ശ്രീ രമണമഹര്‍ഷി

മേയ്‌ 15, 1935

4. നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു: ജീവശാസ്ത്രജ്ഞന്മാര്‍ പറയുന്നു, ഹൃദയസ്ഥാനം ശരീരത്തിന്റെ ഇടതു വശത്താണെന്ന്‌, അങ്ങു പറയുന്നു വലതു ഭാഗത്താണെന്ന്‌, വലതു വശത്താണെന്നതിനു പ്രമാണമെന്തെങ്കിലുമുണ്ടോ?

ഉ: ആഹാ, ഉണ്ട്‌, ഇടതു വശത്തുള്ളത്‌ സ്ഥൂലശരീരത്തിന്റെ രക്താശയമായ ഹൃദയമാണ്‌. ഞാന്‍ പറഞ്ഞ ഹൃദയം അതല്ല. ജീവവികാസത്തിനു ഹേതുവായ ഹൃദയം മാറിടത്തിന്റെ വലത്‌ വശത്തുതന്നെയാണ്‌. ഇതെന്റെ അനുഭവമായതുകൊണ്ട്‌ പ്രമാണത്തിന്റെ ആവശ്യമില്ല. എന്നാലും മലയാളം അഷ്ടാംഗഹൃദയത്തില്‍ കുറേക്കാലം കഴിഞ്ഞു ഞാന്‍ ഇതിനു പ്രമാണം കണ്ടെത്തി (ആ പദ്യം മഹര്‍ഷി പറഞ്ഞു). ഇനി സിതോപനിഷത്തിലും ഒരിടത്തു ഇക്കാര്യം പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്‌. നടുവക്ഷസ്സില്‍ രണ്ടു വിരല്‍ വലത്ത്‌ അഹന്തയുടെ കേന്ദ്രമായ ഹൃദയം ഇരിക്കുന്നുവെന്നും ഇതു നാഡികള്‍ , പ്രാണന്‍ ‍, മനസ്സ്‌, പ്രകാശം എന്നിവയുടെ മൂലസ്ഥാനമാണെന്നും മലയാളഗ്രന്ഥത്തില്‍ പറയുന്നു. സിതോപനിഷത്തില്‍ പ്രളയകാലത്ത്‌ ഭഗവാന്റെ യോഗശക്തി മാറിടത്തിനു വലതു ഭാഗത്തുള്ള ശ്രീവല്‍സരൂപത്തില്‍ അവശേഷിച്ചിരിക്കുന്നുവെന്നും പ്രസ്താവിച്ചിട്ടുണ്ട്‌.

“പ്രളയാവസ്ഥയാം വിശ്രമണാര്‍ത്ഥം
ഭഗവതോ ദക്ഷിണ വക്ഷഃസ്ഥലേ
ശ്രീവല്‍സാകൃതിര്‍ഭൂത്വാ വിശ്രാമ്യതീതി
സായോഗ ശക്തി ” എന്നിപ്രകാരം.

5. ‘കടലില്‍ മുങ്ങിയ ഉപ്പുപാവയെ ഒരു ജലസഹകഞ്ചുകം (Water-Proof Coat) രക്ഷിക്കുകയില്ല’ എന്ന്‌ ഈ സംസാരത്തിനു ഇടയ്ക്കുകയറി ഫ്രിഡ്‌മാന്‍ എന്ന ഒരു എന്‍ജിനീയര്‍ പ്രസ്താവിച്ചത് എല്ലാവര്‍ക്കും നേരമ്പോക്കായിത്തോന്നി, മറ്റുള്ളവര്‍ ചിരിച്ചുകൊണ്ട്‌ നല്ല ‘ഉദാഹരണം’ എന്നു കളിയാക്കി. മഹര്‍ഷി അതിനു ശരീരമാണ്‌ വെള്ളത്തില്‍ നനയാത്ത കുപ്പായം എന്നു കൂട്ടിച്ചേര്‍ത്തു.