ജനുവരി 21, 1935
18. മി. ഇവാന്‍സ് വേണ്‍സ് വീണ്ടും ചോദിച്ചു.
ചോ: സിദ്ധിയുള്ള യോഗിമാരുണ്ടല്ലോ, അവരെപ്പറ്റി ഭഗവാന്റെ അഭിപ്രായം എന്ത്?
ഉ: സിദ്ധികള്‍ കേട്ടുകേള്‍വികളോ പ്രകടനങ്ങളോ ആയിരിക്കും. അങ്ങനെ മനസ്സിന്റെ മണ്ഡലത്തില്‍പ്പെട്ടവ മാത്രമാണ് അവ.
ചോ: ഹിമാലയത്തിലുള്ള തന്റെ ഗുരുവുമായി സംഭാഷണം നടത്തുന്ന ഒരു യോഗി മദ്രാസിലുണ്ടെന്ന് മി. ബ്രണ്ടന്‍ പറഞ്ഞിരിക്കുന്നു.
ഉ: അതു നാം സാധാരണ അറിയുന്ന ടെലിപ്പതിയേക്കാള്‍ അതിശയകരമായ ഒന്നല്ല. ഒരാള്‍ സംസാരിക്കുമ്പോള്‍ ദൂരത്തല്ല, സമീപത്തായാലും അത് കേള്‍ക്കാനൊരാളുണ്ടായിരിക്കണം ഇല്ലെങ്കില്‍ അത് സംസാരിച്ചതാവുകയില്ല. കേള്‍ക്കാനൊരാളില്ലെങ്കില്‍ ടെലിപ്പതിയോ കാണാനൊരാളില്ലെങ്കില്‍ ടെലിവിഷനോ ഇല്ല. ദൂരെ കേള്‍ക്കുന്നതിനും അടുത്തുകേള്‍ക്കുന്നതിനും തമ്മിലുള്ള വ്യത്യാസമെന്താണ്. അതു കേള്‍ക്കുന്നവന്റെ കാര്യമാണ്, കേള്‍ക്കാനാളില്ലെങ്കില്‍ ശ്രവണവുമില്ല, കാണാനാളില്ലെങ്കില്‍ കാഴ്ചയുമില്ല.
ചോ: ദൃശ്യത്തെ വിട്ടിട്ട് ദ്രഷ്ടാവിനെ അറിയണമെന്നായിരിക്കാം ഭഗവാന്‍ പറയുന്നത്?
ഉ: മനസ്സുണരാതെ ദ്രഷ്ടാവുമില്ല. ദൃശ്യവുമില്ല. കാണുന്നവനും കാഴ്ചയും സിദ്ധികളുമെല്ലാം മനസ്സില്‍ അന്തര്‍ഭവിച്ചിരിക്കുന്നവയാണ് മനോമയം.