വസിഷ്ഠമഹര്‍ഷി വീണ്ടും പറയാന്‍ തുടങ്ങി. ഹേ രാമചന്ദ്ര! കാലദേശങ്ങളാല്‍ പരിച്ഛേദിക്കപ്പെടാതെ അപരിച്ഛിന്നമായി എങ്ങും നിറഞ്ഞതും, ക്ഷയവൃദ്ധികളില്ലാതെ നിത്യസത്യവും, ഗുണബാധയില്ലാത്തതിനാല്‍ പ്രശാന്തവും, ആദ്യന്തരഹിതവും, ചിന്മാത്രവും, യാതൊരു കലനകളുമില്ലാത്തതിനാല്‍ കേവലവുമായ പരബ്രഹ്മംതന്നെ ഞാന്‍. എന്നില്‍ നിന്ന്യമായിട്ടൊന്നുംതന്നെയില്ല എന്നുള്ള നിശ്ചയത്തെ ഉറപ്പിച്ചു സംസാരത്തിന്റെ ചിന്തതന്നെയില്ലാതെ എല്ലാകാരണങ്ങളേയും നിശ്ചലങ്ങളാക്കി മൗനിയും മഹാനുമായി വര്‍ത്തിക്കൂ. ആ ദശയില്‍ നിനക്കു സുഖിക്കാന്‍ മറ്റൊന്നിന്റെയും ആവശ്യമില്ലാതായിത്തീരും. നീ ആത്മാവില്‍ ആത്മാവിനെക്കൊണ്ടു സുഖിയും അതിനാല്‍ ആത്മാരാമനുമായിത്തീരും.

ചിത്തം, മനസ്സ്, അവിദ്യ, ജീവന്‍ എന്നൊക്കെപ്പറയുന്നത് ഒരേ വസ്തുവിനെത്തന്നെയാണ്. ഏതുവരെ ചിത്തകല്പന നിലനിന്നുകൊണ്ടിരിക്കുന്നുവോ, അതുവരെയാണ് ബ്രഹ്മഭാവനയും, അ‍ജ്ഞാനകലനയും, പ്രപഞ്ചത്തില്‍ ആസ്ഥയുമെല്ലാമുണ്ടാവുന്നത്. ചിത്തലകല്പന നീങ്ങിക്കഴിഞ്ഞാല്‍ പിന്നെ അവയ്ക്കൊന്നും യാതൊരു സ്ഥാനവുമില്ല. ശരിയായ വസ്തുബോധത്തില്‍ ചിത്തലകല്പന നിലനില്‍ക്കാനും വയ്യ. അതിനാല്‍ ശരിയായ വസ്തുബോധം തന്നെ സംസാരനിവൃത്തിക്കുള്ള ഒരേയൊരു മാര്‍ഗ്ഗം. അപാരവും അനന്തവും അഗാധവുമായ സമുദ്രമെന്നപോലെ എങ്ങും നിറഞ്ഞുപരന്ന് സത്താമാത്രമായി വിളങ്ങുന്ന ബ്രഹ്മചൈതന്യത്തിന്റെ ഏതോ ഒരു കോണില്‍ ആത്മവിസ്മൃതിയാല്‍ സ്ഫുരിച്ച അവിദ്യാവിജൃംഭണമാകുന്ന ശരീരത്തില്‍ ഞാനെന്നും എന്റേതെന്നുമുള്ള തോന്നലും അഭിമാനവും തന്നെ സംസാരഹേതു. ശരിയായ വസ്തുബോധമുണ്ടാവുമ്പോള്‍ മുന്‍പറയപ്പെട്ട ഭ്രാന്തികല്പനം നിലനില്ക്കാന്‍ വയ്യ.

