വെബ്സൈറ്റില്‍ നേരിട്ടു വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ.

ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം PDF ഡൌണ്‍ലോഡ് ചെയ്യാം.

ഭഗവദ്ഗീതയെ കുറിച്ച്

ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത. തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. വ്യാസമഹര്‍ഷിയാണ്‌ ഭഗവദ്ഗീത ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയില്‍ ആകെ ഉള്ളത്.

കുരുക്ഷേത്രയുദ്ധത്തിനു മുന്‍പ് ബന്ധുക്കളും ഗുരുക്കന്മാരും ഉള്‍പ്പെട്ട കൗരവസൈന്യത്തോട് ഏറ്റുമുട്ടുവാന്‍ വിമുഖത കാട്ടിയ അര്‍ജ്ജുനനെ ധര്‍മ്മം കാത്തുസൂക്ഷിക്കാന്‍ യുദ്ധം ചെയ്യുവാനായി കൃഷ്ണന്‍ കാര്യകാരണസഹിതം ഉപദേശിക്കുന്നതായിട്ടാണ് ഗീത രചിച്ചിരിക്കുന്നത്. കുരുക്ഷേത്രയുദ്ധം കാണുവാന്‍ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയന്‍ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് വ്യാസന്‍ വിവരിച്ചിരിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മുടെയുള്ളില്‍ വളരെയധികം ആശയസംഘട്ടനങ്ങള്‍ നടക്കാറുണ്ട്. ചിലപ്പോള്‍ ഒരു തീരുമാനത്തില്‍ എത്താന്‍ വളരെ പ്രയാസമായിരിക്കും. നമ്മുടെ വൈകാരിക ചിന്തയും ബോധവും തമ്മിലാണ് ഈ ആശയ സംവാദം നടക്കുന്നത്.

ശ്രീകൃഷ്ണനെപ്പോലെയുള്ള ദൈവീക ബിംബങ്ങളില്‍ താങ്കള്‍ വിശ്വസിക്കുന്നില്ലെങ്കിലും ഭഗവദ്ഗീത വായിക്കുക. അര്‍ജ്ജുനനെ താങ്കളുടെ വൈകാരിക ചിന്തയായും, ശ്രീകൃഷ്ണനെ ധര്‍മ്മത്തിലുറച്ച നിങ്ങളുടെ ബോധമായും കരുതുക. എന്നിട്ട് ധാരാളം വായിച്ചു ആസ്വദിക്കുക, ചിന്തിക്കുക.

അതല്ലെങ്കില്‍ താങ്കളെ അര്‍ജ്ജുനനായി സങ്കല്‍പ്പിച്ചു ഭഗവാനോട് അല്ലെങ്കില്‍ ഗുരുവിനോട് സംവദിക്കുന്നതുപോലെ വായിച്ചാല്‍ ഗീതയുടെ തത്ത്വാര്‍ത്ഥം ഗ്രഹിക്കാന്‍ എളുപ്പമായിരിക്കും എന്ന്‍ ഈയുള്ളവന്‍ കരുതുന്നു.

ചിലപ്പോള്‍ ചില വരികളോ വാക്കുകളുടെ അര്‍ത്ഥമോ പരാമര്‍ശിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളെയോ മനസ്സിലായില്ലെന്ന് വര‍ാം, എന്നിരുന്നാലും വായന തുടരുക. മനസ്സിവാത്തത് പോകട്ടെ, മനസ്സിലാക്കാന്‍ പറ്റുന്നതുതന്നെ ധാരാളം ഉണ്ട്, വായന തുടരുക.

കൂടുതല്‍ ആവര്‍ത്തി വായിക്കുമ്പോള്‍ കൂടുതല്‍ ആന്തരിക അര്‍ത്ഥങ്ങള്‍ വെളിവായിക്കൊണ്ടിരിക്കും.

ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യത്തെ കുറിച്ച്

മഹാരാഷ്ട്രയില്‍ ഏറ്റവും പ്രചാരമുള്ള ആദ്ധ്യാത്മികഗ്രന്ഥമാണ് ജ്ഞാനേശ്വരി എന്ന ഭഗവദ്ഗീത വ്യാഖ്യാനം. പതിമൂന്ന‍ാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയില്‍ ജീവിച്ചിരുന്ന ജ്ഞാനേശ്വരന്‍ എന്ന യോഗി കേവലം പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് പ്രാചീനമായ മറാത്തി ഭാഷയില്‍ ഓവി വൃത്തത്തിലുള്ള ശ്ലോകങ്ങളായിട്ട് ജ്ഞാനേശ്വരി രചിച്ചത്.

സംസ്കൃത ശ്ലോകത്തിനും അതിന്റെ പദാനുപദ വ്യാഖ്യാനത്തിനും പ്രാധാന്യം കൊടുക്കാതെ, ഒരു സാധാരണക്കാരനു ഗീതയുടെ തത്ത്വാര്‍ത്ഥം പകര്‍ന്നുകൊടുക്കാന്‍ ജ്ഞാനേശ്വരന്‍ ഈ ഗ്രന്ഥത്തില്‍കൂടി ശ്രമിക്കുന്നു.

വളരെ ലളിതവും സുഗ്രാഹ്യവുമാണ് ഈ ഭാഷ്യം. അക്ഷരജ്ഞാനമുള്ള എല്ലാവര്‍ക്കും വായിച്ചു മനസ്സിലാക്കത്തക്കവിധത്തിലാണ് അദ്ദേഹം വേദാന്തവിഷയങ്ങള്‍ അനാവരണം ചെയ്തിരിക്കുന്നത്. സാധാരണക്കാരന്റെ മനസ്സില്‍ ആഴ്ന്നിറങ്ങുന്ന രീതിയിലുള്ള ഉപമകളാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.

ശ്രീ എം പി ചന്ദ്രശേഖരന്‍ പിള്ള തര്‍ജ്ജമ ചെയ്തു ആനന്ദാശ്രമം (ആനന്ദാശ്രമം പി ഓ, കാഞ്ഞങ്ങാട്, പിന്‍ 671531) പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ വാങ്ങേണ്ടതും വായിക്കേണ്ടതും ആണ്. (ISBN 81-240-0166-9)

ആദ്യത്തെ കുറച്ച് അദ്ധ്യായങ്ങള്‍ ഈയുള്ളവന്‍ കുറേശ്ശെ ആയി ഇവിടെ ടൈപ്പ് ചെയ്തു പ്രസിദ്ധീകരിക്കാന്‍ ശ്രമിക്ക‍ാം.

ആദ്യത്തെ മൂന്ന് അദ്ധ്യായങ്ങള്‍ ആകുമ്പോള്‍ വായനയ്ക്ക് അനുയോജ്യപ്രദമായ രൂപത്തില്‍ ഒരു PDF ഇ-ബുക്ക് ആയി ഇവിടെ പ്രസിദ്ധപ്പെടുത്ത‍ാം. നിങ്ങള്‍ക്ക് കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ആവ‍ാം.

ഭാരതീയ വിദ്യാഭവന്റെ ആംഗലേയ പരിഭാഷ ഇവിടെയും ഇവിടെയും വായിക്ക‍ാം.