ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ആദ്യഭിക്ഷ’ (ശ്രീരമണ തിരുവായ്മൊഴി)

അന്നൊരുദിവസം മദ്ധ്യാഹ്നം ഭഗവാന്‍ ഈ ദേശത്തില്‍ വന്ന ആദികാലങ്ങളിലെ സംഭവം ഓര്‍മ്മയില്‍ വന്നു ഈ വിധം പറഞ്ഞു. “ഗോപുരസുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു മൗനിസ്വാമിയുണ്ടായിരുന്നു. അവിടെ ഞാനും ചെന്നുചേര്‍ന്നു. അയാള്‍ മൗനിയാണ്. ഞാനും മൗനി. അന്യോന്യം വര്‍ത്തമാനമില്ല. ബന്ധമില്ല. ഉച്ചയായി. എന്നെ കണ്ടപ്പോള്‍ അയാള്‍ക്കു പരിതാപം തോന്നി; ചെറുപ്പക്കാരന്‍ ആരോ! വളരെ വിശപ്പുള്ളതു പോലെ തോന്നുന്നു എന്നു തോന്നി. “കുറച്ചു ആഹാരം കൊണ്ടന്നു കൊടുക്കു” എന്നു ആരോടൊ പറഞ്ഞു, ആംഗ്യഭാഷയില്‍. അയാള്‍ കൊണ്ടുവന്നു. പുഴുക്കലരിയുടെ അന്നം, പുളിച്ച വെള്ളവും ഒരു ഉപ്പിലിട്ട കഷണവും. അതാണ് ശ്രീഅരുണാചലേശ്വരന്‍ തന്ന ആദ്യഭിക്ഷ. “സത്യമായിട്ടും ആ സുഖവും രുചിയും ഇപ്പോഴുള്ള ഭോജനത്തില്‍ കടുവോളം കാണുകയില്ല. പഞ്ചഭക്ഷ്യപരമാന്നംകൂടി അതിന്നു സമമല്ല”. എന്നരുളി ഭഗവാന്‍. “ഈ ആദ്യഭിക്ഷ ഭവാന്‍ വന്ന ദിവസമായിരുന്നുവോ ? എന്നു ചോദിച്ചു ഒരാള്‍ “അല്ല. അല്ല, മൂന്നാം ദിവസമാണു. അതാകുന്നു ഇനിക്കു ഈശ്വരന്‍ തന്ന ആദ്യഭിക്ഷ. ആ അന്നം തിന്നു, ആ ഉപ്പിലിട്ടതുംതൊട്ടു നക്കി, ആ വെള്ളവും കുടിച്ചു. ആ സുഖം ഇനി ഒരിക്കലും വരികയില്ല. ”

“ഭഗവാന്‍ ഭിക്ഷക്ക് പോകാനാരംഭിച്ച ഒരു കഥയുണ്ടല്ലോ” എന്നൊരു ഭക്തന്‍ ചോദിച്ചു. “അതെ! ഉണ്ട്. ഒരു ഭക്തസ്ത്രീയുണ്ടായിരുന്നു. ഇടക്കിടക്ക് ഏതെങ്കിലും ആഹാരം വന്നു കൊണ്ട് വന്നു തരും. ഒരു ദിവസം ആ സത്രീ സാധുക്കള്‍ക്കു ഭക്ഷണം ഏര്‍പ്പാടുചെയ്തു എന്നെയും ക്ഷണിച്ചു. “ഞാന്‍ ഭിക്ഷക്ക് പോകുകയാണ് വരുന്നില്ലെന്ന് ആംഗ്യം കാണിച്ചു. ഒന്നുകില്‍ സാധുക്കളില്‍ ചേരണം, അല്ലെങ്കില്‍ ഭിക്ഷക്ക് പോകണം. എന്താണ് വേണ്ടതെന്നു ചിന്തിച്ചു. ഒടുവില്‍ ഈശ്വരാജ്ഞയെന്നു കരുതി ഭിക്ഷക്കുതന്നെ പുറപ്പെട്ടു. തന്റെ സാധു ഭിക്ഷയിലേക്ക് വരുമോ ഇല്ലയോ എന്നു ആ അമ്മക്ക് സന്ദേഹം. ഏതായാലും ആ ഭക്ത ഒരാളെ എന്റെ പിന്നാലെ അയച്ചു. ആ ആളില്‍ നിന്നു മാറാന്‍ വേണ്ടി അരുണാചലക്ഷേത്രത്തിന്റെ ഇടതുഭാഗത്തു ഒരു വീഥിയില്‍ ചെന്നു ഒരു വീട്ടിന്മുന്നില്‍ നിന്നുകൊണ്ട് കയ്യ് തട്ടി. ആ ഗൃഹസ്ഥ എന്നെ കണ്ടു. എന്നെ കുറിച്ച് കേട്ടിരിക്കണം. “വാ! നായനാ!(മകനെ) വാ!എന്നു പറഞ്ഞു. മൃഷ്ടാന്നഭോജനംതന്നു; മകനെ എന്റെ മകന്‍ ഒന്നുപോയിപ്പോയി. നിന്നെകണ്ടാല്‍ എന്റെ മകനെപോലെയുണ്ട്. നിത്യം ഇങ്ങിനെ ഇവിടെ വരണം” എന്നു പറഞ്ഞു. ആ അമ്മയുടെ പേര്‍‍’മുത്തമ്മ’ എന്നാണെന്ന് പിന്നീടറിഞ്ഞു. ” എന്നരുളി ഭഗവാന്‍.

4-1-’46