ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 2, 1935

23. മി. ഇവാന്‍സ്‌ വേണ്‍സ്‌ തുടര്‍ന്ന്‌ മറ്റൊരു ദിവസം:

ചോ: ഒരാളിന്‌ ഒന്നില്‍ കൂടുതല്‍ ആത്മീയഗുരു ആകാമോ?

ഉ: ഗുരു ആരാണ്‌? എന്തൊക്കെയായാലും ഗുരു താന്‍തന്നെയാണ്‌. മനോവികാസത്തിനനുസരണമായി സ്വന്തം ആത്മാവുതന്നെ തനിക്കു ഗുരുവായി മൂര്‍ത്തീകരിച്ചു അന്യനായി നില്‍ക്കുന്നു. ഒരു പൂര്‍വ്വ അവധൂത സാധു, തനിക്ക്‌ രണ്ടു ഗുരുക്കന്മാരുണ്ടായിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. ഒരാള്‍ ആരില്‍നിന്നും എന്തെങ്കിലും പഠിക്കുന്നുവോ ആ ആള്‍ തന്നെ ഗുരു. ചിലപ്പോള്‍ അചേതന വസ്തുകൂടി ഗുരു ആയിരിക്കാം. ആ അവധൂതന്‌ പഞ്ചഭൂതങ്ങള്‍പോലും ഗുരുക്കന്മാരായിരുന്നുവത്രെ. താനും ഈശ്വരനും ഗുരുവും ഒരാള്‍തന്നെ.

ഒരാത്മജ്ഞാന നിരതന്‍ ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നും അവന്‍ തന്നെ ഗുരുവായി പ്രത്യക്ഷപ്പെടുമെന്നും കരുതുന്നു. സ്ഥൂലദേഹത്തിലിരിക്കുന്ന ജിജ്ഞാസുവിന്‌ സ്ഥൂലദേഹത്തോടുകൂടിതന്നെ ഒരു ഗുരു ആവിര്‍ഭവിക്കുകയും അവന്‍ തന്റെ സര്‍വ്വസ്വമാണെന്ന്‌ ശിഷ്യന്‍ പരിഗണിക്കുകയും ചെയ്യുന്നു. ആത്മാവണ്‌ സര്‍വ്വവും എന്ന്‌ ഈ ഗുരു പിന്നീട്‌ ശിഷ്യനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നു. അങ്ങനെ സ്വന്തം ആത്മാവ്‌ തന്നെ ഗുരുവായി വരുന്നുവെന്നവന്‍ മനസ്സിലാക്കിക്കൊള്ളുകയും ചെയ്യുന്നു.

ചോ: ഭഗവാന്‍ ശിഷ്യന്മാര്‍ക്കുപദേശം കൊടുക്കുന്നുണ്ടോ?

മഹര്‍ഷി മൗനമവലംബിച്ചു.

ശ്രോതാക്കളില്‍ ഒരാള്‍ ഇടക്കു കയറി പറഞ്ഞു. ‘മഹര്‍ഷി ആരെയും തനിക്കന്യമായിക്കാണുന്നില്ല. അതിനാല്‍ അദ്ദേഹത്തിനു ശിഷ്യന്മാരില്ല. ഗുരുകടാക്ഷം വ്യാപകമാണ്‌. കിട്ടേണ്ടവന്‌ കിട്ടിക്കൊള്ളുമെന്നാണ്‌.

ചോ: ശാസ്ത്രജ്ഞാനം സാക്ഷാല്‍ക്കാരത്തിന് ഉപകാരപ്രദമാണോ?

ഉ: ഒരു ജിജ്ഞാസുവിനെ അത്‌ സഹായിക്കുന്നു.

ചോ: ബുദ്ധിചാതുര്യമോ?

ഉ: ബുദ്ധി, അഹംകാരനിലും അഹംകാരന്‍ അതിന്റെ നിജസ്വരൂപമായ ആത്മാവിലും ഒടുങ്ങണം.