ഫെബ്രുവരി 4, 1935
26. ചോ: മനസ്സിന്റെ മൂല കാരണത്തെ അഥവാ അതിന്റെ നിജാവസ്ഥയെ അറിയുന്നതെങ്ങനെ?
ഉ: വൃത്തികളേതിനും നിദാനം അഹംവൃത്തിയാണ്. ഞാനെന്നഭിമാനിക്കുന്ന അഹംവൃത്തിയില്ലെങ്കില്‍ മറ്റൊരു വൃത്തിക്കും ഇടമില്ല. വൃത്തിക്ക് ഒരു കേന്ദ്രം വേണം. ഇവിടെ ‘ഞാന്‍ ‘ ആണ് കേന്ദ്രം. അഹംവൃത്തിയുടെ വികസനമാണ് മറ്റു വ്യാപാരങ്ങള്‍. ഞാനെന്ന തോന്നലുണ്ടെങ്കിലേ നീയെന്നും അതെന്നും മറ്റും ചിന്ത ഉത്ഭവിക്കുകയുള്ളൂ. അതിനാല്‍ ആദ്യം ഞാനെന്ന തോന്നലാണുണ്ടാകുന്നത്. ഈ മൂന്നു തോന്നലുകളും ഒന്നിച്ചുണ്ടായി ഒന്നിച്ചില്ലാതാകുന്നു. അതിനാല്‍ ആദ്യം അഹംബോധത്തിന്റെ ആദിയെ കണ്ടുപിടിക്കണം. ‘ഞാന്‍ ‘ എന്നു തോന്നുന്നത് ദേഹത്തെ പ്രമാണമാക്കിയിട്ടാണ്. ദേഹമാണെങ്കില്‍ ജഡമാണ്. ഈ ജഡത്തെ താനെന്നഭിമാനിക്കുന്ന ബോധം ശരീരത്തില്‍ പ്രത്യേകമായി ഏതു ഭാഗത്താണ് സ്ഫുരിക്കുന്നതെന്നു നോക്കണം. ഗാഢമായി ചിന്തിച്ചാല്‍ അത് ഹൃദയത്തിലാണെന്നു കാണാം.
ചോ: വിചാരരൂപമായ മനസ്സിനെ ഒഴിച്ചിട്ട് തല്‍സ്ഥാനത്ത് ആന്തരബോധത്തെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ ഇവ രണ്ടും രണ്ടു വ്യത്യസ്ത നിലകളാണോ, ഇവയെ വേര്‍ത്തിരിക്കുന്ന ഒരു മാധ്യമം ഉണ്ടോ? അല്ല, മനോവൃത്തി ഒഴിയുമ്പോള്‍ തന്നെ സ്വരൂപാനന്ദം സിദ്ധിക്കുകയാണോ?
ഉ: അഭ്യാസികള്‍ക്ക് ഇവ രണ്ടും രണ്ടാണെന്നേ തോന്നുകയുള്ളൂ. ഈ രണ്ടിനും ഇടനിലയെന്നു പറയാവുന്നത് സുഷുപ്തിയോ, മയക്കമോ, മൂര്‍ച്ഛയോ, അബോധമോ ആകാം. അപ്പോള്‍ ബാഹ്യബോധമോ ആന്തരബോധമോ ഇല്ലാത്ത മുഴു അന്ധകാരത്തിലായിരിക്കും.
ചോ: മനസ്സിനെ ഒഴിച്ചുവയ്ക്കുന്നതെങ്ങനെ? അതായത് ഭേദബുദ്ധിയെ ഒഴിച്ചുവയ്ക്കുന്നതെങ്ങനെ?
ഉ: ചലനമാണ് മനസ്സിന്റെ സ്വഭാവം. അതില്‍ നിന്നും മോചിപ്പിച്ചാല്‍ നിശ്ചഞ്ചലമാവും. അതിനു ശാന്തിയെക്കൊടുക്കുക. അതിനെ ബാഹ്യവിഷയഹേതുക്കളില്‍ നിന്നും അകറ്റി അന്തര്‍മ്മുഖമാക്കി ശീലിപ്പിക്കുക. ഈ അന്തര്‍മുഖവൃത്തി അതിന് സ്വഭാവമായി വരട്ടെ. ഇതിലേക്ക് ബാഹ്യവിഷയങ്ങളെ അവഗണിച്ച് വരാവുന്ന വിഘ്നങ്ങളെ തരണം ചെയ്യുകയും വേണം.