‘ജ്ഞാനി ആശാൻ എന്ന യോഗീശ്വരൻ’ എന്ന പുസ്തകത്തില്‍, ശ്രീ. കെ. രാജേന്ദ്രൻ, ശ്രീവാസ്, ആലന്തറ എഴുതിയ ജീവചരിത്രക്കുറിപ്പ്.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്-ചിറയിൻകീഴ് താലൂക്കുകളുടെ അതിർത്തിഗ്രാമമായ മുദാക്കൽ, വാവൂക്കോണത്തുവീട്ടിൽ 1920 ആഗസ്റ്റ് 14-ന് ആയില്യം നക്ഷത്രത്തിൽ പരമഭക്തരായ കൃഷ്‌ണപിള്ള-ലക്ഷ്മി അമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടേയും ശ്രീനാരായണ ഗുരുവിൻ്റേയും സമകാലീനനും അവരുടെ സുഹൃത്തുമായിരുന്ന പരമേശ്വരത്ത് പരമേശ്വര്യനാശാൻ (ജ്ഞാനിആശാൻ) ആയിരുന്നു പിതാമഹൻ. പരമേശ്വരൻപിള്ള എന്ന പേരുതന്നെ അച്ഛനമ്മമാർ കുട്ടിക്ക് നൽകി. പിൽക്കാലത്ത്, ഈ ബാലനിൽ വിളങ്ങിയിരുന്ന ഈശ്വരഭക്തി, വിനയം, ശാന്തശീലം, സത്സംഗതാൽപര്യം എന്നിവകണ്ട്, കുളത്തൂർ സ്വയം പ്രകാശയോഗിനി അമ്മ സാധുശീലൻ പരമേശ്വരൻപിള്ള എന്നുവിളിച്ചു.
60-ാമത്തെ വയസ്സിൽ സന്യാസം സ്വീകരിക്കുന്നതുവരെ ആ പേരിലാണ് അറിയപ്പെട്ടിരുന്നതും എഴുതിയിരുന്നതും. സാമ്പത്തികമായി പിന്നോക്കമായിരുന്ന ഒരു കർഷകകുടുംബത്തിൽ ജനിച്ചതിനാൽ ഔപചാരിക വിദ്യാഭ്യാസം കൂടുതൽ നേടാനായില്ല. 13-ാമത്തെ വയസ്സിൽ ഒരു നിയോഗം പോലെ വീടുവിട്ടിറങ്ങി. 27-ാമത്തെ വയസ്സിലാണ് തിരികെ നാട്ടിൽ വരുന്നത്. ഇക്കാലയളവിൽ, ഒരു സത്യാന്വേഷിയായി ഒരു പരിവ്രാജകനെപ്പോലെ ഭാരതമൊട്ടാകെ സഞ്ചരിച്ചു. കൈയ്യിൽ പണമില്ലാതെ, ഒരു സഹായിയുമില്ലാതെ, ഇന്നത്തെ ഗതാഗത സൗകര്യങ്ങളോ, വാര്‍ത്താവിനിമയ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്തെ ആ യാത്രയുടെ വിഷമതകൾ വിവരണാതീതമാണ്. ഭാരതത്തെ കണ്ടെത്താനുള്ള അദമ്യമായ ആഗ്രഹം കൊണ്ടുചെന്നെത്തിച്ചത്, പുണ്യാത്മാക്കളുടെ വാസസ്ഥലങ്ങൾ, പുണ്യസ്ഥലങ്ങളം ക്ഷേത്രങ്ങളും, ഹിമാലയസാനുക്കൾ തുടങ്ങി ശ്രീബുദ്ധന്റെ ജന്മസ്ഥലം വരെ ആയിരുന്നു. ഇതിനിടയിൽ സ്വപ്രയത്നംകൊണ്ട് പഠിച്ച് ബിരുദങ്ങളും നേടി.
അക്കാലത്തെ പ്രസിദ്ധ സന്യാസിമാർ, യോഗികൾ, സിദ്ധന്മാർ എന്നിവരുമായും ഗാന്ധിജി, വീരസവർകർ, സുബാഷ് ചന്ദ്രബോസ്, ശ്യാമപ്രസാദ് മുഖർജി, ശ്രീസത്യമൂർത്തി, എൻ. സി. ചാറ്റർജി, ഡോ: ഹെഡ്ഗേവാർ, രവീന്ദ്രനാഥ ടാഗോർ തുടങ്ങി ദേശീയ നേതാക്കന്മാരുമായും സ്വാമി അഭേദാനന്ദ മഹാരാജ് (ബംഗാൾ), ശ്രീമദ് വിരജാനന്ദസ്വാമികൾ തുടങ്ങിയ അനേകം ആദ്ധ്യാത്മികാചാര്യന്മാരുമായും സമ്പർക്കപ്പെട്ടു. ഡൽഹിയിൽവച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്അറസ്റ്റിലായിട്ടുണ്ട്. പിന്നീട് ഇന്ത്യാഗവൺമെനിൻ്റെ വാർത്താവിതരണ വകുപ്പിലെ ഒരുദ്യോഗം സ്വീകരിക്കുകയും ഡൽഹിയിലും പിന്നെ മദ്രാസിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്‍റെ നിയോഗം അതല്ലെന്ന് തോന്നിയപ്പോൾ ജോലി രാജിവച്ചിട്ട് അഖിലാരത ആര്യ (ഹിന്ദു) ധർമ സേവാസംഘത്തിലെ മിഷണറിയായി കേരളത്തിലെത്തി. പിന്നീടുള്ള ജീവിതം കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക രംഗത്തിന്റെ ഭാഗമായിത്തീർന്നു. ഇവിടെയും അദ്ദേഹം ബന്ധപ്പെടാത്ത ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ, മഠങ്ങൾ, ആചാര്യന്മാർ, സാംസ്കാരിക നായകന്മാർ വിരളമായിരുന്നു. ശ്രീമദ് ആഗമാനന്ദസ്വാമികൾ, പി.ആർ. രാജരാജവർമ്മ, മന്നത്തുപത്മനാഭൻ, കുഞ്ഞുണ്ണിമാഷ്, മഹാകവി പി. കുഞ്ഞിരാമൻനായർ തുടങ്ങി അനേകം പേരുമായി ഊഷ്‌മളമായ ബന്ധമാണുണ്ടായിരുന്നത്. 1957 മുതൽ 62 വരെ കേസരിയുടെ പത്രാധിപരായിരുന്നു. അക്കാലത്ത് കോഴിക്കോട് ശ്രീകൃഷ്ണജന്മാഷ്ടമി സമിതി, ഗോഹത്യാനിരോധന സമിതി, ശ്രീ ശാരദാഭക്ത സമിതി എന്നിവ സംഘടിപ്പിച്ചു.
