ജനുവരി 7, 1935
ചോ: എന്റെ സാക്ഷാല്‍ക്കാരം മറ്റുള്ളവര്‍ക്കും നന്മയെ ചെയ്യുന്നുണ്ടോ?
ഉ: ആഹാ, തീര്‍ച്ചയായും. ഏറ്റവും ഉത്തമമായ പരോപകാരം അതാണ്. പക്ഷെ അവിടെ സഹായം വാങ്ങുവാന്‍ ആരുമുണ്ടായിരിക്കുകയില്ല. സ്വര്‍ണ്ണപ്പണിക്കാരന്‍ വിവിധ ആഭരണങ്ങളിലും ഒരേ സ്വര്‍ണ്ണത്തെയല്ലേ കാണുന്നത്. അതുപോലെ സാക്ഷാല്‍ക്കാരത്തിലിരിക്കുന്നയാളും താനൊരാളിനെത്തന്നെ എല്ലാത്തിലും കാണുന്നു. ദേഹമാണ് താനെന്നിടത്ത് നനാവിധ നാമരൂപങ്ങള്‍ തോന്നുന്നു. നാം ദേഹമല്ലെന്നാവുമ്പോള്‍ ദേഹബോധത്തോടുകൂടി അന്യത്വമെന്ന ഭേദബുദ്ധിയും നശിക്കും.
ചോ: വൃക്ഷലതാദി അചരങ്ങള്‍ക്കും ഇതാണോ അനുഭവം?
ഉ: തന്നെക്കൂടാതെ ഈ ലോകത്തെന്തെങ്കിലും സ്ഥിതിയുണ്ടോ എന്നു നോക്കൂ. നിങ്ങള്‍ അവയെ കാണുന്നു എന്ന് വിചാരിക്കുന്നു. ഈ വിചാരം ആത്മാവില്‍പ്പെട്ടുനില്‍ക്കുന്നതാണ്. ഈ വിചാരം എവിടെ നിന്നും ഉദിക്കുന്നു എന്നു ശ്രദ്ധിച്ചാല്‍ വിചാരം ശമിച്ച് ആത്മാവ് മാത്രം അവശേഷിക്കും.
ചോ: തത്വത്തില്‍കൂടി ഇത് മനസ്സിലാകും. പക്ഷെ വൃക്ഷാദികള്‍ പിന്നെയും അവിടെയുണ്ട്.
ഉ: ഉണ്ട്, ഉണ്ട്, ഒരു സിനിമയില്‍ കണ്ടത് പോലെ വെട്ടമുള്ളതില്‍ക്കൂടി നിഴല്‍ക്കൂട്ടങ്ങള്‍ ഓടുന്നു. കാണികള്‍ക്ക് ഏതോ കാര്യത്തിന്റെ കാഴ്ചയായിത്തോന്നും. സിനിമ കാണുന്നവരെയും ഇതുപോലെ സ്ക്രീനില്‍ പ്രതിഫലിപ്പിച്ചുനോക്കൂ. അപ്പോള്‍ കാണുന്നവരും കാഴ്ച്ചയെപ്പോലെ തിരശീലയില്‍ കാണപ്പെടുന്ന തോന്നലുകള്‍ മാത്രമേയാവൂ. തത്വദൃഷ്ടിയില്‍ നാം (നിരന്തരമായിരിക്കുന്ന) ചിത്രങ്ങളാണ്. സ്വസ്ഥാനത്തിലോട്ട് ഈ കാഴ്ചയെ പ്രയോഗിച്ചുനോക്കൂ, നിങ്ങള്‍ ഒരു തിരശീല, കാഴ്ചകളെല്ലാം അതില്‍ പതിയുന്നു. അഹങ്കാരം നമ്മില്‍ (ആത്മാവില്‍) നിന്നും സംജാതമാവുന്നു. ഈ അഹങ്കാരത്തില്‍ അടിഞ്ഞു കിടക്കുന്ന സംസ്കാരത്തിന്റെ രൂപങ്ങളാണ് വിചാരങ്ങളായി (ബോധരൂപത്തില്‍) പരിണമിച്ചു പ്രദര്‍ശിപ്പിക്കപ്പെടുന്ന ജീവനും ലോകവും. നിങ്ങള്‍ പറഞ്ഞ വൃക്ഷങ്ങളും ചെടികളും എല്ലാം. യഥാര്‍ത്ഥത്തില്‍ ഇതുകളെല്ലാം ആത്മാവൊന്നല്ലാതെ മറ്റൊന്നുമല്ല. ആ ആത്മാവാണ് നാം എന്നു ബോധിച്ചാല്‍ എവിടെയും എപ്പോഴും എല്ലാം ആത്മാവ് മാത്രമാകും. ഉണ്ട് എന്നു പറയാന്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ല.
ചോ: ശരിയാണ്. പക്ഷെ ഇപ്പൊഴും ഇതെല്ലാം യുക്തിയില്‍ കൂടിയേ ബോധ്യമാകുന്നുള്ളു. എന്നാലും അങ്ങരുളിച്ചെയ്ത ഉത്തരങ്ങളെല്ലാം ഋജുവും മനോഹരവും വിശ്വസനീയങ്ങളുമാണ്.
ഉ: എനിക്കനുഭവമാകുന്നില്ല എന്ന വിചാരംപോലും തടസ്സമായിത്തീരും. ആത്മാവുമാത്രമേ ഉള്ളതായിട്ടുള്ളു.