ഫെബ്രുവരി 4, 1935
ചോ: സുഖത്തിന്റെ സ്വരൂപമെന്താണ്? അത് ജന്മസ്വത്താണോ, അല്ല വിഷയസ്വത്താണോ, അഥവാ വിഷയാദികളുടെ ചേര്‍ച്ചമൂലം ഉണ്ടാകുന്നതാണോ? നമ്മില്‍ അത് സ്വയമേ ഉണ്ടാകുന്നില്ല. എപ്പോള്‍ ഉണ്ടാകും?
ഉ: നാം ഇഷ്ടപ്പെട്ടതുകളെ കാണുമ്പോഴോ അവയെ ഓര്‍മ്മിക്കുമ്പോഴോ അനിഷ്ടങ്ങളെ വിട്ടൊഴിയുമ്പോഴോ അക്കാര്യം ഓര്‍മ്മിക്കുമ്പോഴോ സന്തോഷം തോന്നാറുണ്ട്. അവയൊന്നും സുഖമല്ല, സന്തോഷം മാത്രം.
എന്നാല്‍ സുഖം, നിത്യവും അഖണ്ഡവുമായതാണ് നമുക്കാവശ്യം. അതിന്റെ ഇരിപ്പിടം വിഷയാദികളല്ല. പരമാത്മാവാണ്. അത് സുഖദുഃഖസമ്മിശ്രമല്ലാത്ത പരമശാന്തിയാണ്.
ചോ: നമ്മുടെ യഥാര്‍ത്ഥ സ്വരൂപം സുഖമാണെന്നു പറയുന്നതെങ്ങനെ?
ഉ: സാക്ഷാല്‍സുഖം ബ്രഹ്മമാണ്. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്. നാം ആത്മാവാണെന്നുണരുമ്പോള്‍ ആത്മാവിന്റെ സ്വരൂപ സുഖം നമ്മുടേതുമാകുന്നു. ഭക്തിയുടെയും ജ്ഞാനത്തിന്റെയും അന്തിമവും ഇതുതന്നെ.
ആത്മാവിനുവേണ്ടി ഈശ്വരനെ പ്രാര്‍ത്ഥിക്കുന്നു. കാരുണ്യത്താല്‍ അതു ലഭിക്കുന്നു. ആനന്ദത്തെ തരുന്നതും (അഖണ്ഡ) ആനന്ദം തന്നെയാണ്. സര്‍വ്വശക്തനായ ഈ അഖണ്ഡാനന്ദബ്രഹ്മത്തിന്റെ സഗുണഭാവമാണ് ഈശ്വരന്‍. നിര്‍ഗ്ഗുണബ്രഹ്മം കേവലാനന്ദമയനാണ്. ബ്രഹ്മത്തില്‍ നിന്നും മൂര്‍ത്തീകരിച്ചു നില്‍ക്കുന്ന ഈശ്വരന്റെ ശക്തിയില്‍നിന്നും സംജാതമാകുന്ന ജീവാത്മാക്കള്‍ക്കും നിലനില്‍പ്പിനാധാരം ആനന്ദം തന്നെ. ശുദ്ധ ചൈതന്യസ്വരൂപം ഈശ്വരപ്രകൃതിയോടുകൂടി സംബന്ധപ്പെട്ടിട്ടാണ് പ്രപഞ്ചദര്‍ശനം ഉണ്ടാകുന്നത്. ഇതില്‍ ചൈതന്യാംശമായ ശുദ്ധചൈതന്യവസ്തു (ബ്രഹ്മം) ഈശ്വരനെന്നും മായയെന്നും രണ്ടായി പിരിഞ്ഞു നില്‍ക്കുന്നു. ആതില്‍ മായ (പ്രകൃതി) രണ്ടുവിധം. സര്‍വ്വത്തിനും ജീവനായി എല്ലാത്തിനെയും വഹിച്ചു നില്‍ക്കുന്നത് പരാപ്രകൃതി. മനസ്സ്, ബുദ്ധി അഹങ്കാരം, പഞ്ചഭൂതങ്ങള്‍ തുടങ്ങിയവ അപരാപ്രകൃതികളാണ്.
ജീവന്‍, താന്‍ ശുദ്ധചൈതന്യമാണെന്നറിയാതെ ദേഹാദിസംസാരകാര്യങ്ങളില്‍ ഭ്രമിച്ചുപോകുന്നു. അവ തനിക്കു സത്യങ്ങളായി പരിണമിക്കുന്നു. ഈ ഭ്രമം മൂലം ജീവന്‍ സാക്ഷാലുള്ള സുഖത്തില്‍ നിന്നും വിട്ടുപോകുന്നതിനാല്‍ കിട്ടുന്ന സുഖത്തില്‍ രമിച്ചു തൃപ്തിയടയുന്നു. ആത്മ(സുഖ)സ്വരൂപം വീണ്ടുകിട്ടുമ്പോള്‍ പ്രാപഞ്ചിക സുഖങ്ങളും പ്രപഞ്ചം തന്നെയും ഒഴിഞ്ഞുമാറും. മനസ്സിന്റെ സുഖത്തില്‍ ദുഃഖം ഉള്‍ക്കൊണ്ടിരിക്കുന്നു.