ശരീരത്തില്‍ അഭിമാനവും ദൃശ്യത്തില്‍ സത്യബുദ്ധിയും ചിത്തമാകുന്ന അവിദ്യയ്ക്കു പിടിച്ചുനില്ക്കാനുള്ള രണ്ടു സ്തംഭങ്ങളാണ്. അവയുള്ളേടത്തോളംകാലം അവിദ്യ നശിക്കുന്നുവെങ്കില്‍ അവന്റെ സംസാരഭ്രാന്തി അതോടെ അവസാനിക്കും. ശരിയായ വസ്തുബോധമാകുന്ന ജ്ഞാനം ജഗദ്വിഭ്രാന്തിയാകുന്ന ചണ്ടിക്കൂട്ടങ്ങള്‍ക്കു കൊടുംതീ തന്നെയാണ്. അഖണ്ഡവും സച്ചിദാനന്ദലക്ഷണാകരവുമായ ബ്രഹ്മമാണ് ഞാന്‍. എന്നില്‍ നിന്നന്യമായി ഒന്നു തന്നെയുണ്ടായിട്ടില്ല. കയറില്‍ പാമ്പെന്നപോലെ എന്നില്‍ത്തന്നെ തോന്നപ്പെടുന്നവയാണ് ശരീരാദിദൃശ്യങ്ങളെല്ല‍ാം എന്നുറപ്പിച്ച് എപ്പോഴും ദൃശ്യങ്ങളെ വിസ്മരിച്ചു ബ്രഹ്മായിത്തന്നെ വര്‍ത്തിക്കൂ. അങ്ങനെ സാധിച്ചാല്‍ നീ ധന്യധന്യനും മഹാനുമായി.

അപാരവും അനന്തവും അപരിച്ഛിന്നവുമായ ആത്മസ്വരൂപത്തില്‍ അല്പമായ അംശത്തെ മാത്രം ഞാനെന്നഭിമാനിക്കാനിടയായതു ശരീരാദ്യുപാധികളുടെ ചേര്‍ച്ചകൊണ്ടാണ്. സ്വതവേയുള്ള സര്‍വ്വജ്ഞത്വം, സര്‍വ്വശക്തത്വം തുടങ്ങിയ ഗുണങ്ങള്‍ മറഞ്ഞ് അല്പനും അജ്ഞനുമായിത്തീര്‍ന്നതും അതേകാരണം കൊണ്ടുതന്നെയാണ്. തന്നില്‍ നിന്നന്യമായി മറ്റൊന്നില്ലാതെ താന്‍ കേവലം അദ്വൈതനായിരിക്കേ ഇല്ലാത്ത നാനാത്വങ്ങളെ കല്പിച്ചുണ്ടാക്കി അവയിലൊക്കെ സത്യബുദ്ധിയെ വളര്‍ത്തുന്നതും തന്റെ സ്വരൂപവിസ്മൃതി കൊണ്ടുമാത്രമാണ്. കൊല്ലാന്‍ വരുന്ന ശത്രുവിലും സല്‍ക്കരിക്കുന്ന ബന്ധുവിലും കൂടി ഭേദബുദ്ധിയുണ്ടാവില്ല. സ്വരൂപജഞാനത്തില്‍ ദൃഢത വന്ന മഹാത്മാവിന് ഭേദബുദ്ധികൊണ്ടാണ് രാഗദ്വേഷങ്ങളും മദമത്സരങ്ങളുമെല്ലാമുണ്ടാവുന്നത്. ഭേദബുദ്ധി നശിച്ച് അദ്വൈതാനുഭൂതി പ്രകാശിച്ച ഒരാള്‍ക്ക് ആനന്ദമല്ലാതെ മറ്റൊരു ഭാവവും എപ്പോഴുമുണ്ടാവുന്നില്ല.

