ശ്രീ രമണമഹര്‍ഷി

ജനുവരി 30, 1935

ഛൊ: സിദ്ധികളാരംഭിക്കുന്നത്‌ നല്ലതല്ലേ? ടെലിപ്പതി മുതലായവയെപ്പോലെ.

ഉ: ടെലിപ്പതിയും റേഡിയോവും മറ്റും ദൂരെയുള്ളതിനെ അടുത്ത്‌ കേള്‍ക്കാനുതകുന്നു. ശ്രവണത്തിന്‌ അടുത്തുനിന്നുമായാലും ദൂരെനിന്നുമായാലും വ്യത്യാസമൊന്നുമില്ല. അതിന്റെ അടിസ്ഥാനതത്വം കേള്‍ക്കുന്നവനാണ്‌. കേള്‍ക്കുന്നവനോ, കാണുന്നവനോ ഇല്ലെങ്കില്‍ ശ്രവണമോ, കാഴ്ചയോ ഇല്ല. കേള്‍ക്കുക, കാണുക, എല്ലാം ഇന്ദ്രിയ വൃത്തികളാണ്‌. സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്‌. ഇവ ആത്മാവിന്റെ സ്വാനുഭവങ്ങളല്ല. സഹജമല്ലാത്തത്‌ നിലച്ചു നില്‍ക്കുകയില്ല. ഉണ്ടാക്കപ്പെട്ടത്‌ ഇല്ലാതായിപ്പോവും. അതിനാല്‍ അവ ആര്‍ജിക്കത്തക്കതുകളല്ല.

സിദ്ധി, പെരുപ്പിക്കപ്പെട്ട ശക്തിയാണ്‌. ഉള്ള ശക്തിപോലും ഉപദ്രവകരമാണ്‌. അതിനെ സുഖം ലഭിക്കുമെന്നു കരുതി വര്‍ദ്ധിപ്പിക്കാന്‍ നോക്കുന്നു. എന്നാല്‍ അങ്ങനെയായിരിക്കുമോ എന്നു ഗൗനിക്കേണ്ടതാണ്‌. ഉള്ള കാഴ്ച സങ്കടകരമാണ്‌. കാഴ്ച കൂടിയാല്‍ കൂടുതല്‍ സങ്കടങ്ങളേ വന്നു ചേരൂ. സിദ്ധികള്‍ ആര്‍ക്കും സുഖത്തെത്തരുകില്ല. കൂടുതല്‍ ദുരിതങ്ങളെത്തരുമെന്നേയുള്ളൂ.

മാത്രമല്ല, ഈ സിദ്ധികള്‍ എന്തുപയോഗത്തിനാണ്‌? ഒരുത്തന്‍ സിദ്ധികള്‍ കാണിക്കുന്നത്‌ മറ്റുള്ളവര്‍ തന്നെ അഭിനന്ദിക്കാന്‍ വേണ്ടിയാണ്‌. അവന്‍ അനുമോദനം ആഗ്രഹിക്കുന്നു. അത്‌ കിട്ടിയില്ലെങ്കില്‍ അസന്തുഷ്ടനാവും. അവനെ കീര്‍ത്തിക്കാന്‍ മറ്റുള്ളവര്‍ ആവശ്യമാണ്‌. അവനെക്കാളും സിദ്ധിയുള്ളവനെ കാണുമ്പോള്‍ സ്പര്‍ദ്ധയും അസന്തുഷ്ടിയും കൂടുന്നു. ഒരു സിദ്ധനെ അവനെക്കാളും വലിയവന്‍ നേരിടുന്നു. ഇവനെ അവനെക്കാളും വലിയവന്‍ നേരിടും. ഒടുവില്‍ ഏറ്റവും വലിയവന്‍ എല്ലാ വലിയവരെയും ഒരു നിമിഷത്തില്‍ പൊട്ടിക്കും. ഈ ഏറ്റവും വലിയവന്‍ ഈശ്വരന്‍ അഥവാ ആത്മാവാണ്‌.

