യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 175 [ഭാഗം 4. സ്ഥിതി പ്രകരണം]

ശ്രൂയതാം ജ്ഞാനസര്‍വസ്വം ശ്രുത്വാ ചൈവാവധാര്യതാം
ഭോഗേഛാമാത്രകോ ബന്ധസ്ത ത്യാഗോ മോക്ഷ ഉച്യതേ (4/35/3)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അജ്ഞതയും മോഹവും നിറഞ്ഞ മനസ്സിനെ കീഴടക്കി നിയന്ത്രിച്ചവര്‍ തന്നെയാണ്‌ യഥാര്‍ത്ഥത്തില്‍ വീരനായകന്മാര്‍. ഈ പ്രത്യക്ഷലോകമെന്ന ജനന മരണചക്രങ്ങളോടുകൂടിയ പ്രകടനത്തില്‍ അനുഭവവേദ്യമായ ദു:ഖദുരിതങ്ങള്‍ക്കുള്ള ഏക ഔഷധം മന:സംയമനം മാത്രമാണ്‌. “ഞാന്‍ എല്ലാ വിജ്ഞാനങ്ങളുടെയും സാരസത്തയായ കാര്യം നിനക്കു പറഞ്ഞു തരാം. അതുകേട്ട് നിന്റെ ജീവിതത്തെ മുഴുവന്‍ സുഗന്ധപൂരിതമാക്കിയാലും. ബന്ധനം എന്നത് സുഖാസ്വാദനത്തിനുള്ള ആസക്തിയാണ്‌. അതിന്റെ നിരാസമാണ്‌ മുക്തി.” അതുകൊണ്ട് ലോകത്തിലെ എല്ലാ സുഖഭോഗശാലകളേയും വിഷം വമിക്കുന്ന ഇടങ്ങളായി കരുതുക. എന്നാല്‍ അന്ധമായ സംത്യജിക്കല്‍ അഭികാമ്യമല്ല. തീവ്രമായി, ആഴത്തില്‍ ഇന്ദ്രിയസുഖങ്ങളുടെ സ്വഭാവത്തെപ്പറ്റി അന്വേഷിക്കൂ, എന്നിട്ട് അവയോടുള്ള ആസക്തികളെല്ലാം ഉപേക്ഷിച്ചാലും. അപ്പോള്‍ നിനക്ക് ആനന്ദത്തോടെ ജീവിക്കാം.

പവിത്രഗുണങ്ങളെ വളര്‍ത്തിയെടുക്കുന്നതിലൂടെ എല്ലാ തെറ്റിദ്ധാരണകളും നീങ്ങുന്നു. മനസ്സ് ആഗ്രഹമുക്തമാവുന്നു. എല്ലാവിധ ദ്വന്ദങ്ങളുടേയും ശല്യമില്ലാതെയാവുന്നു. അശാന്തിയും ഭയവും മോഹവുമകന്ന് മനസ്സ് പ്രശാന്തമാവുന്നു. ആ മനസ്സ് നിര്‍മ്മലമാണ്‌. ദുഷ്ചിന്തകളോ വികാരങ്ങളോ ആശാപാശങ്ങളോ ദു:ഖമോ അവിടെയില്ല. ആ മനസ്സ്, തന്റെ സംശയം എന്നുപേരായ ദുര്‍പ്പുത്രനേയും അവന്റെ ഭാര്യയായ ആസക്തിയേയും പുറത്താക്കുന്നു. വിരോധാഭാസമെന്നു പറയട്ടേ, പ്രബുദ്ധമായ മനസ്സ് അതിന്റെ വളര്‍ച്ചയ്ക്കു കാരണമായിരുന്ന ആഗ്രഹങ്ങളേയും ചിന്തകളെയും (പ്രബുദ്ധതയ്ക്കായുള്ള അഭിവാഞ്ഛ പോലും) ഇല്ലാതാക്കുന്നു.

സ്വരൂപത്തെപ്പറ്റി അന്വേഷിക്കുന്നതിലൂടെ മനസ്സ് ദേഹാഭിമാനം ഉപേക്ഷിക്കുന്നു. അജ്ഞതനിറഞ്ഞ മനസ്സ് വളരുന്നു, വലുതാവുന്നു. എന്നാല്‍ വിവേകമുദിക്കുമ്പോള്‍ മനസ്സില്ലാതെയാകുന്നു. മനസ്സു മാത്രമാണീ വിശ്വം; പര്‍വ്വതശിഖരങ്ങളും, ആകാശവും ഈശ്വരനും, സുഹൃത്തും ശത്രുവും എല്ലാം മനസ്സു തന്നെ.

അനന്താവബോധം സ്വയം മറന്ന് മാറ്റങ്ങള്‍ക്കു വിധേയമായി ഉപാധികള്‍ക്കു വശംവദമായി ‘മനസ്സ്’ ആവുന്നു. അതാണ്‌ ജനന-മരണങ്ങള്‍ക്ക് ഹേതുവാകുന്നത്. ഇതാണ്‌ ജീവന്‍ എന്നറിയപ്പെടുന്നത്. അതായത് അനന്താവബോധത്തിന്റെ ഒരു ഭാഗം ബോധവസ്തുവിന്റെ സ്വഭാവം കൈക്കൊണ്ട്, മാനസീകോപാധികള്‍ കൊണ്ട് പൊതിഞ്ഞ് സംജാതമായി. ഈ ജീവനാണ്‌, അനന്താവബോധമെന്ന സത്യത്തില്‍നിന്നു അകന്നകന്ന് ഉപാധികള്‍ക്കു വിധേയമായി ലോകമെന്ന ഈ പ്രകടനത്തില്‍ ആമഗ്നമാവുന്നത്. സത്യത്തില്‍ ആത്മാവെന്നത് ഈ ജീവനോ, ദേഹമോ അതിന്റെ ഘടകങ്ങളോ ഒന്നുമല്ല. ആത്മാവ് ആകാശം പോലെയാണ്‌. ഇവയില്‍ നിന്നുമെല്ലാം സര്‍വ്വസ്വതന്ത്രം.