ഹേ രാമ! ആദ്ധ്യാത്മശാസ്ത്രത്തെ പഠിക്കാതെയും സ്വസ്വരൂപത്തെ അറിയാതെയും കഴിയുന്നവരെ വിശേഷബുദ്ധിയുള്ള മനുഷ്യരെന്നു പറയാന്‍തന്നെ വയ്യാത്തതാണ്. എന്തു കൊണ്ടെന്നാല്‍ അവര്‍ ആയുസ്സിനെ വെറുതെ ദുരുപയോഗപ്പെടുത്തിക്കളയുകയാണ്. ജീവിതംകൊണ്ടെന്താണ് സാധിക്കേണ്ടതെന്നുപോലും അവര്‍ ചിന്തിച്ചിട്ടില്ല. വാസ്തവത്തില്‍ എല്ലാവരിലും അഖണ്ഡമായ ആത്മബോധനമുണ്ട്. എന്നാല്‍ അവിദ്യകൊണ്ടതു മറയപ്പെട്ടിരിക്കയാണ്. അവിദ്യയെ നീക്കാന്‍ പരിശ്രമം വേണം. നേര്‍വഴിയില്‍ക്കൂടിയുള്ള വിചാരം ഒന്നുകൊണ്ടുതന്നെ അവിദ്യ നീങ്ങി അഖണ്ഡ ജ്ഞാനം പ്രകാശിക്കും. പക്ഷെ അതും ചെയ്തലല്ലേ പ്രകാശിക്കൂ. പ്രജ്ഞ എപ്പോഴും തമസ്സില്‍ത്തന്നെ മുഴുകിക്കഴിയുന്നവര്‍ക്ക് ആത്മീയമായി ഒന്നും ചെയ്യാന്‍ തോന്നില്ല. ഈ ലോകം തന്നെ സത്യം അങ്ങനെയുള്ളവരോട് എന്തു പറഞ്ഞിട്ടും പ്രയോജനമില്ല.

ഹേ രാമ! അജ്ഞാനമാണ് എല്ലാ ആപത്തുകള്‍ക്കും ഹേതു. അജ്ഞനായ ഒരാള്‍ക്ക് ആപത്തല്ലാതെ മറ്റൊന്നുമില്ലെന്നുകൂടിപ്പറയണം. മൂഢന്മാരാണ് ഒരു പ്രകാരത്തില്‍ പറഞ്ഞാല്‍ ഈ സംസാരത്തെ നിലനിര്‍ത്തുന്നത്. അവരില്ലായിരുന്നെങ്കില്‍ സംസാരം എന്ന‌േ നശിച്ചുപോയേനെ! ജ്ഞാനി പശുവിന്റെ കുളമ്പടിപ്പാടുപോലെ നിസ്സാരമായിക്കരുതുന്ന ഈ സംസാരത്തെ മൂഢന്‍ കരകാണാത്ത പെരുകടലായി കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ആത്മാവില്‍ നിന്നു വേറയായി യാതൊരു ജഗത്തുമുണ്ടായിട്ടില്ല. ഭ്രമം കൊണ്ട് ആത്മാവിനെത്തന്നെയാണ് സംസാരമായിക്കാണുന്നത്. ഭ്രമം നീങ്ങുമ്പോള്‍ സംസാരം ഇല്ലാത്തതായും ആത്മാവുമാത്രം ഉള്ളതായും പ്രകാശിക്കുന്നു. സത്വാദിഗുണത്രയാത്മികയായ പ്രകൃതിതന്നെ ഭ്രമത്തിന് ഹേതു. അതില്‍നിന്നുള്ള നിവൃത്തിതന്നെ മോക്ഷം. ഹേ രാഘവ! നീ പ്രകൃതിബാധയാലുണ്ടായിത്തീര്‍ന്ന ഭ്രമത്തില്‍നിന്നു നിവര്‍ത്തിച്ചു സ്വരൂപസ്ഥിതനാവാന്‍ ശ്രമിക്കൂ. സ്വരൂപവിശ്രാന്തനായവനെ അവിദ്യാഭ്രമം തീണ്ടുന്നില്ല. അവിദ്യാവിഭ്രാന്തിയില്ലാത്തവനു സംസാരവുമില്ല.

