ഫെബ്രുവരി 4, 1935
ചോ: ജ്ഞാനപ്രാപ്തിക്ക് അനുഷ്ഠിക്കേണ്ട ക്രമങ്ങളെന്തെല്ലാമാണ്?
ഉ: ചോദിക്കുന്നവന്റെ മനോപരിപാകമനുസരിച്ചേ ഉത്തരം പറയാവൂ.
ചോ: ഞാനിപ്പോള്‍ മൂര്‍ത്തി ഉപാസന ചെയ്തു വരുകയാണ്.
ഉ: ശരി, അതിനെ ചെയ്തുകൊണ്ടുപോയാല്‍ ഏകാഗ്രതയുണ്ടാവും. നല്ല ഏകാഗ്രതയുണ്ടായാല്‍ മറ്റു കാര്യങ്ങളും ശരിയാവും. മോക്ഷമെന്നത് എവിടെയോ ഇരിക്കുന്ന ഏതോ ഒന്നാണെന്നും അതിനെ പ്രാപിക്കണമെന്നും പലരും ആഗ്രഹിക്കുന്നു. അതാണ് തെറ്റ്. നമ്മിലിരിക്കുന്ന നമ്മുടെ നിജസ്വരൂപത്തെ അറിയുന്നതാണ് മോക്ഷം. മനസ്സ് ഏകാഗ്രമായാല്‍ തന്നെ മനസ്സിലാവും. മനസ്സാണ് ജനനമരണരൂപമായ സംസാരചക്രത്തിനു ഹേതു.
ചോ: എന്റെ മനസ്സെപ്പോഴും ചഞ്ചലിച്ചുകൊണ്ടിരിക്കുന്നു. ഞാനെന്തു ചെയ്യാന്‍ ?
ഉ: ചലിക്കാത്ത ഒന്നില്‍ മനസ്സിനെ നിര്‍ത്തി ശീലിക്കുക. ക്രമേണ മനസ്സ് ശാന്തമാകും.
ചോ: അങ്ങനെ നിറുത്താന്‍ കഴിയുന്നില്ലല്ലോ?
ഉ: അഭ്യാസത്തെ തള്ളിക്കളയാതെ അനുഷ്ടിച്ചുകൊണ്ടേയിരുന്നാല്‍ ശ്വാസോച്ഛ്വാസത്തെപ്പോലെ എളുപ്പമായിത്തീരും. അത് നിങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിജയമായിത്തീരും.
ചോ: ബ്രഹ്മചര്യവും ആഹാരനിയമങ്ങളും ആവശ്യമാണോ?
ഉ: അതെല്ലാം നല്ലതുതന്നെ (ഭഗവാന്‍ നോക്കാതെ നോക്കുമ്പോലെ മൗനമായിരുന്നു കാണിച്ചുകൊടുക്കുന്നു).
ചോ; ഞാന്‍ യോഗാഭ്യാസം ചെയ്യേണ്ടയോ?
ഉ: എന്താണു യോഗം. മനസ്സിന്റെ ഏകാഗ്രത തന്നെ.
ചോ: ഏകാഗ്രത സാധിക്കാന്‍ ചില ഉപായങ്ങള്‍ ആവശ്യമില്ലേ?
ഉ: പ്രാണായാമം തുടങ്ങിയവ ഉപായങ്ങളാണ്.
ചോ: ഈശ്വരദര്‍ശനം സാധ്യമല്ലേ?
ഉ: കാണാം. നിങ്ങള്‍ അതുമിതും കാണുന്നില്ലേ. പിന്നെ എന്തുകൊണ്ട് ഈശ്വരനെ കാണാനൊക്കുകയില്ല. ഈശ്വരനെന്താണെന്നറിഞ്ഞാല്‍ മതി. അപ്പോള്‍ എല്ലാവരും എപ്പോഴും ഈശ്വരനെ കണ്ടുകൊണ്ടാണിരിക്കുന്നതെന്നു മനസ്സിലാവും. ഈശ്വരസ്വരൂപം എന്താണെന്നറിയാത്തതിനാല്‍ അവനെ എപ്പോഴും കണ്ടുകൊണ്ടിരുന്നിട്ടും കാണാത്ത മട്ടിരിക്കുന്നു.
ചോ: മൂര്‍ത്തി ഉപാസനചെയ്യുമ്പോള്‍ കൂടെ മന്ത്രജപവും ഈശ്വരനാമോച്ചാരണവും ചെയ്യണമല്ലേ?
ഉ: മാനസികജപമാണ് വിശേഷം. ധ്യാനത്തിനനുകൂലവും. മനസ്സുകൊണ്ടു ജപിച്ചാല്‍ മനസ്സ് മന്ത്രമയമാകും. അപ്പോഴാണ് ഉപാസനയുടെ സ്വരൂപം ഉള്ളവിധം വിളങ്ങുന്നത്. അതില്‍ ഉപാസകനും ഉപാസിക്കപ്പെട്ടതും ഏകാകാരമായിത്തീരും.
ചോ: പരമാത്മാവ് ജീവാത്മാവിന് അന്യമാണോ?
ഉ: സാധാരണ എല്ലാവരും അങ്ങനെയാണ് വിചാരിച്ചുകൊണ്ടിരിക്കുന്നത്. അത് തെറ്റ്. ഈശ്വരന്‍ നമുക്കന്യനല്ലെന്നുണര്‍ന്ന് ദൃഢപ്പെട്ടാല്‍ ആ ഏകത്വം അനുഭവമാകും.