ശ്രീ രമണമഹര്‍ഷി

ജനുവരി 31, 1935

22. മിസിസ്‌ പിഗട്ട്‌ മദ്രാസ്സില്‍ നിന്നും വീണ്ടും മഹര്‍ഷിയെ കാണാന്‍ വന്നു.

ചോ: ഒരു സാധകന്റെ ആഹാരരീതി എന്തായിരിക്കണം?

ഉ: മിതമായുള്ള സാത്വികാഹാരം നല്ലതാണ്‌.

ചോ: സ്വാത്വികാഹാരം എന്തെല്ലാമായിരിക്കും?

ഉ: ധാന്യങ്ങള്‍, കായ്കറികള്‍, പഴം, പാല്‍ തുടങ്ങിയവ.

ചോ: ഉത്തരേന്ത്യയില്‍ മത്സ്യാഹാരം കഴിക്കുന്നുണ്ടല്ലോ?

മഹര്‍ഷി ഉത്തരം പറഞ്ഞില്ല.

ചോ: അന്യ രാജ്യക്കാരായ ഞങ്ങള്‍ ഞങ്ങളുടേതായ അഹാരം കഴിച്ച്‌ ശീലിച്ചവരാണ്‌. അത്‌ മാറ്റിയാല്‍ ആരോഗ്യത്തിനു കേടുവരും. ബുദ്ധിയും കുറഞ്ഞുപോകും. ആര്‍ക്കും ആരോഗ്യമാണല്ലോ വലുത്‌.

ഉ: ആരോഗ്യം ആവശ്യം തന്നെ. എന്നാല്‍ ശരീരത്തെ വണ്ണിപ്പിക്കേണ്ട. ശരീരം ക്ഷയിക്കുന്തോറും മനസ്സ്‌ വളരും.

ചോ: ശീലിച്ച ആഹാരത്തെ മാറ്റിയാല്‍ ശരീരം ക്ഷയിക്കുന്നതോടുകൂടി മനോബലവും കുറയുന്നല്ലോ?

ഉ: മനോബലം എന്നാല്‍ എന്താണ്‌?

ചോ: ലോകബന്ധങ്ങളെ വിട്ടിരിക്കാനുള്ള മനശ്ശക്തി.

ഉ: ആഹാരത്തിന്റെ ഗുണാഗുണങ്ങള്‍ മനസ്സിനെ ബാധിക്കുന്നു. ആഹാരത്തിലുള്ള സൂക്ഷ്മാംശത്തെ മനസ്സും ആഹരിക്കുന്നു.

ചോ: ശരിയാണ്‌. ഞങ്ങള്‍ക്ക്‌ എങ്ങനെ സാത്വികാഹാരം ശീലിക്കാന്‍ കഴിയും?

ഉ: (ഇവാന്‍സ്‌ വേണ്‍സിനെ നോക്കിക്കൊണ്ട്‌) നിങ്ങള്‍ ഇവിടുത്തെ ആഹാരം കഴിച്ചുവരുന്നില്ലേ. അക്കാരണത്താല്‍ നിങ്ങള്‍ക്കസുഖമെന്തെങ്കിലുമുണ്ടോ?

ചോ: അങ്ങനെ ശീലിക്കാത്തവന്‍ എന്ത്‌ ചെയ്യും?

ഉ: ശീലം എന്നു പറയുന്നത്‌ പരിതസ്ഥിതിക്കനുസരണമായി ജീവിക്കുകയാണ്‌. എല്ലാത്തിനും മനസ്സാണ്‌ പ്രധാനം. പരിചയംകൊണ്ട്‌ മനസ്സ്‌ ചിലതിനെ കൂടുതല്‍ രുചിയുള്ളതായിക്കരുതുന്നു. മാംസാഹാരത്തിലുള്ള സത്തെല്ലാം സസ്യാഹാരത്തിലും ഉണ്ടായിരുന്നാലും മനസ്സ്‌ രുചിയുടെ പിറകെ പോകുന്നു.

ചോ: ജ്ഞാനികള്‍ക്ക്‌ ആഹാരനിയമം ഉണ്ടോ?

ഉ: ഇല്ല. ആഹാരം അവനെ പുഷ്ടിപ്പെടുത്തുന്നില്ല.

ചോ: മാംസാഹാരത്തിനല്ലേ ജീവികളെ കൊല്ലുന്നത്‌?

ഉ: യോഗികള്‍ക്ക്‌ ഏറ്റവും വലുത്‌ അഹിംസയാണ്‌.

ചോ: സസ്യങ്ങള്‍ക്കും ജീവനുണ്ടല്ലോ?

ഉ: അതുപോലെ നിങ്ങള്‍ ഇരിക്കുന്ന കല്ലുകള്‍ക്കും.

ചോ: നാം ക്രമേണ സസ്യഭുക്കുകളായിത്തീരാം.

ഉ: അതെ അതാണു വേണ്ടത്‌.