ജനുവരി 7, 1935
ചോ: ഗുരുകാരുണ്യമുണ്ടാവാന്‍ എത്രകാലം വേണ്ടിവരും?
ഉ: അതറിയാന്‍ എന്തിനാഗ്രഹിക്കുന്നു.
ചോ: ആശിക്കത്തക്കതാണോ അതെന്നറിയാന്‍.
ഉ: ഈ ആഗ്രഹവും ഒരു തടസ്സമാണ്. ആത്മാവ് കൂടെയുള്ളതാണ്. അതിനെകൂടാതെ ഒന്നുമില്ല. നീ അതായിട്ടേ ഇരിക്കൂ. ആഗ്രഹങ്ങളും സംശയങ്ങളും ഇല്ലാതെയാവും. അത് നിന്റെ ജാഗ്രത്തിനും സ്വപ്നത്തിനും സുഷുപ്തിക്കും സാക്ഷിയായി നില്‍ക്കുന്നു. ഈ അവസ്ഥാത്രയങ്ങളും അഹങ്കാരത്തിന്റേതുകളാണ്. ആത്മസ്ഥാനം അതിനും അപ്പുറത്താണ്. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ലേ? ഉറങ്ങിക്കിടക്കുമ്പോള്‍ താനുറങ്ങിക്കൊണ്ടിരിക്കുകയാണെന്നും താന്‍ ലോകത്തൊന്നുമേ അറിയാതിരിക്കുകയാണെന്നും നിങ്ങള്‍ക്കറിയാമായിരുന്നോ? താനുറങ്ങിയെന്നും ഉറക്കത്തില്‍ ഒന്നും അറിഞ്ഞുകൂടായിരുന്നുവെന്നും അറിയുന്നത് ഉറക്കം മാറിയതില്‍ പിന്നീടല്ലേ? ഉറക്കത്തില്‍ നാം ചത്തിട്ടില്ല എന്നു വരുത്താന്‍ പര്യാപ്തമായി നമ്മില്‍ അവശേഷിച്ചിരുന്ന ഒരു ചേതനാംശം നമുക്കെത്രത്തോളം അജ്ഞാതമായിരുന്നുവോ അതേ മട്ടില്‍ അത് നമ്മുടെ ഉണര്‍വ്വിലും അജ്ഞാതമായിത്തന്നെ ഇരിക്കുകയാണ്. ഉണര്‍വ്വില്‍ (ജാഗ്രത്തില്‍) ഉണര്‍ന്ന അറിവേതാണെന്നറിഞ്ഞാല്‍ (ജീവബോധത്തെ അറിഞ്ഞാല്‍) മൂന്ന് അവസ്ഥകള്‍ക്കും സാക്ഷിയായി നില്‍ക്കുന്ന സാക്ഷിയെ (ജ്ഞാന ചൈതന്യവസ്തുവിനെ) അറിയാനാവും. ഉറക്കത്തില്‍ അജ്ഞാതമായിട്ടാണെങ്കിലും അവശേഷിച്ചുനിന്ന അറിവിനെ അറിഞ്ഞാല്‍ ഈ സാക്ഷിയെ (ജ്ഞാനചൈതന്യവസ്തുവിനെ) അറിയാം.
ചോ: ഉറക്കത്തെ അറിയാന്‍ ശ്രമിച്ചാലും ഉറക്കം തന്നെ ഫലം.
ഉ: തരക്കേടില്ല.