ഏതാണ്‌ യഥാര്‍ത്ഥ ശക്തി? ഐശ്വര്യം തരുന്നതോ ശാന്തിയെത്തരുന്നതോ? ഏതൊന്നാണോ ശാന്തിക്കു നിദാനം, അതാണ്‌ ഏറ്റവും വലിയ സിദ്ധി.

ചോ: യൂറോപ്പിലും അമേരിക്കയിലും ഈ രീതിയെ അഭിനന്ദിക്കുന്നില്ല. അവര്‍ക്ക്‌ സിദ്ധിപ്രകടനങ്ങളും പ്രസംഗങ്ങളുമാണാവശ്യം.

ഉ: പ്രസംഗങ്ങള്‍ മണിക്കൂറുകള്‍ കേട്ടുകൊണ്ടിരുന്നിട്ടു പ്രയോജനമെന്ത്‌? ശ്രോതാക്കള്‍ക്ക്‌ പുരോഗമനം ഉണ്ടാകുന്നില്ല. മറിച്ച്‌ മൗനം എന്നുമുള്ളതാണ്‌. അത്‌ ലോകത്തെ ഉദ്ധരിക്കുന്നു.

ചോ: പക്ഷേ മൗനം ബോദ്ധ്യമാകുന്നില്ലല്ലോ?

ഉ: സാരമില്ല. മൗനം പ്രസംഗധോരണിയാണ്‌. മൗനത്തിന്റെ വൈഭവം പ്രസംഗത്തിനുണ്ടാകുന്നില്ല. മൗനം അവിരാമമായ പ്രസംഗമാണ്‌. ആദിഗുരു ദക്ഷിണാമൂര്‍ത്തി ശിഷ്യരെ ഉപദേശിച്ചതു മൗനത്തില്‍ കൂടിയാണ്‌. അദ്ദേഹം സര്‍വ്വോത്തമ ഗുരുവാണ്‌.

ചോ: അന്ന്‌ അതിനു തക്ക ശിഷ്യന്മാരുണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിവിശേഷം വേറെയാണ്‌. ശിഷ്യന്മാരെ കണ്ടുപിടിച്ച്‌ സഹായിക്കണം.

ഉ: ഇതെല്ലാം അറിവില്ലായ്മയുടെ ഫലമാണ്‌. നമ്മെ സൃഷ്ടിച്ച ദൈവം തന്നെയാണു ലോകത്തെയും സൃഷ്ടിച്ചത്. അത്‌ നമ്മെയും ലോകത്തെയും പരിപാലിക്കും.

ചോ: ‘തന്നെ വിട്ടവന്‍’ (lost soul)എന്ന്‌ യേശുദേവന്‍ പറഞ്ഞതിനെപ്പറ്റി ഭഗവാനെന്തു പറയുന്നു?

ഉ: വിടാനെന്തിരിക്കുന്നു. നഷ്ടപ്പെടാനെന്തെങ്കിലും ഉണ്ടോ. നിയതമായുള്ളതിനെ വേണം പരിഗണിക്കാന്‍ ‍. അതു ശാശ്വതമാണ്‌. തനിക്കന്യമല്ല. അതിനെ കണ്ടറിയാനൊക്കുകയുമില്ല. ഉണ്ടായത്‌ ഇല്ലാതെ പോകും. വന്നത്‌ പോകും. ജനിച്ചതു മരിക്കും. എന്നാല്‍ ജനിച്ചതു നാമല്ല. എപ്പോഴുമുള്ളതാണ്‌ നാം. ‘ഉള്ള ഞാന്‍ ഉള്ള നാളൊക്കെയുമുണ്ടല്ലോ’. നാശമേത്‌? നിജസ്വരൂപത്തെ ആരും കൈവിടാനൊക്കുകയില്ല.