ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്
ശ്ലോകം 9

യജ്ഞാര്‍ത്ഥാത് കര്‍മ്മണോ ഽ ന്യത്ര
ലോകോ ഽ യം കര്‍മ്മബന്ധനഃ
തദര്‍ത്ഥം കര്‍മ്മ കൗന്തേയ
മുക്തസംഗഃ സമാചാര.

അര്‍ഥം :
അല്ലയോ കൗന്തേയ, യജ്ഞാര്‍ത്ഥമായ കര്‍മ്മം (ഈശ്വരാരാധനാര്‍ത്ഥമായ കര്‍മ്മം)ഒഴിച്ച് മറ്റെല്ലാ കര്‍മ്മങ്ങളാലും ഈ ലോകം (ജീവികള്‍) ബന്ധിക്കപ്പെട്ടിരിക്കുന്നു. അക്കാരണത്താല്‍ നീ ഫലാപേക്ഷ കൂടാതെ ഈശ്വരാര്‍പ്പണമായി കര്‍മ്മം ചെയ്യുക.

ഭാഷ്യം :
ധര്‍മ്മാചാരപ്രകാരം നിത്യവും അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങള്‍ മുറ പ്രകാരമുള്ള യജ്ഞങ്ങളാണ് അപ്രകാരമുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നത് കൊണ്ട് ആര്‍ക്കും പാപം ഏശുകയില്ല. എന്നാല്‍ തനിക്ക്
വിധിക്കപ്പെട്ട കര്‍മ്മങ്ങള്‍ ഒഴിവാക്കി പാപകരമായ പ്രവര്‍ത്തനങ്ങളില്‍ ആനന്ദം കൊള്ളുന്ന ഒരുവന്‍ സംസാര ബന്ധത്തില്‍പെട്ടുഴാലാന്‍ ഇടയാകുന്നു. അതുകൊണ്ട് ഒരുവന്‍ തന്റെ കര്‍ത്തവ്യം എന്ന നിലയില്‍ ഈശ്വരാരാധനാര്‍ത്ഥമായ കര്‍മ്മം ചെയ്യുകയാണെങ്കില്‍ അവന്‍ ഒരിക്കലും ജനനമരണങ്ങളാല്‍ ബന്ധിതനാവുകയില്ല. മറ്റെല്ലാ കര്‍മ്മങ്ങളും ഒരുവന്റെ ആത്മാവിനെ ലോകത്തില്‍ തളച്ചിടുകയാണ് ചെയ്യുന്നത്. മനുഷ്യന്‍ മായാവലയത്തില്‍പ്പെട്ട് മോഹിതനാകുമ്പോള്‍ അവന്‍ അപഥസഞ്ചാരം ചെയ്യുകയും അവന്റെ കര്‍മ്മങ്ങള്‍ അവനെ ബന്ധിതനാക്കിത്തിര്‍ക്കുകയും ചെയ്യുന്നു.

പാര്‍ത്ഥാ, സൃഷ്ടാവ് എല്ലാ വ്യവസ്ഥകളോടും കൂടി ഈ ലോകം സൃഷ്ടിച്ചതിനെപ്പറ്റിയുള്ള ഒരു വൃത്താന്തം ഞാന്‍ നിന്നോട് പറയാം.