യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 367 [ഭാഗം 6. നിര്‍വാണ പ്രകരണം]

വാസനാ വിമലാ യേഷാം ഹൃദയാന്നാപസര്‍പതി
സ്ഥിരൈകരൂപജീവാസ്തേ ജീവന്‍മുക്താശ്ചിരായുഷഃ (6/32/35)

ഭഗവാന്‍ പരമശിവന്‍ പറഞ്ഞു: മനസ്സിനെയും പ്രാണനെയും സംബന്ധിച്ചിടത്തോളം ദേഹമെന്നത് വെറും ജഡപിണ്ഡം മാത്രമാണ്. ഒരു ഇരുമ്പുകഷണം കാന്തത്തിന്റെ ആകര്‍ഷണവരുതിയില്‍പ്പെട്ട് അങ്ങുമിങ്ങും നീങ്ങുന്നതുപോലെ അനന്തമായ, സര്‍വ്വവ്യാപിയായ, ബോധത്തിന്റെ സാന്നിദ്ധ്യമാത്രംകൊണ്ട് ജീവന്‍ ചലനത്തിലാണെപ്പോഴും. ദേഹം ജഡവും അസ്വതന്ത്രവുമാണ്. ബോധമാണതിനെ പ്രവര്‍ത്തനോന്മുഖമാക്കി താന്‍ പ്രാണവായുവിനെപ്പോലെയൊരു സത്വമാണെന്ന് വിശ്വസിപ്പിക്കുന്നത്. അങ്ങിനെ കര്‍മ്മാത്മാവാണ് ദേഹത്തെ ചലിപ്പിച്ചു നിലനിര്‍ത്തുന്നത്. മനസ്സും പ്രാണനും ചേര്‍ന്നാണ് ഇപ്രകാരത്തില്‍ ദേഹത്തെ ജീവത്താക്കി നിലനിര്‍ത്തുന്നതെങ്കിലും വാസ്തവത്തില്‍ പരമാത്മാവാണ് ഇതും നടപ്പിലാക്കാന്‍ ഇടയാക്കുന്നത്.

ബോധം തന്നെയാണ് ജഡമായി വര്‍ത്തിച്ചു ജീവനെന്ന രീതിയില്‍ , മനസ്സിനെ ആര്‍ജ്ജവമുള്ളതാക്കുന്നത്. ഈ പരിമിതിയോടെ മുന്നോട്ട് പോകുന്നതിനാല്‍ അതിന്റെ പരിണിതഫലങ്ങള്‍ ജീവനെ പിന്തുടരുകയായി. അവയാണ് മാനസീകവും ശാരീരികവുമായ അസുഖങ്ങള്‍ . സമുദ്രോപരി ആദ്യത്തെ ഒരലയുണ്ടായി, അത് പിന്നീട് മറ്റ് ഓളങ്ങളെ ക്രമാനുഗതമായി ഉണ്ടാക്കുന്നതുപോലെയാണിത്‌. ബോധം ജീവഭാവത്തില്‍ സ്വാത്മബോധം വെടിഞ്ഞ് അസ്വതന്ത്രമായി വര്‍ത്തിക്കുന്നു!.

അജ്ഞാനത്തിന്റെ കട്ടിപിടിച്ച ഒരു മറയ്ക്കുള്ളില്‍ക്കിടന്നു വലഞ്ഞും താന്‍ സ്വയം വരുത്തിവെച്ച ദുരിതങ്ങളെ തിരിച്ചറിയാതെയും ജീവന്‍ മൂഢത്വത്തിനടിമയായിത്തീരുന്നു. മദ്യംകഴിച്ചു മദോന്മത്തനായ ഒരുവന്‍ വാളെടുത്ത് സ്വന്തം കാലു മുറിക്കാന്‍ തുടങ്ങുന്നതുപോലെയുള്ള അവസ്ഥയാണിത്. എന്നാല്‍ മദ്യത്തിന്റെ വീര്യമടങ്ങുമ്പോള്‍ അയാള്‍ക്ക്‌ സ്വബോധം വീണ്ടുകിട്ടുന്നതുപോലെ ബോധത്തിനും തന്റെ സ്വരൂപസ്ഥിതി – ആത്മബോധം- ക്ഷണത്തില്‍ തിരിച്ചുകിട്ടാവുന്നതേയുള്ളു.

