യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 210 [ഭാഗം 5. ഉപശമ പ്രകരണം]

അനാമൃഷ്ടവികല്പാംശുശ്ചിദാത്മാ വിഗതാമയ:
ഉദിയായ ഹൃദാകാശോ തസ്യ വ്യോമ്നീവ ഭാസ്കര: (5/12/6)

വസിഷ്ഠന്‍ തുടര്‍ന്നു: ജ്ഞാനസാക്ഷാത്കാരത്തിന്റെ നിറവില്‍ ജനകരാജന്‍ തന്റെ നിയതകര്‍മ്മമായ രാജഭരണം വളരെ ഭംഗിയായി നിര്‍വ്വഹിച്ചു വന്നു. അദ്ദേഹത്തില്‍ ആ കര്‍മ്മങ്ങള്‍ ഒരു വിധത്തിലുമുള്ള ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാനസീകവും ആത്മീയവുമായ അടിത്തറയും ആര്‍ജ്ജവവും ഉണ്ടായിരുന്നു താനും. അദ്ദേഹത്തിന്റെ മനസ്സ് രാജകീയഭോഗങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടില്ല. നിരന്തരം സുഷുപ്തിയിലെന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥിതി. അദ്ദേഹത്തിന്‌ ഒന്നും നേടാനോ ഉപേക്ഷിക്കുവാനോ ഇല്ലായിരുന്നു. യാതൊരു മന:ശ്ചാഞ്ചല്യവുമില്ലാതെ അദ്ദേഹം ‘ഇപ്പോള്‍, ഇവിടെ’ (വര്‍ത്തമാനത്തില്‍) എന്ന ഉണര്‍വ്വോടെ ഉത്തമജീവിതം നയിച്ചു. അദ്ദേഹത്തിന്റെ വിവേകവിജ്ഞാനാദികളില്‍ വീഴ്ച്ചയോ മേധാശക്തിയില്‍ കളങ്കമോ ഒരിക്കല്‍പ്പോലും ഉണ്ടായില്ല.

“അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ആത്മജ്ഞാനത്തിന്റെ വെളിച്ചം – ചിദാത്മാവുദിച്ചിരുന്നു. ചക്രവാളത്തിലുദിച്ചുയരുന്ന സൂര്യനെപ്പോലെ, മാലിന്യലേശമേശാതെ, ദു:ഖത്തിന്റെ കണികപോലുമില്ലാതെയാണാ ചിദാത്മസ്വരൂപോദയം ഉണ്ടായത്.” ഈ വിശ്വത്തിലെ എല്ലാമെല്ലാം സ്ഥിതിചെയ്യുന്നത് ചിദ്-ശക്തിയിലാണെന്നദ്ദേഹം കണ്ടു. ആത്മജ്ഞാനനിരതനാകയാല്‍ അനന്തമായ ആത്മാവില്‍ അദ്ദേഹം എല്ലാം ദര്‍ശിച്ചു. എന്തു സംഭവിക്കുന്നതും അതതിന്റെ സഹജസ്വഭാവം മൂലമാണെന്നറിഞ്ഞതുകൊണ്ട് അദ്ദേഹത്തെ അതീവമായ ആഹ്ലാദമോ ദു:ഖമോ തീണ്ടിയില്ല. നിരന്തരമായ സമതാഭാവം അദ്ദേഹത്തില്‍ നിലനിന്നിരുന്നു. ജീവന്മുക്തനായിരുന്നു അദ്ദേഹം – ജീവിച്ചിരിക്കേ മുക്തിപദം പ്രാപിച്ചയാള്‍.

നിസ്സംഗനായി, എന്നാല്‍ ഭംഗിയായി രാജഭരണം ചെയ്തുവരുമ്പോള്‍ തനിക്കു ചുറ്റുമുള്ള നന്മ-തിന്മകള്‍ ജനകനിലുണ്ടായിരുന്ന ആത്മജ്ഞാനത്തെ വളര്‍ത്തുകയോ തളര്‍ത്തുകയോ ചെയ്തില്ല. അനന്താവബോധത്തില്‍ സ്ഥിരപ്രതിഷ്ഠനായിരുന്നതുകൊണ്ട് വൈവിദ്ധ്യമാര്‍ന്ന രാജകീയ കര്‍മ്മധര്‍മ്മങ്ങള്‍ ഉചിതമായി നടത്തുമ്പോഴും അദ്ദേഹം കര്‍മ്മരഹിതന്റെ അവസ്ഥയിലായിരുന്നു. കാരണം, അദ്ദേഹത്തില്‍ എല്ലാവിധ വാസനകളും ധാരണകളും അസ്തമിച്ചിരുന്നു. അതുകൊണ്ട് പ്രത്യക്ഷത്തില്‍ കര്‍മ്മനിരതനായിരിക്കുമ്പോഴും അദ്ദേഹം ഗാഢസുഷുപ്തിയിലെന്നപോലെ പ്രശാന്തനായിരുന്നു. ഭൂത-ഭാവി കാല കാര്യങ്ങള്‍ അദ്ദേഹത്തെ അലട്ടിയില്ല. ഒരു പുഞ്ചിരിയോടെ, പാരിപൂര്‍ണ്ണമായും വര്‍ത്തമാനത്തില്‍ മാത്രമായി അദ്ദേഹം ജീവിച്ചു.

ജനകന്റെ നേട്ടങ്ങളെന്തായിരുന്നാലും അതുണ്ടായത് ആത്മജ്ഞാനാന്വേഷണത്തിന്റെ ശക്തിമൂലമാണ്‌. ജനകനെ മാതൃകയാക്കി സത്യാന്വേഷണം ചെയ്ത് ജ്ഞാനത്തിന്റെ പരമസീമയിലെത്താന്‍ നാം പരിശ്രമിക്കണം. ഒരു ഗുരുവിനെ കിട്ടിയതുകൊണ്ടോ ശാസ്ത്രഗ്രന്ഥപഠനംകൊണ്ടോ സദ്കര്‍മ്മങ്ങള്‍ ചെയ്തതുകൊണ്ടോ ആത്മജ്ഞാനം ഉണ്ടാവുകയില്ല. അതിന്‌ സദ് വൃത്തരുമായുള്ള സദ്സംഗം നല്‍കുന്ന പ്രചോദനത്താല്‍ സ്വയം ചെയ്യുന്ന ആത്മാന്വേഷണം മാത്രമേ വഴിയുള്ളു. ഒരുവനില്‍ അകമേ ഉദിക്കുന്ന ജ്ഞാനപ്രകാശം മാത്രമേ അതിനു വഴികാട്ടിയായുള്ളു. ഈ വെളിച്ചം കെടാതെ സൂക്ഷിച്ചാല്‍ യാതൊരന്ധകാരത്തിനും അവിടെ സ്ഥാനമുണ്ടാവുകയില്ല.