മേയ് 15, 1935
8. ചോ: ഗുരൂപദേശം കൂടാതെ ഏതെങ്കിലും തരത്തില്‍ പഠിച്ചുകൊണ്ട് മന്ത്രങ്ങള്‍ ജപിക്കാമോ? അതുമൂലം മന്ത്രസിദ്ധി ഉണ്ടാകുമോ?
ഉ: മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല. ഒരാള്‍ അതിനു യോഗ്യനായിരിക്കണം. ഇതിനു ഭഗവാന്‍ ഒരു ഉദാഹരണം പറഞ്ഞു കേള്‍പ്പിച്ചു. ഒരു രാജാവ് തന്റെ മന്ത്രിയെ അയാളുടെ ഭവനത്തില്‍ ചെന്നു സന്ദര്‍ശിച്ചു. മന്ത്രി മന്ത്രം ജപിക്കുകയായിരുന്നു. രാജാവ് കാത്തിരുന്നു. ജപം തീര്‍ന്നതിനു ശേഷം മന്ത്രി വന്നു. ജപിച്ചതെന്തു മന്ത്രമാണെന്നു രാജാവ് ചോദിച്ചപ്പോള്‍ ഗായത്രിയാണെന്നു മന്ത്രി ഉത്തരം പറഞ്ഞു. തനിക്കും അത് പഠിപ്പിച്ചു കൊടുക്കാന്‍ രാജാവ് ആവശ്യപ്പെട്ടു. മന്ത്രം ഉപദേശിക്കാന്‍ താനധികാരിയല്ലെന്നായി മന്ത്രി. രാജാവ് പിന്നീട് വേറെ വിധത്തില്‍ പഠിച്ചു. മന്ത്രിയെ അതുരുവിട്ടു കേള്‍പ്പിച്ചിട്ടു ശരിയാണോ എന്നു ചോദിച്ചു. മന്ത്രം ശരിയാണെങ്കിലും രാജാവുച്ചരിക്കാന്‍ പാടില്ലെന്നു മന്ത്രി മറുപടി പറഞ്ഞു. രാജാവു കാരണം ചോദിച്ചു. ഉടനെ മന്ത്രി അടുത്തുണ്ടായിരുന്ന സേവകനോടു രാജാവിനെ പിടിച്ചു തടങ്കലില്‍ വയ്ക്കാനുത്തരവിട്ടു. സേവകന്‍ അനുസരിച്ചില്ല. കോപാകുലനായ രാജാവ് മന്ത്രിയെ തടങ്കലില്‍ വയ്ക്കാന്‍ സേവകനോടാജ്ഞാപിച്ചു. സേവകന്‍ ഉടനെ അപ്രകാരം ചെയ്തു. മന്ത്രി ചിരിച്ചുകൊണ്ട് അതാണുത്തരം എന്നു രാജാവിനോടു പറഞ്ഞു. എങ്ങനെ എന്നു ചോദിച്ചതിനു മന്ത്രി “ആജ്ഞയും ആജ്ഞാവഹനും ഒന്നു തന്നെ, പക്ഷെ അധികാരി മാറിപ്പോയി. എന്റെ ആജ്ഞ നിഷ്ഫലമായി, അങ്ങയുടേതു സഫലവുമായി. മന്ത്രത്തിന്റെ ഗതിയും ഇപ്രകാരം തന്നെ”.
9. വേറൊരാള്‍ ചോദിച്ചു: ഒരു ജ്ഞാനി ബാലനെപ്പോലെയാണെന്നു പറയുന്നതെന്താണ്?
ഉ: ഒരു തരത്തില്‍ ഒരു ജ്ഞാനിയും ഒരു ബാലനും ഒന്നുപോലെതന്നെ. ഒരു കാര്യം കാണുമ്പോള്‍മാത്രം ബാലന്‍ അതില്‍ രസിച്ചിരിക്കും. പിന്നീടു മറന്നുപോകും. പിന്നീടതിനെപ്പറ്റി യാതൊരു ചിന്തയുമില്ലാതിരിക്കും. അതു സംബന്ധിച്ചുള്ള ഒരു സംസ്കാരവും ബാലനെ ബാധിക്കുകയുമില്ല. ജ്ഞാനിയുടെ കാര്യത്തിലും ഇതു തന്നെ കഥ.