യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 361 [ഭാഗം 6. നിര്‍വാണ പ്രകരണം]

ആകാരാദിപരിഛിന്നേ മിതേ വസ്തുനി തത്കുതഃ
അകൃത്രിമമനാദ്യന്തം ദേവനം ചിച്ഛിവം വിദുഃ (6/29/122)

ഭഗവാന്‍ എന്നോടു ചോദിച്ചു: ‘ആരാണീ ദൈവം എന്ന് നിനക്കറിയാമോ?’

ദൈവം വിഷ്ണുവോ ശിവനോ ബ്രഹ്മാവോ അല്ല. വായുവോ സൂര്യചന്ദ്രന്മാരോ അല്ല. ബ്രാഹ്മണരോ രാജാക്കന്മാരോ അല്ല. ഞാനോ നീയോ അല്ല. ലക്ഷ്മിയോ, മനോബുദ്ധികളോ അല്ല.

“ഈശ്വരന്‍ രൂപരഹിതനും അവിച്ഛിന്നനുമാണ്. ആ ദിവ്യത ഒരിക്കലും സൃഷ്ടിക്കപ്പെട്ടതോ ആദിയന്തങ്ങള്‍ ഉള്ളതോ അല്ല. ദൈവം എന്നറിയപ്പെടുന്നത് ആല്ലെങ്കില്‍ പരമശിവന്‍ എന്നുപറയപ്പെടുന്നത് ശുദ്ധമായ ബോധമാണ്” അതുമാത്രമേ പൂജാര്‍ഹമായുള്ളു. എല്ലായിടത്തും എല്ലാക്കാലവുമുള്ള എല്ലാം അതുമാത്രമാണ്. ഈ ബോധശിവനെ പൂജിക്കാന്‍ ഒരു സാധകന് കഴിയില്ല എന്നുവരികില്‍ രൂപഭാവങ്ങളുള്ള ഒന്നിനെ പൂജിക്കാം. പക്ഷെ അതുകൊണ്ട് പരിമിതമായ, നിയതമായ ഫലങ്ങളേ ഉണ്ടാവൂ. എന്നാല്‍ നാമരൂപരഹിതമായ ബോധശിവനെ ആരാധിക്കുന്നവന് അനന്തമായ ആനന്ദാവസ്ഥയെ പ്രാപിക്കാം.

അനന്തമായ ആനന്ദത്തെ ഉപേക്ഷിച്ച് പരിമിതമായ ഫലങ്ങളെ സ്വീകരിക്കുന്നവര്‍ നന്ദനോദ്യാനത്തെ വേണ്ടെന്നുവച്ച് മുള്‍ച്ചെടികള്‍ നിറഞ്ഞ കുറ്റിക്കാടിനെ ആശ്രയിക്കുന്നവരാണ്. എങ്കിലും മാമുനിമാര്‍ വെറുമൊരു ലീലയായി നാമരൂപങ്ങളെ ആരാധിക്കുന്നു.

ഈ പൂജകള്‍ക്കായി ഉപയോഗിക്കുന്ന സാമഗ്രികളെപ്പറ്റി ഇനി പറയാം. വിവേകം, ആത്മസംയമനം, സകലജീവജാലങ്ങളിലും ആത്മാവിനെ ദര്‍ശിക്കല്‍ , എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനമായവ. വിവേകമാകുന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന ചെയ്യാന്‍ ഏറ്റവും യോഗ്യനായുള്ളത് സ്വാത്മാവുതന്നെയായ ശിവനത്രേ.

ഞാനപ്പോള്‍ ഭഗവാനോട് ചോദിച്ചു: പരമേശ്വരാ, ഭഗവാനേ, എങ്ങിനെയാണീ കാണപ്പെടുന്ന ലോകം അനന്താവബോധമായി മാറുന്നത്? ജീവജാലങ്ങളും മറ്റുമായി ഈ അവബോധം എങ്ങിനെയാണ് ലോകമായി പ്രകടമാകുന്നത്?

ഭഗവാന്‍ തുടര്‍ന്നു: വിശ്വപ്രളയശേഷവും ആകെ അവശേഷിക്കുന്നത് ആ അനന്താവബോധം മാത്രമാണ്. ഇപ്പോഴും ഉള്ളത് അതുമാത്രം. വിഷയനിബദ്ധമല്ല അത്. ബോധത്തില്‍ സ്വയം പ്രകാശിക്കുന്ന ധാരണകളും ആശയങ്ങളുമാണ് ഈ സൃഷ്ടി. നിദ്രയില്‍ സ്വപ്നമെന്നതുപോലെ, സൃഷ്ടികള്‍ ഉണ്ടാവുന്നത് ബോധത്തിലെ ഊര്‍ജ്ജചലനം (ചൈതന്യം) മൂലമാണ്. അങ്ങിനെയല്ലാതെ സര്‍വ്വവ്യാപിയായ ബോധത്തിന് വെളിയില്‍ യാതൊന്നിനും, വിഷയപ്രതീതികളായി നിലനില്‍ക്കുക സാദ്ധ്യമല്ല.

ഇക്കാണുന്ന പര്‍വ്വതങ്ങളും ലോകങ്ങളും, ആകാശവും, ആത്മാവും, ജീവനും വ്യക്തിത്വവും, ഈ ലോകത്തെ നിര്‍മ്മിച്ചിരിക്കുന്ന അടിസ്ഥാനഘടകങ്ങളും എല്ലാം ഈ ശുദ്ധബോധമല്ലാതെ മറ്റൊന്നല്ല. ഈ ‘സൃഷ്ടികള്‍ ’ ഉണ്ടാവും മുന്‍പ്‌, ശുദ്ധബോധം മാത്രം ഉണ്ടായിരുന്നപ്പോള്‍ സ്വര്‍ഗ്ഗം മുതലായവ എവിടെയായിരുന്നു? ആകാശം, പരമാകാശം, ബ്രഹ്മാകാശം, സൃഷ്ടി, ബോധം, എന്നിവയെല്ലാം വെറും വാക്കുകളാണ്. എല്ലാം വിവക്ഷിക്കുന്നത് ആ ‘ഒന്നിനെ’യാണ്. ആ സത്യത്തെയാണ്. സ്വപ്നത്തിലെ അന്യത എന്ന ദ്വന്ദവും സ്വപ്നത്തിലെത്തന്നെ ഭ്രമകല്‍പ്പനയാണെന്നതുപോലെ ഈ സൃഷ്ടിയിലെ ദ്വന്ദതയും വെറും കല്‍പ്പനമാത്രമാണ്.

സ്വപ്നലോകത്ത് വസ്തുക്കള്‍ ഉണ്ടായി നിലനിന്നു പ്രവര്‍ത്തനോന്മുഖമാവുന്നതുപോലെ ജാഗ്രദിലെ ലോകത്തിലും വസ്തുക്കള്‍ക്ക് നിലനില്‍പ്പുണ്ടെന്നു തോന്നുകയാണ്. സ്വപ്നത്തിലും ജാഗ്രത്തിലും വാസ്തവത്തില്‍ ഒന്നും സംഭവിക്കുന്നില്ല. ബോധം മാത്രമാണ് സ്വപ്നത്തിലും ജാഗ്രദിലും നിലനില്‍ക്കുന്ന ഉണ്മ. അതാണ്‌ ഈശ്വരന്‍, ദൈവം, പരമസത്യം, നീ, ഞാന്‍, എന്നുവേണ്ട സകലവും.