ജനുവരി 8, 1935
14. ഒരു വൃദ്ധന്‍ ഹാളില്‍ ഹാജരായിരുന്നു. അപ്പോള്‍ ഭഗവാന്‍ തന്റെ അക്ഷരമണമാല ശ്രീ. ലക്ഷ്മണശര്‍മ്മ സംസ്കൃതത്തില്‍ തര്‍ജ്ജമചെയ്ത് വ്യാഖ്യാനിച്ചതിനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
വൃദ്ധന്‍: സാക്ഷാല്‍ക്കാരം വാചാമഗോചരമാണെന്നും വര്‍ണ്ണനകള്‍ ഒരിക്കലും സാക്ഷാല്‍ക്കാരത്തെ പ്രകാശിപ്പിക്കുന്നില്ലെന്നും പറയുന്നതെന്തു ഭഗവാനെ?
ഭ: അരുണാചലാഷ്ടകത്തിലെ രണ്ടാം പദ്യത്തില്‍ ഈ വിഷയത്തെ പരാമര്‍ശിച്ച് പറഞ്ഞിട്ടുണ്ട് (ഭഗവാന്‍ അരുളിച്ചെയ്ത അരുണാചലസ്തുതി പഞ്ചകത്തിലെ നാലാം പദ്യമാണിത്) ‘മുന്‍പ് നീ തന്നെ ദക്ഷിണാമൂര്‍ത്തിയായി സനകാദിമുനീവരന്മാര്‍ക്ക് സ്വസ്വരൂപത്തെ മൗനഭാഷയിലാണ് ബോധിപ്പിച്ചതെങ്കില്‍ നിന്റെ ആ സത്യത്തെ വാക്കുകള്‍കൊണ്ട് പ്രകാശിപ്പിക്കാന്‍ ആര്‍ക്ക് സാധിക്കും’ എന്നാണ് ആ പദ്യത്തിന്റെ താല്‍പര്യം. വിജ്ഞാനവും അജ്ഞാനവും രണ്ടുമല്ലാത്ത ജ്ഞാനത്തെ അഥവാ ജ്ഞാതാവെന്നൊരാളില്ലാത്ത അറിവേ സ്വരൂപമായ അനുഭവത്തെ, അത് മനസ്സിനും ബുദ്ധിക്കും എത്തിപ്പെടാതായിരിക്കവെ വാക്കുകളെക്കൊണ്ട് എങ്ങനെ വര്‍ണ്ണിക്കാനാവും? എന്നാലും അപ്രകാരമുള്ള വിശേഷ അനുഭവം ഒന്നുണ്ട്, അതനുഭവിക്കുന്നവന്‍ അനുഭവിക്കും എന്നല്ലാതെ മറ്റൊരാളിനെക്കൊണ്ടനുഭവിപ്പിക്കാനൊക്കുമോ എന്ന് സ്കന്ദാനുഭൂതിയില്‍ പറഞ്ഞിരിക്കുന്നു.
ഇത് കേട്ട് വൃദ്ധന് ആവേശമുണ്ടായി. അയാള്‍ അഗാധമായി നിശ്വസിച്ചുകൊണ്ട് തറയില്‍ വീണു ഭഗവാനെ വന്ദിച്ചു. കുറെ സമയം കഴിഞ്ഞേ എണീറ്റുള്ളൂ. അല്‍പം ശാന്തിയില്‍ ഇരുന്നിട്ട് യാത്രയായി. അയാള്‍ക്കെന്തോ ഉള്‍വെളിച്ചം ഉണ്ടായി എന്നു സ്പഷ്ടമാണ്. അയാളുടെ ജിജ്ഞാസ പരിപൂര്‍ണ്ണമായി നിവര്‍ത്തിക്കപ്പെട്ടതായി അയാള്‍ അംഗീകരിച്ചു. ഭഗവാന്റെ അനുഗ്രഹത്താല്‍ അയാള്‍ പരിപൂര്‍ണ്ണനായിത്തീര്‍ന്നതായിട്ടാണറിയുന്നത്.