ജനുവരി 8, 1935
15. ആത്മാവ് അണുവിനെക്കാളും ചെറുതും ഏറ്റവും വലിയതിനെക്കാളും വലുതുമാണെന്നു പറയുന്ന ഉപനിഷദ് വാക്യത്തെപ്പറ്റി ഒരാള്‍ ചോദിച്ചു.
ഭ: ആറ്റം നിര്‍മ്മാണംപോലും മനസ്സാണ് കണ്ടുപിടിച്ചതു. അതിനാല്‍ മനസ്സ് ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്. മനസ്സിന്നാധാരമായിരിക്കുന്ന ജീവന്‍ മനസ്സിനെക്കാളും ചെറുതാണ്. അറിയുന്നവനായ ജീവന്റെയും ഉത്ഭവസ്ഥാനമായ ആത്മാവ് എല്ലാത്തിനെക്കാളും സൂക്ഷ്മമാണ്. വലുതാണെന്ന ഭൂതാകാശം മാനസാകാശത്തില്‍ ഒടുങ്ങുന്നു. മാനസാകാശം ചിദാകാശമായ ആത്മാവില്‍ ഒടുങ്ങി നില്‍ക്കുന്നു. അതുകൊണ്ട് ആത്മാവ് ഏത് വലുതിനും വലുതാണ് (മഹതോമഹിയാന്‍).
മാണിക്കവാചകര്‍ തിരുവാചകത്തിലെ തിരുവണ്ഡ അദ്ധ്യായത്തില്‍ പറഞ്ഞിട്ടുണ്ട്, അനന്തം ബ്രഹ്മാണ്ഡങ്ങളും മേല്‍ക്കൂരവഴി വീട്ടിനുള്ളില്‍ പ്രവേശിക്കുന്ന സൂര്യരശ്മികളില്‍ കളിയാടുന്ന രേണുജാലങ്ങളെപ്പോലെയാണെന്ന്. അണ്ഡങ്ങളെല്ലാം കേവലം അണു മാത്രം വലിപ്പമുള്ളതെന്നു പറയത്തക്കവണ്ണം അത്ര വലിയവനാണ് സൂര്യരശ്മിയുടെ സ്ഥാനമുള്ള ബ്രഹ്മസ്വരൂപിയായ ഈശ്വരന്‍ എന്നും.
അണ്ഡമാ മരൂപത്തില്‍ രൂപ പിണ്ഡങ്ങളുണ്ടാം
എണ്ണാനനന്തം, സര്‍വ്വം പ്രത്യക്ഷമായിനില്‍പൂ
വീട്ടിനകത്തു വീഴുമര്‍ക്കന്‍തന്‍ രശ്മിതന്നില്‍
വെട്ടിപ്രകാശിക്കുന്ന രേണു ജാലങ്ങള്‍പോലെ
ഒന്നിനൊന്നന്യമായിട്ടെങ്ങും പരന്നു നിന്ന്
നേര്‍ത്തതായ്കാണാം ബ്രഹ്മരൂപിയാമീശന്‍തന്നെ
(ശ്രീ തിരുവല്ലത്തിന്റെ തിരുവാചകം പരിഭാഷയില്‍ നിന്നും)