മനസ്സിന്റെ താങ്ങ് – താല്‍ക്കാലികമായ ഉപാധി – പോയാല്‍പ്പിന്നെ അവശേഷിക്കുന്നത് ആത്മാവ് മാത്രമാണ്. എല്ലാ ഉപാധികളും നഷ്ടമാകുമ്പോള്‍ പൂര്യഷ്ടകം, അതായത് – മനസ്സെന്ന സൂക്ഷ്മശരീരം, പ്രശാന്തമായ ഒരവസ്ഥയെ പ്രാപിച്ച് ചലനരഹിതമാവുന്നു. ബോധം വിഷയീകരണപ്രവണതകാരണം മോഹവിഭ്രാന്തമാവുന്നു. അപ്പോഴാണ്‌ പൂര്‍വ്വാര്‍ജ്ജിതവാസനകള്‍ പ്രബലമായി വര്‍ത്തിക്കുന്നത്. അവയുമായി തതാത്മ്യം പ്രാപിക്കുന്നതിനാലാണ് ബോധം തന്റെ സ്വരൂപത്തെ മറന്നുപോവുന്നത്.

ഹൃദയ കമലം തുറക്കുമ്പോള്‍ പൂര്യഷ്ടകം പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ഈ താമര കൂമ്പിയടയുമ്പോള്‍ മനസ്സ് -പൂര്യഷ്ടകം- തന്റെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുന്നു. ദേഹത്തില്‍ പൂര്യഷ്ടകം പ്രവര്‍ത്തനനിരതമായിരിക്കുമ്പോള്‍ മാത്രം ദേഹം ജീവിക്കുന്നു. മനസ്സിന്റെ അഭാവത്തില്‍ ദേഹത്തിനു മരണം സംഭവിക്കുന്നു. അന്തരാ ഉണ്ടാവുന്ന ഉണര്‍വ്വും ജഡത്തിലെ മാലിന്യവും തമ്മിലുള്ള സംഘര്‍ഷം മൂലവും പൂര്യഷ്ടകത്തിന്റെ വിരാമം സംഭവിക്കാം.

“എന്നാല്‍ നിര്‍മ്മലമായ വാസനകള്‍ ഒരുവന്റെ ഹൃദയം നിറയുമ്പോള്‍ എല്ലാ സംഘര്‍ഷങ്ങളും അവസാനിക്കുന്നു. അവിടെ സമതയും ഐക്യവും സ്വാതന്ത്ര്യവും ദീര്‍ഘായുസ്സും സഹജമായുണ്ട് .” അല്ലെങ്കില്‍ പൂര്യഷ്ടകത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ശരീരം മരിക്കുന്നു. പിന്നീട് സൂക്ഷ്മശരീരം ഉചിതമായ മറ്റൊരു ദേഹത്തെ തിരഞ്ഞുപിടിച്ച് തന്റെ വാസനകളെ പൂര്‍ത്തീകരിക്കാന്‍ വഴി കണ്ടെത്തുന്നു. ഈ വാസനകളുടെ ബലത്താല്‍ പൂര്യഷ്ടകം എന്ന മനസ്സ് വീണ്ടും തന്റെ ആത്മബോധസ്വരൂപത്തെ മറന്നുകൊണ്ട് പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നു.

എന്നാല്‍ ബോധം സര്‍വ്വവ്യാപിയായതിനാല്‍ പൂര്യഷ്ടകത്തിനു അനന്തമായി എവിടെയും സഞ്ചരിക്കാനാവുന്നു. മരങ്ങളിലെ ഇലകള്‍ കൊഴിഞ്ഞു പുതിയവ തളിര്‍ത്തുവരുന്നതുപോലെ ജീവന്‍ ഓരോരോ ദേഹങ്ങളെടുത്ത്, കുറച്ചുകാലമതില്‍ക്കഴിഞ്ഞ്‌ അവയെ ഉപേക്ഷിച്ച് മറ്റുള്ളവയെ വരവേല്‍ക്കുന്നു. ജ്ഞാനികള്‍ ഈ ഗതിവിഗതികള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കുന്നില്ല.