ജനുവരി 21, 1935
ചോ: ആത്മസാക്ഷാല്‍ക്കാരത്തിനു ബ്രഹ്മചര്യം ആവശ്യമില്ലേ?
ഉ: ബ്രഹ്മചര്യം എന്നു പറയുന്നത് ബ്രഹ്മത്തില്‍ ജീവിക്കുന്നതിനെയാണ്. കാമബന്ധങ്ങളില്‍ പെടാതിരിക്കുക എന്ന് സാധാരണ പരിഗണിക്കപ്പെട്ടുവരുന്ന ബ്രഹ്മചര്യത്തിനും ബ്രഹ്മസാക്ഷാല്‍ക്കാരത്തിനും തമ്മില്‍ ഒരു ബന്ധവുമില്ല. ബ്രഹ്മസ്വരൂപത്തോടു ചേര്‍ന്നുനിന്ന് ബ്രഹ്മാനന്ദരസാനുഭൂതിമയമായിരിക്കുന്നവനാണ് ശരിയായ ബ്രഹ്മചാരി. അവന്‍ ക്ഷണികമായ വിഷയാനന്ദങ്ങളെ ആഗ്രഹിക്കുമോ? തന്റെ നിത്യസത്യമായ സച്ചിദാനന്ദസ്വരൂപത്തെ വിട്ടകലുന്നതാണ് സര്‍വ്വ ദുഃഖങ്ങള്‍ക്കും മൂലകാരണം.
ചോ: ബ്രഹ്മചര്യ യോഗത്തിനു ഒഴിച്ചു കൂടാത്ത ഒന്നല്ലേ?
ഉ: ആണെന്നു പറയാം. സാക്ഷാല്‍ക്കാരത്തിനു സഹായകമായ പലതിലൊന്ന്.
ചോ: എന്ത്? അത്യന്താപേക്ഷിതമല്ലെന്നാണോ?
ഉ: തീര്‍ച്ചയായും. എല്ലാം ചിത്തപരിപാകംപോലിരിക്കും. ബ്രഹ്മചാരിയായിരുന്നാലെന്ത്?, ഗൃഹസ്ഥനായിരുന്നാലെന്ത്?, സന്യാസിയായാലെന്ത്? തന്റെ നിജസ്വരൂപമായ ആത്മാവിനെ ആര്‍ക്കും എത്തുപെടാം. കാരണം, അതിവിടെത്തന്നെ ഇപ്പോഴെ ഉള്ളതാണല്ലോ. അല്ലാ അത് എവിടെവച്ചോ ഏതുകാലത്തോ പ്രാപിക്കപ്പെടേണ്ടതാണെങ്കില്‍ നാം അതിനു വേണ്ടി എന്തിനു പാടുപെടണം? അത് പുത്തനായി വന്നു കിട്ടാനുള്ളതാണെങ്കില്‍ പിന്നീട് ഇല്ലാതെ പോവുകയും ചെയ്യും. പ്രകൃത്യാ ഉള്ളതാണെങ്കില്‍ നിലയുള്ളതായിരിക്കും. സ്വതസ്സിദ്ധമായി അന്യമറ്റിരിക്കുന്നതാണ് ആത്മാവ്.