ഫെബ്രുവരി 4, 1935
ചോ: സൃഷ്ടിക്രമത്തെപ്പറ്റി വേദങ്ങളില്‍ ഒന്നിനൊന്നു വിരുദ്ധമായി പറയപ്പെട്ടിരിക്കുന്നത് അവയെപ്പറ്റിയുള്ള വിശ്വാസത്തിന് ഹാനികരമാണ്. പ്രാരംഭസൃഷ്ടി ആകാശമാണെന്നും, പ്രാണനാണെന്നും ജലമാണെന്നും മാറിമാറിപ്പറഞ്ഞിരിക്കുന്നതെങ്ങനെ തമ്മില്‍ യോജിക്കും?
ഉ: ഓരോരോ ഋഷികള്‍ ഓരോരോ കാലങ്ങളില്‍ സൃഷ്ടിക്രമത്തിന്റെ പലവിധ അംശങ്ങളെ ഓരോരു നിലകളില്‍നിന്നുകൊണ്ട് പ്രസ്താവിച്ചിരിക്കുന്നു. അതിനെപ്പറ്റി നാമെന്തിനു ശ്രദ്ധിക്കണം? അഴിവില്ലാത്ത ആത്മസ്വരൂപമേ നാമെന്നതാണ് വേദങ്ങളുടെ അന്ത്യോപദേശം.
ചോ: അതിനെപ്പറ്റി എനിക്കൊരു സംശയവുമില്ല.
ഉ: അങ്ങനെയാണെങ്കില്‍ സൃഷ്ടിക്രമത്തെപ്പറ്റി പറഞ്ഞതെല്ലാം അനുവാചകരുടെ നിലകള്‍ക്കനുസൃതമായി പലതായി പിരിഞ്ഞു പോകുന്ന അര്‍ത്ഥവാദങ്ങള്‍ മാത്രമാണ്.
ചോ: നിത്യകര്‍മ്മാനുഷ്ഠാനത്തെകൂടി ന്യായാനുസരണം ചെയ്യാത്ത പാപിയാണ് ഞാന്‍, എന്റെ ജന്മാന്തരം എങ്ങനെയിരിക്കുമോ? ഭഗവാനേ! എന്നെ രക്ഷിക്കണം.
ഉ: ‘ഞാന്‍ പാപി’ എന്നു വിചാരിക്കുന്നതെന്തിന്? ഈശ്വരനെ വിശ്വസിച്ചാല്‍ ജന്മജന്മവും അദ്ദേഹം രക്ഷിക്കും. ഭാരങ്ങളെയെല്ലാം ഈശ്വരനു സമര്‍പ്പിക്കുക.
“നായിര്‍കടൈയാ നായേനൈ നയന്തു നീയേ നീയേയാടുക്കൊണ്ടായ്
മായപ്പിറവിയുന്‍ വശമേ വൈത്തിട്ടിരുക്കുമതുവന്റ
ആയക്കടവേന്‍ നാനോതാന്‍! എന്നതോ വിങ്കതികാരം
കായത്തിടുവായുന്നുടൈയ കഴര്‍കീഴ് വൈപ്പായ് കണ്ണുതലേ” (തിരുവാചകം)
(ഞാന്‍ നായെക്കാളും ഹീനനാണെങ്കിലും നീ എന്നെ ഏറ്റെടുത്തു. ഈ ജനനമരണങ്ങള്‍ നിന്റെ നിയമങ്ങളാണ് ഇല്ലെങ്കിലും ഞാനാണോ ഇതെല്ലാം തീര്‍ച്ചപ്പെടുത്തേണ്ടത്? എനിക്കെന്തധികാരം? മഹേശ്വര! എന്നെ ഓരോ ദേഹങ്ങളിലിടുന്നത് നീയാണ്. നിന്റെ പാദങ്ങളില്‍ നിലയുറപ്പിച്ചു നിറുത്തേണ്ടതും നീയാണ്.)
ഈ വിശ്വാസം ഉണ്ടായിരിക്കണം. അതു നിങ്ങളെ രക്ഷിക്കും.
ചോ: ഭഗവാനേ! എനിക്കു നല്ല വിശ്വാസമുണ്ട്. എന്നിട്ടും വിഘ്നങ്ങള്‍ വന്നു ചേരുന്നു. ധ്യാനിക്കാനിരുന്നാല്‍ മയക്കവും ബലഹീനത്വവും ഏര്‍പ്പെടുന്നു.
ഉ: നിരന്തരമായി ധ്യാനം ചെയ്താല്‍ അതെല്ലാം മാറും.
ചോ: ഒരു വശത്ത് ജോലി വേണ്ടതുണ്ട്. അതോടുകൂടി ധ്യാനത്തിലിരിക്കണമെന്നു വിചാരവുമുണ്ട്. ഇത് രണ്ടും യോജിച്ചിരിക്കുമോ?
ഉ: പൊരുത്തമില്ലാതെ ഒന്നുമില്ല. പഴക്കം കൊണ്ട് പൊരുത്തമാവും. അപ്പോള്‍ വ്യവഹാരമെല്ലാം സ്വപ്നസമാനമായിത്തീരും. എല്ലാ ജീവന്മാര്ക്കും രാത്രിയായിരിക്കുമ്പോള്‍ യോഗി ഉണര്‍ന്നിരിക്കും. ഏതില്‍ ജീവന്മാര് ഉണര്‍ന്നിരിക്കുന്നുവോ അത് ഉണ്മയെ അറിയുന്ന യോഗിക്കു രാത്രിയായിരിക്കും എന്നു ഭഗവദ്ഗീത ഈ അനുഭവത്തെ വെളിപ്പെടുത്തുന്നു.