ജനുവരി 26, 1935
ചോ: അരുണാചലത്തിനു മുകളില്‍ ജ്യോതിസ്സിനെ കാണാമോ?
ഉ: കാണാം.
ചോ: കൈലാസപര്‍വ്വതം, കാശീക്ഷേത്രം മുതലായ പവിത്രസ്ഥലങ്ങള്‍ ദര്‍ശിച്ചാല്‍ ആദ്ധ്യാത്മിക സംസ്കാരം ഉണ്ടാവുമോ?
ഉ: ഉണ്ടാവും.
ചോ: കാശിയില്‍ മരിച്ചാല്‍ പുണ്യമാണെന്നു പറയുന്നുണ്ടല്ലോ.
ഉ: യഥാര്‍ത്ഥ കാശിയെയും, യഥാര്‍ത്ഥ മരണത്തെയും മനസ്സിലാക്കിയാല്‍ അര്‍ത്ഥം സ്പഷ്ടമാവും.
“കാശിയാംതൂ മരണാന്മുക്തി” (സ്വയം പ്രകാശ സ്വരൂപമാണ് കാശി, അതില്‍ അഹന്ത അറുന്നതാണ് മരണം)
ചോ: കാശിയും കൈലാസവും എല്ലാം തന്നില്‍ തന്നെയായിരിക്കും.
ഉ: അതെ.
ചോ: ശരീരത്തില്‍ ആറു കേന്ദ്രങ്ങള്‍ ഉണ്ട് (ഷഡാധാരം). സമാനമായി ആറു കേന്ദ്രങ്ങള്‍ ജഗത്തിലും ഉണ്ട്.
ഉ: അതെ, ലോകത്തിലുള്ളത് ശരീരത്തിലുണ്ട്. ശരീരത്തിലുള്ളത് ലോകത്തിലുമുണ്ട്.
ചോ: ബനാറസിന്റെ പവിത്രത വെറും വിശ്വാസം മാത്രമാണോ? അതോ സത്യവുമാണോ?
ഉ: രണ്ടുവിധത്തിലും ശരിയാണ്.
ചോ: ചിലര്‍ ഒരു തീര്‍ത്ഥയാത്രക്കു പ്രാധാന്യം കല്‍പിക്കുന്നു. വേറെ ചിലര്‍ വേറെ ചിലതിന്. അത് അവരവരുടെ വിശ്വാസമാണോ?
ഉ: അതെ. നോക്കു, എവിടെയെല്ലാമോ ജനിച്ച് എവിടെയെല്ലാമോ ജീവിച്ചുവരുന്ന നിങ്ങള്‍ ഇവിടെ കൂടിയിരിക്കുന്നില്ലേ, നിങ്ങളെ ഇവിടേക്കാകര്‍ഷിച്ച ശക്തിയേത്. ഇത് മനസ്സിലാക്കിയാല്‍ മറ്റുള്ളതും മനസ്സിലാക്കാം.