അനന്തരം സത്വാദിഗുണങ്ങളില്‍ ഓരോന്നിന്റേയും പ്രത്യേകമുള്ള ത്രൈവിദ്ധ്യത്തേയും അവയില്‍ ഓരോന്നിന്റേയും സംസ്കാരസ്വഭാവത്തേയും വസിഷ്ഠമഹര്‍ഷി പറഞ്ഞുകൊടുത്തപ്പോള്‍ ശ്രീരാമചന്ദ്രന്‍ വൃക്ഷങ്ങളുടെ സംസ്കാരമെന്താണെന്നു ചോദിച്ചു. വൃക്ഷങ്ങള്‍ക്കും സംസാരബീജമായ മനസ്സുണ്ട്. എന്നാല്‍ അതിനു വികാസമില്ലെന്നേ ഉള്ളൂ. മിക്കവാറും ജ്ഞാനികളുടെ സത്താസാമാന്യസ്ഥിതിപോലുള്ള ഒരു സ്ഥിതിമാത്രമാണ്. അകത്ത് അവര്‍ക്കു ജ്ഞാനമില്ല. അതിനാല്‍ ജ്ഞാനംകൊണ്ടുള്ള സത്താസാമാന്യസ്ഥിതിയില്ല. തമസ്സില്‍ മുഴുകി സുഷുപ്തിക്കുതുല്യമായ ഒരവസ്ഥയാണ്. അതു കാരണത്താല്‍ അവര്‍ക്ക് മുക്തിക്കെളുപ്പമുണ്ടെന്നു വിചാരിക്കേണ്ട. പ്രജ്ഞയോ വിചാരത്തിനുള്ള കഴിവോ ഇല്ലാത്തതിനാല്‍ സാധാരണ മൂഢനായ ഒരു മനുഷ്യനേക്കാള്‍ വളരെ ദയനീയവും പരാധീനവുമാണ് വൃക്ഷങ്ങളുടെ സ്ഥിതി. അനേകജന്മങ്ങള്‍ക്കാവശ്യമായ വാസനകള്‍ ഓരോ വൃക്ഷജീവനിലും വര്‍ത്തിക്കുന്നു. വിത്തില്‍ വൃക്ഷമെന്നപോലെയും മണ്ണില്‍ ഘടമെന്നപോലെയും അവ സന്ദര്‍ഭം വരുമ്പോള്‍ വികസിച്ച് അനേകജന്മപരമ്പരകളേയും കര്‍മ്മസഞ്ചയങ്ങളേയും സൃഷ്ടിക്കുന്നു. വാസനയും വാസനയ്ക്ക് ആസ്പദമായ അജ്ഞാനവുമുള്ളപ്പോള്‍ ഒരു ജീവനും മുക്തനാവുന്നില്ല. മാത്രമല്ല, തുരീയാവസ്ഥയിലേയ്ക്കു നീങ്ങാന്‍പോലും കഴിയുന്നില്ല. ഗാഢതമസ്സാകുന്ന സുഷുപ്തയില്‍ത്തന്നെ വലയുന്നു. അതിനാല്‍ ഹേ രാമചന്ദ്ര! വാസകളെ നശിപ്പിക്കുന്നതാണ് ബുദ്ധിപൂര്‍വ്വമായ പ്രവൃത്തി. അല്പമായിട്ടെങ്കിലും വാസന ബാക്കിയാവുന്നുവെങ്കില്‍ അത് അനുഭവിച്ചുതീര്‍ക്കേണ്ടിവരും. വാസന, വിഷം, അഗ്നി, കോപം, രോഗം, സ്നേഹം, ശത്രു, കടം എന്നീ എട്ടു വസ്തുക്കള്‍ അല്പമായെങ്കിലും ശേഷിക്കുന്നുവെങ്കില്‍ സന്ദര്‍ഭം വരുമ്പോള്‍ വളരുകയും പ്രകടമായിത്തീരുകയും ചെയ്യാതിരിക്കില്ല. അതിനാല്‍ ബുദ്ധിമാനായ ഒരാള്‍ അവയെ ആവശ്യം നശിപ്പിക്കുകതന്നെ വേണം.

