ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

ചോ: അദ്വൈതമെന്നു പറയുന്നത്‌ ഈശ്വരനോട് ഐക്യമാവുന്നതിനെയല്ലേ?

ഉ: ആവാനൊന്നുമില്ല. വിചാരിക്കുന്നവന്റെ നിജസ്വരൂപമായിട്ടുതന്നെ ഈശ്വരനിരിക്കുന്നു. വിചാരിക്കുന്ന ജീവനില്‍ ഒടുവില്‍ ഈ സത്യമുണരും. നിദ്രയിലും സ്വപ്നത്തിലും മറ്റും നമ്മുടെ വ്യക്തിത്വം മറന്നുപോകുന്നു. അപ്പോഴുണ്ടാകുന്ന കേവലജ്ഞാനം നിരന്തരം പ്രകാശിച്ചാല്‍ അത്‌ ഈശ്വരസ്വരൂപമാവും.

ചോ: ഈശ്വരസേവ കൂടാതെ ഗുരൂപദേശവും ആവശ്യമല്ലേ?

ഉ: ഉപദേശമൊന്നും കൂടാതെ നിങ്ങളതാരംഭിച്ചതെങ്ങനെ?

ചോ: ഗ്രന്ഥപാരായണം മൂലമാണ്‌.

ഉ: അതെ. ആരോ നിങ്ങളോട്‌ ഈശ്വരനെപ്പറ്റി പറയുന്നു. ചിലപ്പോള്‍ ഈശ്വരന്‍ തന്നെയായിരിക്കും. ഇക്കണക്കില്‍ ഈശ്വരന്‍ തന്നെയാണ്‌ നിങ്ങളുടെ ഗുരു. ഗുരുവായിരുന്നാലും ഈശ്വരനായിരുന്നാലും നാം അവരുടെ ഏകസ്വരൂപമായിരിക്കുകയാണ്‌. ഗുരു ഈശ്വരന്റെ സ്വരൂപമാണെന്നുണരുക. ഗുരു സ്വരൂപത്തില്‍ ജീവേശ്വരഭേദമില്ല.

ചോ: ചെയ്ത പുണ്യം പാഴാവുകയില്ലല്ലോ?

ഉ: കര്‍മ്മം അതിന്റെ ഫലത്തെക്കൊടുത്തേ തീരൂ.

ചോ: അറിഞ്ഞ ഗുരുവിനെ സമീപിച്ചാല്‍ അവര്‍ വഴികാണിക്കുമല്ലോ?

ഉ: ഇപ്പോള്‍ കഴിവൊത്തതുപോലെ പ്രയത്നിച്ചാല്‍ നമ്മെത്തേടി വരുന്നതുപോലെ ഗുരുവും വന്നുചേരും.

ചോ: കര്‍മ്മത്തിനും യോഗത്തിനും ഭേദമുണ്ടോ?

ഉ: ഭക്തിമാര്‍ഗ്ഗവും ജ്ഞാനമാര്‍ഗവും എല്ലാം ഒന്നാണ്‌.

ആത്മസമര്‍പ്പണവും ആത്മവിചാരണയും ആത്മസാക്ഷാല്‍ക്കാരത്തില്‍ അവസാനിക്കുന്നു. ‘ഞാന്‍’ എന്ന്‌ തന്നെപ്പറ്റി കൂടുതലൊന്നും ചിന്തിക്കാതിരിക്കുന്നത്‌ ശരിയായ ആത്മസമര്‍പ്പണം. അപ്പോള്‍ അഹന്തയാകുന്ന ഊന്നുവടിയില്ലാതാകുന്നതിനാല്‍ വാസനകള്‍ എല്ലാം ഒഴിഞ്ഞ്‌ മോചനം ഉണ്ടാകും വ്യക്തിബോധം അവശേഷിച്ചിരിക്കുകയില്ല.