ഫെബ്രുവരി 4, 1935
28. ചോ: മനോനിഗ്രഹത്തിനും പ്രാണായാമത്തിനുമുള്ള താരതമ്യമെന്ത്?
ഉ: ചിന്തിക്കുന്ന മനസ്സും, ശ്വസോച്ഛ്വാസം, രക്ത ഓട്ടം തുടങ്ങിയവയ്ക്കു ഹേതുവുമായ പ്രാണശക്തിയും ജീവശക്തിയും ഒരേ ജീവശക്തിയുടെ പിരിവുകളാണ്.
വ്യഷ്ടിബോധത്തെ തരുന്ന വിചാരശക്തിയും, വൃത്തികളെ ജനിപ്പിക്കുന്ന പ്രാണശക്തിയും ജീവശക്തിയില്‍ നിന്നും ഉളവാകുന്നു. ശ്വാസത്തെ തരുന്ന പ്രാണനെ അടക്കിയാല്‍ വിചാരവും അടങ്ങുന്നു. ഇതുപോലെ വിചാരത്തെ അടക്കിയാല്‍ ശ്വാസവും നാമമാത്രമായി കഷ്ടിച്ച് ജീവിച്ചിരിക്കാന്‍ വേണ്ടിമാത്രമുള്ള അളവില്‍ കുറയും. ഇരുപ്രകാരത്തിലും വിക്ഷേപങ്ങള്‍ താല്‍ക്കാലികമായി ഒടുങ്ങുന്നു. മനസ്സിനും പ്രാണനും തമ്മിലുള്ള സംബന്ധം മറ്റു പ്രകാരങ്ങളിലും സ്പഷ്ടമായറിയാം. ജീവനോടിരിക്കണമെന്നുള്ള തീവ്രവിചാരത്തിന്റെ ശക്തി മറ്റു വിധേന അധികവും ഒടുങ്ങിയതിനുശേഷവും പ്രാണനെ ധരിച്ചുകൊണ്ടിരുക്കുന്നു. ഈ തീവ്രനിശ്ചയം തീരെ അമയുമ്പോള്‍ ഉയിരും മായും. അതിനാല്‍ മനസ്സാണ് ജീവനെ ശരീരത്തോടു ചേര്‍ത്തുവച്ചുകൊണ്ടിരിക്കുന്നതും അവസാനം തന്നകത്തമച്ചുകൊണ്ട് വേറൊരുപാധി ചേരുന്നതുമെല്ലാം.
ചോ: വിക്ഷേപങ്ങളൊഴിഞ്ഞ ചിന്ത ഏകാഗ്രതയുണ്ടാവാന്‍ ചെയ്യുന്ന സഹായങ്ങളെന്തെല്ലാം?
ഉ: ആദ്യം സ്ഥൂലദേഹത്തിലെ ദഹനേന്ദ്രിയങ്ങളെയെല്ലാം മിത സ്വാത്വിക ആഹാരനിയമത്താല്‍ ഭദ്രമാക്കിച്ചെയ്യേണ്ടതാണ്. എരിവ്, പുളി, ഉപ്പ്, തുടങ്ങിയവയെയും വികാരം, ആലസ്യം എന്നിവയെത്തരുന്ന ആഹാരങ്ങളെയും വര്‍ജിക്കണം. മലബന്ധമുണ്ടാക്കാതെ സൂക്ഷിച്ചുകൊള്ളണം. ഇവ സ്ഥൂലപരമായി ചെയ്യേണ്ട കരുതലുകളാണ്. മനസ്സിനെ ഇനി അലയാന്‍ വിടാതെ ഏതെങ്കിലും ഒരു മഹത്തായ ലക്ഷ്യത്തില്‍ ഏകാഗ്രമാക്കേണ്ടതാണ്. ഈശ്വരഭക്തിയും മന്ത്രജപങ്ങളും സഹായകരങ്ങളായിരിക്കും. ഇങ്ങനെ വൈരാഗ്യവും ഏകാഗ്രതയും വന്ന മനസ്സ് അതി സൂക്ഷ്മത്തെപ്പറ്റി നിന്ന് അതോട് ചേര്‍ന്നില്ലാതെയാകും.
ചോ: പൂര്‍വ്വവാസനകളാലുണ്ടാകുന്ന വിക്ഷേപങ്ങളെ മാറ്റാനൊക്കുമോ?
ഉ: ആഹാ! തീര്‍ച്ചയായും കഴിയും. എത്രയോപേര്‍ അത് സാധിച്ചിരിക്കുന്നു. ഏതിനും ഉത്തമവിശ്വാസം വേണം. ഏതു വാസനയായാലും ശരി, അതിന്റെ മധ്യത്ത് വാസനാരഹിതമായ ഒന്നുണ്ട്, ഹൃദയം അതില്‍ പതിയണം.
ചോ: എത്രകാലമാണ് ഇങ്ങനെ അഭ്യസിക്കുന്നത്?
ഉ: വിജയിക്കുന്നതുവരെ, അതായത്, യോഗമെന്ന മുക്തിനില സഹജമായിത്തീരുന്നതുവരെ അഭ്യാസം മുടക്കരുത്. വരാവുന്ന വിഘ്നങ്ങള്‍ ഓരോന്നിനെയും തരണം ചെയ്തു പോകണം. ശത്രുക്കള്‍ മുഴുവന്‍ ഒടുങ്ങുന്നതുവരെ കോട്ടയെ തകര്‍ക്കുന്നതുപോലെ, ഒന്നൊന്നായി.
ചോ: ഈ സാധനയുടെ ലക്ഷ്യമെന്ത്?
ഉ: സത്യത്തിന്റെ സാക്ഷാല്‍ക്കാരം.