്‍ക്കാരേണ നീക്കി എപ്പോഴും സത്താമാത്രസ്വരൂപത്തെ ഉപാസിച്ചുകൊണ്ടിരിക്കണം. അങ്ങനെയുള്ള അഭ്യാസം ചിലപ്പോഴോ, അല്ലെങ്കില്‍ ദിവസത്തില്‍ കുറച്ചു സമയമോ അല്ല; എല്ലാ സമയത്തും ചെയ്തുകൊണ്ടിരിക്കണം. ഇരിക്കുമ്പോഴും നടക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമെന്നുവേണ്ട മുറിവില്ലാതെ എപ്പോഴും ചെയ്തുകൊണ്ടിരിക്കയാണ് വേണ്ടത്. എങ്കിലും കാലം കൊണ്ടെങ്കിലും കേവലാവസ്ഥയില്‍ അവസ്ഥിതിയും ദൃഢതയും കൈവരൂ.
ശരിയായ വിചാരംകൊണ്ട് വസ്തുസ്വരൂപത്തെ അറിഞ്ഞ് തന്റെ ചിത്തത്തെ നിഗ്രഹിച്ചവര്‍ ധന്യനും ജന്മസാഫല്യം കൈവന്നവനുമാണ്. എല്ലാറ്റിലുമേറെ അപകടം പിടിച്ച ഒന്നാണ് ചിത്തം വിഷയങ്ങളോടു പറ്റിക്കൂടിക്കൊണ്ടിരിക്കുന്നുവെന്നത്. അതിനെയാണ് സംഗമമെന്നു പറയുന്നത്. അതു ഹേതുവായിട്ടാണ് രാഗദ്വേഷങ്ങളും മദമത്സരങ്ങളും മറ്റുമാകുന്ന വികാരങ്ങള്‍ വളരുകയും ജീവന്‍ അവയാല്‍ വിട്ടുമാറാന്‍ വയ്യാത്ത നിലയില്‍ കെട്ടപ്പെടുകയും ചെയ്യുന്നത്. നന്മയും തിന്മയും സുഖവും ദുഃഖവുമെല്ലാം ചിത്തത്തിന്റെ വെറും സങ്കല്പങ്ങള്‍ മാത്രമാണ്. അവയെ വിഷയങ്ങളില്‍ ആരോപിച്ചിട്ടാണ് സംഗത്തെ വളര്‍ത്തുന്നത്. അര്‍ത്ഥങ്ങള്‍ക്കും, ആശകള്‍ക്കും, ആപത്തുകള്‍ക്കും കാരണം സംഗം മാത്രം. എല്ലാം സംഗം ഹേതുവായിട്ടുണ്ടാവുന്നവയാണ്. അതിനാല്‍ ഹേ രാമചന്ദ്ര! നീ സംഗത്തെ ആദ്യംതന്നെ നിശ്ശേഷം അകറ്റി സൗമ്യബുദ്ധിയെ വളര്‍ത്തു. എന്നാല്‍ ക്രമേണ മറ്റെല്ലാം കാലംകൊണ്ടു വന്നുചേര്‍ന്നോളും. ഇവിടെയാണ് ഉപശമ പ്രകരണം അവസാനിക്കുന്നത്.
സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.