ശ്രീ രമണമഹര്‍ഷി

ജനുവരി 7, 1935

മിസിസ്‌ പിഗട്ട്‌: സത്യമറിയാന്‍ ഒരു ഗുരുവിന്റെ സഹായം വേണമെന്നുണ്ടോ?

ഉ: പഠിത്തം, ബോധനം, ധ്യാനം എന്നിതുകളെക്കാളും ഗുരുകാരുണ്യം മൂലമാണ്‌ സാക്ഷാല്‍ക്കാരം സിദ്ധിക്കുന്നത്‌. സാധനകളും മറ്റും ഈ സിദ്ധിക്ക്‌ പ്രേരകങ്ങള്‍ (രണ്ടാംതരം) മാത്രം. എന്നാല്‍ ഗുരുകാരുണ്യം അത്യന്താപേക്ഷിതമാണ്‌.

ചോ: ആത്മസാക്ഷാല്‍ക്കാരത്തിനുണ്ടാകാവുന്ന വിഘ്നങ്ങള്‍ എന്തെല്ലാം?

ഉ: പൂര്‍വ്വവാസനകള്‍

ചോ: ഈ വാസനകളെ എങ്ങനെ ശമിപ്പിക്കാം?

ഉ: ആത്മസാക്ഷാത്കാരം മൂലം.

ചോ: ഇത്‌ വിരോധാഭാസമായിരിക്കുന്നല്ലോ (സാക്ഷാത്ക്കരിച്ചാലേ വിഘ്നങ്ങള്‍ മാറുകയുള്ളൂ. എന്നാല്‍ വിഘ്നങ്ങള്‍ മാറിയാലേ സാക്ഷാത്ക്കരിക്കൂ എന്നും പറയുന്നത്‌ പരസ്പരവിരുദ്ധമല്ലേ)?

ഉ: വിഘ്നങ്ങള്‍ക്ക്‌ ഹേതു അഹങ്കാരമാണ്, എന്നിട്ട് ആ തടസ്സങ്ങള്‍ തിരിഞ്ഞുനിന്ന്‌ തന്നെ ബാധിക്കുന്നു എന്നു ഭാവിക്കുന്നതും അഹങ്കാരം തന്നെ. ഇതിന്റെ സത്യത്തെ അറിയാന്‍ അന്വേഷണം നടത്തുന്നതാരാണെന്നു കണ്ടുപിടിക്കുക. അപ്പോള്‍ താന്‍ തന്നെ അറിഞ്ഞു സാക്ഷാത്കരിച്ചുകൊള്ളും. (പൂര്‍വ്വവാസനാതടസ്സങ്ങള്‍ തനിക്കു ബാധകങ്ങളായിത്തീരാതിരിക്കുന്നതു ബോദ്ധ്യമാവും.)

ചോ: സാക്ഷാത്ക്കാരത്തിന്‌ സഹായകമായിരിക്കുന്നതെന്തെല്ലാം?

ഉ: വേദശാസ്ത്രോപദേശങ്ങളും ഗുരൂപദേശവും.

ചോ: ഈ ഉപദേശങ്ങള്‍ ചര്‍ച്ചകളോ പ്രഭാഷണങ്ങളോ അനുഷ്ഠാനങ്ങളോ ആയിരിക്കുമോ?

ഉ: അതെ. എന്നാല്‍ ഗുരുകാരുണ്യം മുഖ്യം. മറ്റെല്ലാം രണ്ടാം തരങ്ങളാണ്‌.