ഫെബ്രുവരി 4, 1935
24. മിസിസ് പിഗട്ട്:
ചോ: അങ്ങ് മുട്ട ഉപയോഗിക്കുന്നില്ല. പാലു കഴിക്കുന്നുണ്ടല്ലോ?
ഉ: വളര്‍ത്തു പശുവിന് കന്നിനാവശ്യമുള്ളതില്‍ കവിഞ്ഞു പാലൂറും. കൂടുതലുള്ള പാല്‍ കറന്നെടുക്കുന്നത് അതിനൊരു സുഖമാണ്.
ചോ: മുട്ടയിടുന്നത് കോഴിക്കും ആശ്വാസകരമായിരിക്കണമല്ലോ?
ഉ: അതില്‍ മറ്റൊരു ജീവന്റെ കരുവിരിക്കുന്നു.
ചോ: വിചാരങ്ങള്‍ ചിലപ്പോള്‍ പൊടുന്നനവെ നിലക്കുന്നു. അതോടെ ദേഹപ്രതീതി മാറി അഹംസ്ഫൂര്‍ത്തി ജനിക്കുന്നു. അത് തോന്നലെന്നല്ലാതെ, ബുദ്ധിവൃത്തി (അനുഭവം) അല്ലല്ലോ. ശരിയാണോ?
ഉ: ശരിയാണ്. അഹംസ്ഫുരണത്തിന് മനസ്സടങ്ങി (ചിത്തനിരോധം) ബുദ്ധിയും മായണം.
ചോ: പോരാത്തതിന് അനുഭവം തലയ്ക്കല്ല (വലതുഭാഗം) ഹൃദയത്തിനാണ്.
ഉ: അങ്ങനെ തന്നെയായിരിക്കണം. ഹൃദയത്തിന്റെ ഇരിപ്പവിടെയാണല്ലോ.
ചോ: ബാഹ്യമായന്വേഷിക്കുമ്പോള്‍ അത് മറഞ്ഞുപോകുന്നു. എന്തു ചെയ്യാന്‍ ?
ഉ: ലക്ഷ്യത്തില്‍നിന്നും വ്യതിചലിക്കാതെ ഉറപ്പിച്ചു നിര്‍ത്തണം.
ചോ: ലക്ഷ്യത്തില്‍നിന്നും ഇളകാതെയിരുന്നാല്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ശരിയായിരിക്കുമോ?
ഉ: ശരിയായിരിക്കേണ്ടതാണ് മാത്രമല്ല ‘അതെങ്ങനെയിരിക്കുന്നു എന്ന് ആ ആള്‍ നോക്കേണ്ടതുമില്ല. ഒരു ലക്ഷ്യത്തില്‍ നില്‍ക്കുന്നവന്റെ വൃത്തികള്‍ ഈശ്വരന്റെ വൃത്തികള്‍പോലെയാണ്. അവ ശരിയായിട്ടിരിക്കാനേ തരമുള്ളു.
ചോ: എന്നാല്‍ പിന്നെ ആഹാരനിയമങ്ങള്‍ എന്തിന്?
ഉ: നിങ്ങളുടെ ഇപ്പോഴുള്ള അനുഭവം നിങ്ങളുടെ പരിതസ്ഥിതികളുടെ സ്വാധീനം കൂടിയുള്ളതാണ്. തല്‍ക്കാലത്തേക്കുള്ളതാണ്. ഈ അനുഭവം സഹജമായിത്തീരുന്നതുവരെ ആത്മനിഷ്ഠയെ വിടാതിരിക്കണം. അതിന് ആഹാരനിയമങ്ങള്‍ സഹായകമായിരിക്കും. അനുഭവം സ്ഥിരമായിത്തീര്‍ന്നാല്‍ പിന്നീട് ബുദ്ധിമുട്ടില്ല. പോഷണത്തിനും മനസ്സിനും ബന്ധമുള്ളതിനാല്‍ ആഹാരശുദ്ധി ആവശ്യമാണ്.
ഈ യൂറോപ്യന്‍ വനിത പിന്നൊരിക്കല്‍ മറ്റൊരു ശിഷ്യനോടിപ്രകാരം പറയുകയുണ്ടായി: ‘എനിക്ക് മുന്‍പിലത്തേക്കാള്‍ ഇപ്പോള്‍ ഭഗവാന്റെ അരുള്‍ ശക്തി കൂടുതല്‍ കിട്ടുന്നുണ്ട്. ഞാന്‍ അഹംസ്ഫുരണത്തോടടുക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്’.
അവര്‍ ആശ്രമത്തില്‍ നിന്നും യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവിടെ കൂടിയിരുന്നവരോട് ‘നിങ്ങള്‍ എത്ര ഭാഗ്യശാലികള്‍ ’ എന്നു പറയുകയുണ്ടായി.