ശ്രീ രമണമഹര്‍ഷി

ജനുവരി 19, 1935

മരിച്ചു പോയവരുടെ അവസ്ഥയെപ്പറ്റിയുള്ള എയിന്‍സ്ലീയുടെ പ്രശ്നത്തിനു മഹര്‍ഷി അരുളിച്ചെയ്തു. മാതാവെന്നു പറഞ്ഞാല്‍ എന്താണ്‌? നമ്മുടെ ദേഹത്തിന്റെ ജ്ഞാനം വഹിച്ചവര്‍ എന്നല്ലേ? എന്നാല്‍ നാം ദേഹമാണോ? അല്ല, ദേഹത്തെ പറ്റി നില്‍ക്കുന്ന അറിവാണ്‌. മനോമയജീവനാണു നാം എന്നു കാണുമ്പോള്‍ ആ ജീവനായ അറിവിന്റെ ഉല്‍പത്തിസ്ഥാനമായ ചൈതന്യമാണു മാതാവെന്നറിയാം. ഞാന്‍ എന്ന തോന്നല്‍ എവിടെ നിന്നുമുണ്ടായി എന്നന്വേഷിച്ചു ഉള്ളിനുള്ളില്‍ മാതാവെന്നു വ്യവഹരിക്കപ്പെട്ട ചിന്മയിയായ പരാശക്തിയെ ആശ്രയിച്ചാല്‍ നമുക്കും ആര്‍ക്കും ഒരുപോലെ നന്മചെയ്തവരായിത്തീരും.

ദേഹമാണ് താന്‍ എന്നു വ്യവഹരിക്കുന്നവന് അയാളുടെ സങ്കല്പങ്ങള്‍ പ്രതിഫലിച്ചുണ്ടാകുന്ന സ്ഥൂലവസ്തുക്കള്‍ സത്യമായി തോന്നപ്പെടാം. മറ്റൊരു സ്ഥൂലശരീരത്തില്‍ നിന്നുമാണ് തന്റെ സ്ഥൂലദേഹം ജനിച്ചതെന്നു വിശ്വസിക്കുമ്പോള്‍ ആ ശരീരവും തന്റെ ശരീരത്തെപ്പോലെ സത്യമാണെന്നു തോന്നിപ്പോകുന്നു. ഒരിക്കല്‍ ഈ ലോകത്ത് നിലനില്‍പ്പുണ്ടായിരുന്നുവെന്ന നിലയ്ക്ക് ജീവന്‍ മരണത്തെ അതിക്രമിക്കുകതന്നെ വേണം, കാരണം അതിന്റെ പരമ്പര ഇപ്പോഴും ഇവിടെ ഉണ്ട്. അത് മറ്റേതില്‍നിന്നുമാണ് ഉത്ഭവിച്ചിട്ടുള്ളതും. ഈ പാശ്ചാത്തലത്തില്‍ പരലോകവും സത്യമാണ്‌. അവര്‍ക്ക്‌ വേണ്ടി ചെയ്യുന്ന പ്രാര്‍ത്ഥനകള്‍ അവര്‍ക്ക്‌ ഗുണകരമായിരിക്കുകയും ചെയ്യും. മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ , ആത്മാവാകുന്ന സത്യവസ്തുവില്‍ നിന്നും പൂര്‍വ്വവാസനകളുടെ ബീജത്തെ ഉള്‍ക്കൊള്ളുന്ന അഹങ്കാരന്‍ ഉടലെടുക്കുന്നു. ഈ അഹങ്കാരനെ ആത്മാവ്‌ പ്രകാശിപ്പിക്കുന്നു. കൂടെ വാസനകളെയും സ്ഥൂലബോധത്തെയും. അതോടുകൂടി സ്ഥൂലബോധത്തിനു മുന്‍പില്‍ പൂര്‍വ്വവാസനകള്‍ സ്ഥൂലവസ്തുക്കളായി മൂര്‍ത്തീകരിച്ചു നിന്ന് ഈ ജഗത്തായി തോന്നപ്പെടുന്നു. ആത്മാവിന്റെ പ്രതിപതനമാകുന്ന അഹങ്കാരന്‌ അത്‌ ഗോചരമായി ഭവിക്കുകയും ചെയ്യുന്നു. അഹങ്കാരന്‍ താന്‍ ദേഹമാണെന്നു ദേഹത്തെ പറ്റിനില്‍ക്കുകയാല്‍ ആത്മസാന്നിധ്യം നഷ്ടപ്പെട്ടു പോകുന്നു. അനവധാനത കടുത്ത അജ്ഞാനത്തിനും ജന്മദുഃഖത്തിനും വഴി തെളിക്കുന്നു. ആത്മാവില്‍ നിന്നും ഉല്‍പത്തികൊള്ളുന്ന അഹങ്കാരന്‍ സ്വന്തം ഉറവിടത്തെ വിസ്മരിക്കുന്നു. തന്നിമിത്തം ഒരു കുഞ്ഞിന്റെ ജന്മം മാതാവിനെ കൊല്ലുന്നു എന്നും പറയാം. സ്വന്തം മാതാവിന്റെ പുനര്‍ലബ്ധിക്കുള്ള ആഗ്രഹം യഥാര്‍ത്ഥത്തില്‍ ആത്മാവിന്റെ പുനര്‍ലബ്ധിക്കുള്ള ആഗ്രഹമാണ്‌. ഇതാണ്‌ അഹങ്കാരന്റെ നാശം അഥവാ സ്വസ്വരൂപ സാക്ഷാല്‍ക്കാരം. ഈ അമ്മ(ആത്മാവ്‌)യോടു ചേരുക. അവള്‍ സനാതനയായി വര്‍ത്തിക്കട്ടെ!.