ഫെബ്രുവരി 4, 1935
ചോ: ഈ മനസ്സെന്താണ്?
ഉ: മനസ്സ് ജീവന്റെ പ്രാദുര്‍ഭാവവിശേഷമാണ്. ജീവന്‍ തന്നെയാണ് ക്രിയാരൂപത്തില്‍ പ്രാണനായും, ചിന്താരൂപത്തില്‍ മനസ്സായും വെളിപ്പെട്ടിരിക്കുന്നത്.
ചോ: മനസ്സിനും വിഷയത്തിനും തമ്മിലുള്ള ബന്ധമെന്താണ്? മനസ്സ് ലോകത്തിനന്യമായി ലോകത്തെപ്പോലെ ഒന്നിനോട് സമ്പര്‍ക്കം പുലര്‍ത്തുകയാണോ?
ഉ: ജാഗ്രത്ത്, സ്വപ്നങ്ങളില്‍ ചിന്തയുടെയും വീക്ഷണത്തിന്റെയും ഫലമായി ലോകബോധം ജനിക്കുന്നു. രണ്ടും മനസ്സിന്റെ വൃത്തികളാണ്. ജാഗ്രത്തിലായാലും സ്വപ്നത്തിലായാലും വിചാരമില്ലെങ്കില്‍ ഈ ലോകമില്ല. നിദ്രയില്‍ വിചാരമില്ലാത്തതിനാലാണ് ഒന്നുമില്ലാത്തതായിരിക്കുന്നത്. നിദ്രയില്‍നിന്നും നമ്മെ മാറ്റി നിര്‍ത്തുന്ന വിചാരത്തില്‍ മാത്രമാണ് ഈ ലോകത്തിന്റെ സുഖസ്ഥിതി. നിദ്രാസുഖമാണ് ആത്മാവിന്റെ നിജനില. ഈ നിജനിലയുണ്ടാകുമ്പോള്‍ അതില്‍ ലോകബോധം മാഞ്ഞുപോകുന്നു. ഇങ്ങനെ ലോകം ഉണ്ടാവുന്നതും ഇല്ലാതാവുന്നതും ചിലന്തി നൂലുല്‍പാദിപ്പിക്കുന്നതും തിരിച്ചെടുക്കുന്നതും പോലെയാണ്. ചിലന്തി ഇവിടെ ജാഗ്രത്ത്, സ്വപ്നസുഷുപ്തികളുടെ സ്ഥാനത്താണ്. ഒരു വ്യക്തിയില്‍ ചിലന്തി ആത്മാവിന്റെ സ്ഥാനത്തും സമഷ്ടിയില്‍ അത് ബ്രഹ്മചൈതന്യത്തിന്റെ സ്ഥാനത്തുമാണ്. രണ്ടിന്റെയും നില ഒന്നുതന്നെ. ‘സ യഹ്ചായം പുരുഷേ, യഹ്ചാസാവാദിത്യേ സ ഏക’ (ജീവനുള്ളില്‍ പ്രകാശിക്കുന്നവനും സൂര്യനുള്ളില്‍ പ്രകാശിക്കുന്നവനും ഒന്നാണ്).
ജീവാത്മാ അല്ലെങ്കില്‍ പരമാത്മാവിന്റെ ശക്തി പ്രകാശിക്കാതിരിക്കുമ്പോള്‍ ഒന്നിനൊന്നു ചേര്‍ന്നിരിക്കുന്നതായേ തോന്നുകയുള്ളൂ. ദൃക് ദൃശ്യഭേദങ്ങളില്ല. മനസ്സിന്റെ ആദിയെപ്പറ്റി ചുഴിഞ്ഞു നോക്കുന്തോറും അത് ആത്മാവിന്റെയോ ബ്രഹ്മത്തിന്റെയോ ആവിഷ്കരണമാണെന്ന് എത്തപ്പെടും. മനസ്സിനെ സൂക്ഷ്മശരീരമെന്നും ചിന്തോപാധി എന്നും പറയുന്നു. മനസ്സിനെ എന്റേതെന്നഭിമാനിക്കുന്നവന്‍ ജീവന്‍. വൃഷ്ടിബോധത്തിന് ആസ്പദമായിരിക്കുന്നതും ജീവനാണ്. വിചാരം ജീവന്റെ സ്വഭാവമാണ്. ക്രിയാശക്തിയായിരിക്കുന്ന പ്രാണനും, ജീവന്റെ ശക്തിവിശേഷമാണ്. മനസ്സെപ്പോഴും ഏതെങ്കിലും ജഡസ്പര്‍ശിയായിട്ടേ ഇരിക്കുകയുള്ളൂ. സ്വതന്ത്രമായി അതിനൊരു നിലയില്ല. സൂക്ഷ്മശരീരമായ മനസും സ്ഥൂലശരീരമായ ജഡവും ഒന്നിച്ച് പിറക്കും, ഒന്നിച്ചഴിയുകയും ചെയ്യും.