ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

31. വേറൊരു സന്ദര്‍ശകന്‍ ചോദിച്ചു.

ചോ: മോക്ഷപ്രാപ്തിക്കെന്തുവേണം?

ഉ: ആദ്യം മോക്ഷമെന്നതെന്തെന്നു നോക്കാം.

ചോ: അതിന് ഉപാസനകള്‍ അനുഷ്ഠിക്കണമോ?

ഉ: ഉപാസനയായാല്‍ മനോനിഗ്രഹവും ഏകാഗ്രതയും ഉണ്ടാകും.

ചോ: മൂര്‍ത്തി ഉപാസന ചെയ്യാമോ? അതില്‍ ദോഷമൊന്നുമില്ല അല്ലേ?

ഉ: ദേഹത്തെ ഞാനെന്നു വിചാരിക്കുന്നവനു മൂര്‍ത്തി (സഗുണ) ഉപാസന കൊണ്ട്‌ തരക്കേടൊന്നുമില്ല.

ചോ: ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ?

ഉ: ജന്മമെന്നതെന്തെന്നും മരണമെന്നതെന്തെന്നും അറിഞ്ഞുകൊണ്ടാല്‍ മതി.

ചോ: മുക്തിപ്രാപ്തിക്കു കുടുംബത്തെ ഒഴിച്ചു വയ്ക്കണമല്ലേ?

ഉ: കുടുംബത്തെക്കൊണ്ട്‌ നിനക്കെന്തു ദോഷം? അദ്യം നീ നിന്നെയറിഞ്ഞുകൊള്ളൂ.

ചോ: അതിനുമുമ്പേ സംസാരത്യാഗം ആവശ്യമില്ലേ

ഉ: സംസാരത്യാഗമെന്നത് എന്താണെന്നാദ്യം നോക്കാം. സംസാരം എന്നത്‌ ഭാര്യയും മക്കളുമാണോ? കുടുംബത്തോടുകൂടിയിരുന്നു തന്നെ ആത്മജ്ഞാനം പ്രാപിച്ചവരില്ലേ?