1962-ൽ കന്യാകുമാരിയിൽ വിവേകാനന്ദ ശിലാസ്ഥാരകം നിർമ്മിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തു. ആദ്യകാലത്ത് ശിലാസ്മാരക കമ്മിറ്റി പ്രസിഡൻ്റ് ശ്രീ. മന്നത്ത് പത്മനാഭനും സെക്രട്ടറി സാധുശീലനും ആയിരുന്നതിനാൽ മന്നത്തിന്റെ പ്രത്യേക പ്രീതിയും അഭിനന്ദനങ്ങളും നേടി. എല്ലാവിധ എതിർപ്പുകളേയും അതിജീവിച്ച് 1964-ൽ ആരംഭിച്ച പണി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്റ്റേറ്റ് ഗവൺമെന്റുകളുടെയുമൊക്കെ സഹായത്താൽ 1970-ൽ പൂർത്തിയാക്കി. രണ്ടുമാസം നീണ്ടുനിന്ന ഉത്ഘാടന പരിപാടികൾക്ക് നേതൃത്വം നൽകി. 1980-ൽ അറുപതാം വയസ്സിൽ പ്രസിദ്ധ ആദ്ധ്യാത്മികാചാര്യനായിരുന്ന ശ്രീമദ് ജ്ഞാനാനന്ദ സരസ്വതി സ്വാമികളിൽനിന്നും പരമേശ്വരാനന്ദ സരസ്വതി എന്ന പേരിൽ സന്യാസം സ്വീകരിക്കുന്നതുവരെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഭരണസമിതിയിൽ പ്രവർത്തിച്ചു. സന്യാസിയായ ശേഷം ഭൗതികമായ ചുമതലകളെല്ലാം വിട്ടു കന്യാകുമാരിയിൽ ശ്രീകൃഷ്ണമന്ദിർ ആശ്രമം സ്ഥാപിച്ച് 18 വർഷം ഗുരുനാഥനോടൊപ്പം ജ്ഞാനയജ്ഞത്തിലേർപ്പെട്ടു. ഗുരുവിന്റെ സമാധിക്കുശേഷം 1998 ൽ തൃശൂർ ജില്ലയിൽ കനകമലയുടെ അടിവാരത്ത് ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചു. ആ സ്ഥലം ഇപ്പോൾ ‘പരമേശ്വരം’ എന്നറിയപ്പെടുന്നു. ആറുവർഷത്തിനുശേഷം ഷൊർണൂരിനടുത്ത് ഇരുനിലക്കോട് ഗുഹാക്ഷേത്രത്തിനടുത്തായി ജ്ഞാനാനന്ദകുടീരം സ്ഥാപിച്ചു.
സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ അവഗാഹം നേടിയ സ്വാമിജി അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അവയിൽ “ഹിന്ദുധർമ പരിചയം”, “ഷോഡശസംസ്കാരങ്ങൾ’ തുടങ്ങിയവ വളരെ പ്രസിദ്ധങ്ങളും അനേകം പതിപ്പുകൾ വേണ്ടിവന്നവയുമാണ്. ജപ്പാൻ പ്രൊഫസറായ നിഷിമുറേയോടൊപ്പം മൂന്നുമാസത്തിലധികം നീണ്ടുനിന്ന ഭാരത-നേപ്പാൾ പര്യടനത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച “കന്യാകുമാരി മുതൽ കപിലവാസ്‌തുവരെ” എന്ന യാത്രാവിവരണ ഗ്രന്ഥം യാത്രാകുതുകികൾക്ക് നല്ലൊരു വഴികാട്ടി കൂടിയാണ്.
ശ്രീകൃഷ്ണണ ധർമ പ്രചരണത്തിനു നൽകിയ സംഭാവനകളെ മാനിച്ച് 2004-ൽ സ്വാമിജിക്ക് ജന്മാഷ്മി പുരസ്‌കാരം നൽകി ആദരിച്ചു. 2005-ൽ ശ്രീരാമകൃഷ്ണമഠം ഏർപ്പെടുത്തിയിട്ടുള്ള സ്വാമി സിദ്ധിനാഥാനന്ദ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. സ്വാമിജിക്ക് മുപ്പതിലധികം സന്യാസി ശിഷ്യന്മാരുണ്ട്. കേരളത്തിനകത്തും പുറത്തുമായി സ്വന്തം ആശ്രമങ്ങൾ സ്ഥാപിച്ച് അവർ സന്യാസിധർമമനുസരിച്ച് കഴിഞ്ഞുവരുന്നു.