യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 141 [ഭാഗം 3. ഉത്പത്തി പ്രകരണം]
ഇത്യേവം രാഘവാവിദ്യാ മഹതി ഭ്രമദായനി
അസത്സത്താം നയത്യാശു സച്ചാസത്താം നയത്യലം (3/121/10)

വസിഷ്ഠന്‍ തുടര്‍ന്നു: തനിക്ക് മോഹവിഭ്രാന്തിയുണ്ടായതിന്റെ പിറ്റേന്ന് ലവണ രാജാവ് ഇങ്ങിനെ ചിന്തിച്ചു: “ഞാന്‍ ഇന്നലെയാ മോഹദര്‍ശനത്തില്‍ കണ്ട സ്ഥലങ്ങളെല്ലാം എനിക്കൊന്നു സന്ദര്‍ശിക്കണം. അവ യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കിലോ?” ഉടനേ തന്നെ പരിവാരസമേതം രാജാവ് തെക്കുദേശത്തേക്ക് യാത്ര പുറപ്പെട്ടു. താമസംവിനാ അദ്ദേഹം തന്റെ മോഹദര്‍ശനത്തില്‍ കണ്ടതരം ആളുകളേയും ദേശവും കണ്ടു. ഗോത്രവര്‍ഗ്ഗക്കാരനായിരുന്നപ്പോള്‍ കണ്ടുമുട്ടിയ അതേ ആള്‍ക്കാരെ അദ്ദേഹമവിടെ കണ്ടു. തന്റെ അഗതികളായ മക്കളും അവിടെയുണ്ടായിരുന്നു. അവിടെ ഒരു വൃദ്ധ ദു:ഖിച്ചു വിലപിക്കുന്നു: എന്റെ പ്രിയതമാ, ഞങ്ങളെ ഇവിടെയിട്ട് അങ്ങ് പോയതെങ്ങോട്ടാണ്‌? എന്റെ മകള്‍ ഭാഗ്യശാലിയായതുകൊണ്ട് സുന്ദരനും വീരനുമായൊരു രാജാവിനെ അവള്‍ക്ക് ഭര്‍ത്താവായി ലഭിച്ചു. അവളും ഇപ്പോഴെനിക്കു നഷ്ടമായിരിക്കുന്നു. അവരെല്ലാം എവിടെപ്പോയി? എല്ലാവരും എന്നെ വിട്ടു പോയിരിക്കുന്നു!.

രാജാവ് അവരെ സമീപിച്ച് ആശ്വാസവചനങ്ങള്‍ പറഞ്ഞു. അവര്‍ തന്റെ ഗോത്രവര്‍ഗ്ഗഭാര്യയുടെ മാതാവാണെന്നു തിരിച്ചറിഞ്ഞു. താന്‍ തലേന്ന് ദര്‍ശനത്തില്‍ കണ്ടിട്ടുള്ളതും ഇപ്പോള്‍ അവര്‍ അനുഭവിക്കുന്നതുമായ വരള്‍ച്ചയില്‍ കഷ്ടപ്പെടുന്ന അവര്‍ക്കുവേണ്ടി രാജാവ് ദയാപൂര്‍വ്വം ആവശ്യമുള്ള ധനം നല്‍കി. അവരുമൊത്ത് കുറച്ചു സമയം ചിലവഴിച്ചശേഷം രാജാവ് കൊട്ടാരത്തില്‍ തിരിച്ചെത്തി. പിറ്റേന്ന് രാജാവ് എന്നെ വിളിച്ച് ഇതിന്റെയെല്ലാം അര്‍ത്ഥം മനസ്സിലാക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്റെ വിശദീകരണത്തില്‍ രാജാവ് സന്തുഷ്ടനായി. രാമാ, സത്തിനേയും അസത്തിനേയും തമ്മില്‍ വേര്‍തിരിക്കാനാവാത്തവണ്ണം സങ്കീര്‍ണ്ണമാക്കാന്‍ അവിദ്യയ്ക്കുള്ള ശക്തി അദമ്യമാണ്‌.

രാമന്‍ ചോദിച്ചു: മഹര്‍ഷേ തികച്ചും വിസ്മയകരമാണത്. സ്വപ്നത്തില്‍ അല്ലെങ്കില്‍ വിഭ്രാന്തിയില്‍ കണ്ട കാര്യങ്ങള്‍ ജാഗ്രദാവസ്ഥയില്‍ യാഥാര്‍ത്ഥ്യമായി കാണാന്‍ സാധിക്കുന്നതെങ്ങിനെ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഇതെല്ലാം അവിദ്യയാണ്‌. അകലെ, അരികെ, ക്ഷണനേരം, യുഗപര്യന്തം, ഭ്രമകല്‍പ്പനകള്‍, എല്ലാം. അവിദ്യയുടെ പ്രഭാവത്താല്‍ സത്തായത് അസത്തായും, അസത്തായത് സത്തായും കാണപ്പെടുന്നു. മനോപാധികള്‍ ഉള്ളതിനാല്‍ ജീവബോധത്തില്‍ ഏതേതു ചിന്തകളുണ്ടാവുന്നുവോ അവ ധാരണകളാവുന്നു. അജ്ഞാനംമൂലം അഹംകാരഭാവം ഉദിക്കുമ്പോള്‍ ആദിമദ്ധ്യാന്തങ്ങളുള്ള ഒരു മോഹവിഭ്രാന്തികൂടി അവിടെ ഉദയം ചെയ്യുന്നു. അങ്ങിനെ മോഹത്തിനടിമയായവന്‍ സ്വയം ഒരു മൃഗമെന്നുകരുതി ഇതെല്ലാം അനുഭവിക്കുന്നു.

ഇതെല്ലാം സംഭവിക്കുന്നത് തികച്ചും ആകസ്മികമായാണ്‌. കാക്കയും പനമ്പഴവും പോലെ. കാക്ക ഒരു മരക്കൊമ്പില്‍ പറന്നുവന്നിരിക്കുമ്പോഴേക്കും പഴം വീഴുന്നത് കാക്കയുടെ ചെയ്തിയൊന്നും അല്ല. അങ്ങിനെ കാണുന്നവര്‍ക്കു തോന്നുമെങ്കിലും. അപ്രകാരം വെറും ആകസ്മികതകൊണ്ടു മാത്രം അയാഥാര്‍ത്ഥ്യമായത് യാഥാര്‍ത്ഥ്യമായി തോന്നുകയാണ്‌.