ബ്രഹ്മചൈതന്യസ്വരൂപിണിയായ ചിത്തിന്റെ ഒരു ശക്തിവിശേഷംതന്നെയാണ് അവിദ്യയും വാസനയുമെല്ലാമായിത്തീരുന്നത്. കാണാന്‍ കഴിയാത്തതും എന്നാല്‍ നിദ്രഹേതുത്വം തുടങ്ങിയ ഭാവങ്ങളില്‍ക്കൂടെ ബോധിക്കാന്‍ കഴിയുന്നതുമായ ശക്തിയാണ് അവിദ്യ. അവിദ്യയുടെതന്നെ ഒരംശം സത്വാധിക്യത്തോടുകൂടിയിരിക്കുമ്പോള്‍ അതിനെയാണ് വിദ്യയെന്നു പറയുന്നത്. രജസ്തമസ്സുകളുടെ ആധിക്യത്തോടുകൂടിയത് അവിദ്യയും. അവ രണ്ടും അന്യോന്യം സംഘര്‍ഷം ചെയ്യല്‍തന്നെ സാധനാനുഷ്ടാനം. വേണ്ടത്ര സംഘര്‍ഷം ചെയ്യപ്പെടുമ്പോള്‍ അന്യോന്യ മര്‍ദ്ദം ഹേതുവായി രണ്ടും നശിക്കും. അപ്പോള്‍ വസ്തുസ്വരൂപം ഉള്ളതുപോലെ പ്രകാശിക്കുകയും ചെയ്യും. ഈ ജഗത്തു ബ്രഹ്മമല്ലെന്നും ഒരു കാലത്തുണ്ടായതാണെന്നും സത്യമാണെന്നുമൊക്കെയുള്ള വിശ്വാസമാണ് അവിദ്യയുടെ സാമാന്യമായ അടിസ്ഥാനസ്വരൂപം. അതു നിലനില്‍ക്കുമ്പോള്‍ വര്‍ദ്ധിച്ച ലോകവ്യവഹാരങ്ങളും ജനനമരണങ്ങളും അവസാനിക്കാന്‍ വയ്യ. അവ വളര്‍ന്നുകൊണ്ടേയിരിക്കും.

ബ്രഹ്മത്തില്‍ നിന്നന്യമായി മറ്റൊന്നുമുണ്ടായിട്ടില്ല. ജഗത്തുണ്ടെങ്കില്‍ അതും ബ്രഹ്മം തന്നെ. ബ്രഹ്മം അദ്വൈതമാണ് എന്ന ദൃഢവിശ്വാസം തന്നെ വിദ്യ. വിദ്യാഭാവത്തിന് ദൃഢതകിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിദ്യാധര്‍മ്മങ്ങള്‍ ക്ഷയിക്കാതിരിക്കാനും വയ്യ. അതിനാല്‍ ആദ്യത്തില്‍ വിദ്യയെ വളര്‍ത്തി അതുകൊണ്ട് അവിദ്യാസ്വരൂപത്തെ നീക്കി പിന്നെ വിദ്യയേയും വിട്ടു സ്വരൂപാവസ്ഥയെ പ്രാപിക്കണം. ഹേ രാമചന്ദ്ര! ഇങ്ങനെ അറിയേണ്ടതിനെ അറിയാതെയും പ്രാപിക്കേണ്ടതിനെ പ്രാപിക്കാതെയുമുള്ള മനുഷ്യജീവിതം കഷ്ടവും അധഃപതനകാരണവും കൂടിയാണ്. അതിനാല്‍ മനുഷ്യജീവിതത്തിനൊരു ലക്ഷ്യമുണ്ടെന്നും കൈവല്യപ്രാപ്തിയാണ് ആ ലക്ഷ്യമെന്നും അവിടെയ്ക്കുള്ള പ്രയാണമാണ് ജീവിതമെന്നും ബോധിക്കണം. ആയുസ്സിനെ അര്‍ത്ഥശൂന്യങ്ങളായ കാരുണ്യങ്ങള്‍ക്കുപയോഗിക്കാതെ ലക്ഷ്യപ്രാപ്തിക്കുവേണ്ടിത്തന്നെ ഉപയോഗിക്കണം. അങ്ങനെയുള്ള ധന്യജീവിതംകൊണ്ടുമാത്രമേ ഇഹത്തിലും പരത്തിലും ശ്രേയസ്സുണ്ടാവൂ.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.