ജനുവരി 7, 1935
ചോ: ഉറക്കം ശൂന്യമല്ലേ?
ഉ: ശൂന്യത്തെ അറിയുന്നതാര്? ഏത് സമയത്തായാലും നിങ്ങള്‍ക്ക് നിങ്ങള്‍ ഉണ്ടെന്നതിനെ നിഷേധിക്കാനാവുമോ? നിങ്ങളുടെ ഏതവസ്ഥക്കും അധാരമായ ആത്മസ്വരൂപം ഒന്നു തന്നെയാണ് അതെപ്പോഴുമുണ്ടുതാനും.
ചോ: ഉറങ്ങുമ്പോലെയിരുന്നുകൊണ്ട് മയങ്ങിപ്പോകാതെ ശ്രദ്ധിച്ചു കൊണ്ടിരിക്കണമോ?
ഉ: അതെ, മയങ്ങിപ്പോകാതെ ഉണര്‍വ്വോടുകൂടി (ശ്രദ്ധയോടുകൂടി, ബോധത്തോടുകൂടി) ഇരിക്കുന്നതാണ് ജാഗ്രദവസ്ഥ. അവിടെ ഉറക്കത്തിനു സ്ഥാനമില്ല. ഇതിനെയാണ് ഉറങ്ങാതെ ഉറങ്ങുക എന്നു പറയുന്നത്. അങ്ങനെയല്ലാതെ വിചാരങ്ങളുടെ പിറകേ പോയാല്‍ അത് നമ്മെ എവിടെയെല്ലാമോ കൊണ്ടുപോകും. തീരാത്ത അനര്‍ത്ഥങ്ങള്‍ക്കു നിമിത്തമാവുകയും ചെയ്യും.
ചോ: അപ്പോള്‍ വിചാരങ്ങള്‍ക്ക് അറുതി (ഹേതു) എന്താണെന്നന്വേഷിക്കണം.
ഉ; അതെ, അതാണ് ശരി. വിചാരത്തിനു ഹേതുവെന്തെന്നാരാഞ്ഞാല്‍ ത്തന്നെ വിചാരം ഇല്ലാതായിവരും. ആത്മാവു ശേഷിച്ചുനില്‍ക്കും. യഥാര്‍ത്ഥത്തില്‍ ആത്മാവിനു അകം പുറം എന്നൊന്നുമില്ല. അവ അഹങ്കാരത്തിന്റെ സങ്കല്‍പങ്ങളാണ്. അത് ഏറ്റവും നിര്‍മ്മലമായി താനേ താനായി നില്‍ക്കുന്ന പ്രകാശവസ്തുവാണ്.
ചോ: ബുദ്ധികൊണ്ടു തന്നല്ലോ അറിയണം? ബുദ്ധി, സാക്ഷാല്‍ക്കാരത്തിന് സഹായകമല്ലേ?
ഉ: അതെ, ഒരു പരിധിവരെ. ആത്മാവ് ബുദ്ധിക്കതീതമാണ്. ബുദ്ധിയും ഒടുങ്ങിയേടത്ത് ആത്മാവ് പ്രകാശിക്കുന്നു. (മനസ്സോടുകൂടി പഞ്ചേന്ദ്രിയവും അഴിഞ്ഞു ബുദ്ധിവൈഭവം മാഞ്ഞിരിക്കുന്ന സ്ഥാനത്തിനെയാണ് പരഗതി എന്നു പറയുന്നത് – എന്ന് കഠോപനിഷത്ത്)