ജനുവരി 21, 1935
ചോ: ജ്ഞാനമാര്‍ഗ്ഗം എന്നതെന്താണ്?
ഉ: മനസ്സിന്റെ ഏകാഗ്രത ജ്ഞാനത്തിനും യോഗത്തിനും പൊതുവെയുള്ളതാണ്. യോഗത്തിന്റെ ലക്ഷ്യം ജീവാത്മപരമാത്മാക്കളുടെ ഐക്യമാണ്. ഈ സത്യം പുത്തനല്ല. ഏകമായേ എപ്പോഴുമിരിക്കുന്നുള്ളു. ഇപ്പോഴും ആ അവസ്ഥയാണുള്ളത്.
അതുകൊണ്ടു പിരിവില്ലാത്തതില്‍ പിരിവെങ്ങനെ സംഭവിച്ചു എന്ന അന്വേഷണമാണ് ജ്ഞാനമാര്‍ഗ്ഗം. പിരിവിനും സത്യം തന്നെ നിമിത്തമായിരിക്കുന്നു.
ചോ: എന്താണ് മായ?
ഉ: ആര്‍ക്കാണ് മായ? ചിന്തിച്ചുനോക്കൂ. അപ്പോള്‍ മായ ഇല്ലാതെ പോവും.
സാധാരണ എല്ലാവരും മായയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നു. മായ ആര്‍ക്കാണുള്ളത് എന്നു ചിന്തിക്കുകയുമില്ല. അത് വിഡ്ഢിത്തമാണ്. മായ ബാഹ്യമായുള്ളതും അജ്ഞാതവുമാണ്. ഒരു ജിജ്ഞാസു അത് തന്നില്‍ തന്നെ ഇരിക്കുന്നു എന്നറിയേണ്ടതാണ്. തനിക്കു വിദൂരവും അജ്ഞാതവുമായവയെ വിട്ടിട്ടു, തന്നില്‍ തന്നെ തന്നോട് ചേര്‍ന്നിരിക്കുന്നതെന്താണെന്നുകൂടി നോക്കണം.