വീണ്ടുമൊരു കര്‍ക്കടക മാസം വരവായി. ആടിമാസമെന്നും പഞ്ഞമാസമെന്നും രാമായണമാസമെന്നും അറിയപ്പെടുന്ന കര്‍ക്കടകമാസത്തില്‍ ആയുര്‍വേദ ചികിത്സകള്‍ക്കും ആദ്ധ്യാത്മരാമായണ പാരായണം തുടങ്ങിയ ആദ്ധ്യാത്മിക ആചാരങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുവരുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശുദ്ധിക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകട്ടെ ഈ കര്‍ക്കടകവും.

അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പി ഡി എഫ് ആയി ഡൗണ്‍ലോഡ് ചെയ്യാനും ഓരോ ഭാഗങ്ങളായി വെബ്സൈറ്റില്‍ വായിക്കാനും പരമ്പരാഗത രാമായണ പാരായണം കേള്‍ക്കാനും അങ്ങനെ അദ്ധ്യാത്മരാമായണം പാരായണം ചെയ്തു പഠിക്കാനുമുള്ള സൗകര്യം ശ്രേയസ്സില്‍ ലഭ്യമാണ്. ഓരോ കാണ്ഡവും ഒന്നിച്ചു ഡൗണ്‍ലോഡ് ചെയ്യാനായി ZIP ഫോര്‍മാറ്റില്‍ ഉടനെതന്നെ തയ്യാറാക്കി ലഭ്യമാക്ക‍ാം.

കൂടാതെ, ആദ്ധ്യാത്മ രാമായണത്തിന്റെ ആന്തരികാര്‍ത്ഥം സാധാരണക്കാര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ സ്വാമി ജ്ഞാനാനന്ദ സരസ്വതി എഴുതിയ രാമായണ തത്ത്വം എന്ന ഗ്രന്ഥത്തെ അധികരിച്ച് തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് ഭഗവദ്ഗീത പ്രസിദ്ധീകരിച്ച MP3 ഓഡിയോ ശ്രവിക്കുന്നത് ഈ കര്‍ക്കിടകത്തില്‍ തീര്‍ച്ചയായും ഉത്തമമാണ്.

ആദ്ധ്യാത്മ രാമായണം അധികരിച്ച് സ്വാമി ഉദിത്‌ ചൈതന്യാജിയുടെ രാമകഥാസാഗരം പ്രഭാഷണം ടി വി ചാനലില്‍ കാണാറുണ്ടല്ലോ. ആ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോയും ശ്രേയസ്സില്‍ ലഭ്യമാണ്.

കൂടാതെ, യാഗസംരക്ഷണത്തിനായി ശ്രീരാമലക്ഷ്ണന്മാരെ കാട്ടിലേയ്ക്ക് അയയ്ക്കുവാന്‍ തീരുമാനിച്ച അവസരത്തില്‍ വിശ്വാമിത്ര മുനി പറഞ്ഞതനുസരിച്ച് , വസിഷ്ഠമഹര്‍ഷി ശ്രീരാമന് നല്‍കുന്ന ജ്ഞാനോപദേശമായ യോഗവാസിഷ്ഠം എന്ന ഗ്രന്ഥവും ഈ അവസരത്തില്‍ തീര്‍ച്ചയായും വായിക്കേണ്ടതാണ്.

ഈ കര്‍ക്കടകം രാമായണ പഠനത്തിനും കൂടുതല്‍ അറിയാനുള്ള ചര്‍ച്ചകള്‍ക്കും സത്സംഗത്തിനും ആത്മവിചിന്തനത്തിനുമായി നമുക്ക് പ്രയോജനപ്പെടുത്ത‍ാം. നമ്മളെല്ലാവരും ആത്മാവില്‍ രമിച്ച് ആത്മാരാമന്മാരാവാനുള്ള കൃപ ഉണ്ടാകട്ടെ.