ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

യോഗി രാമയ്യയുടെ അനുഭവകഥകള്‍.

34. മഹര്‍ഷിയുടെ സന്നിധിയില്‍ മനസ്സു ശാന്തമാകുന്നു. ഞാന്‍ സാധാരണ മൂന്നോ നാലോ മണിക്കൂറങ്ങനെ ഇരിക്കാറുണ്ട്‌. പിന്നീട്‌ ഒരു പുതിയ രൂപത്തില്‍ ഉള്ളില്‍ നിന്നും വെളിയില്‍ വരുന്നതായും അറിയും. നിരന്തര പരിശീലനത്താലും ധ്യാനത്താലും അത്‌ ഹൃദയത്തിനുള്ളില്‍ പ്രവേശിച്ച് അതോടുകൂടി ലീനമാകും. ഹൃദയം മനസ്സിന്റെ വിശ്രമസ്ഥാനമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ശാന്തിയാണ്‌ ഫലം. മനസ്സ്‌ ഹൃദയത്തില്‍ ഒടുങ്ങുമ്പോള്‍ ആത്മസ്വരൂപം ദൃശ്യമാകും. നിഷ്ഠയിലിരിക്കുമ്പോഴും ഈ അനുഭവം ഉണ്ടാകുന്നുണ്ട്‌.

ധ്യാനത്തെപ്പറ്റി ഞാന്‍ മഹര്‍ഷിയോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു. ഒരാള്‍ മരിച്ചു. ചിത കൂട്ടി പ്രേതത്തെ ചിതയില്‍ നിവര്‍ത്തി ഇടുന്നു. ചിതയില്‍ തീ കൊളുത്തുന്നു. ആദ്യം ചര്‍മ്മം വെന്തഴിയും. പിന്നീട്‌ ചത, പിന്നീട്‌ അസ്ഥി, ഇങ്ങനെ മുഴുവന്‍ വെന്തു ചാമ്പലാവും. എന്തവശേഷിക്കും? മനസ്സ്‌. ചോദിക്കാം ദേഹത്തില്‍ എത്രപേര്‍ ഉണ്ടെന്ന്‌. ഒന്നോ രണ്ടോ എന്ന്‌. രണ്ടുപേരാണുള്ളതെങ്കില്‍ ‘ഞാന്‍ എന്നല്ലല്ലോ, ഞങ്ങള്‍ എന്നുവേണ്ടേ പറയാന്‍? അതുകൊണ്ട്‌ അതില്‍ ഒന്നേയുള്ളൂ എന്നു മനസ്സിലാക്കാം. അതെവിടെനിന്നും ജനിച്ചു. അതിന്റെ സ്വരൂപമെന്താണ്‌. ഇതന്വേഷിക്കുന്ന മനസ്സു മാഞ്ഞുപോകുന്നു. പിന്നീടവശേഷിക്കുന്നതെന്താണ്‌ ‘ഞാന്‍ ‘. അടുത്ത ചോദ്യം ‘ആരാണ്‌ ഞാന്‍ ‘ എന്നാണ്‌. ആത്മാവ്‌ മാത്രം. ഇത്‌ ധ്യാനമാണ്‌. ഇങ്ങനെയാണ്‌ ഞാന്‍ ചെയ്തത്‌. ഈ പ്രക്രിയമൂലം ദേഹവാസന ഒഴിയുന്നു. അഹന്ത നശിക്കുന്നു. ആത്മാവുമാത്രം പ്രകാശിക്കുന്നു. ഈ നിവൃത്തിക്കു മുഖ്യോപായം സത്സംഗമാണ്‌, യോഗചതുരന്മാരുമായിട്ട്‌. ഇവരുടെ സമാധിയും പൂര്‍ണ്ണമായിരിക്കും. സാക്ഷാല്‍ക്കാരവും അവര്‍ക്ക്‌ എളുപ്പവും പരിപൂര്‍ണ്ണവുമായിരിക്കും. അവരുടെ അന്തേവാസിത്വം ക്രമേണ നിത്യസമാധിപ്രാപ്തിക്കും പ്രയോജനപ്പെടുന്നു.

മറ്റൊരു ചോദ്യത്തിനുത്തരമായിട്ടദ്ദേഹം ചോദിച്ചു. ലോകം നിങ്ങള്‍ക്കുള്ളിലിരിക്കുന്നോ, നിങ്ങള്‍ക്ക്‌ പുറത്തിരിക്കുന്നോ? അത്‌ നിങ്ങളെക്കൂടാതെയിരിക്കുകയാണോ? ഞാനിവിടെയുണ്ട്‌, എന്ന്‌ അത്‌ നിങ്ങളോട്‌ വന്നു പറയുന്നുണ്ടോ?

ആ ബ്രാഹ്മണ അതിഥി വീണ്ടും ചോദിച്ചു.

നമ്മുടെ പ്രവൃത്തികള്‍ നമ്മുടേതോ അല്ലയോ എന്ന്‌ നമുക്കെങ്ങനെ അറിയാം?

ഉ: കര്‍മ്മഫലം കര്‍ത്താവിനെ ബാധിക്കുന്നില്ലെങ്കില്‍ അയാള്‍ കര്‍മ്മത്താല്‍ ബദ്ധനുമല്ല.

ചോ: ഇത്‌ നാം ബുദ്ധികൊണ്ടറിഞ്ഞാല്‍ മതിയാവുമോ?

ഉ: ബുദ്ധിയാല്‍ അറിയാതെ അഭ്യസിക്കുന്നതെങ്ങനെ? ബുദ്ധിയാല്‍ തത്വത്തെ ആദ്യം ഒരു മട്ടിലറിഞ്ഞിട്ട്‌ ആ അവസ്ഥയെ പ്രത്യാശയോടുകൂടി തുടര്‍ന്ന്‌ അഭ്യസിക്കുക. മഹര്‍ഷി ഇപ്രകാരം ഒരു വിമര്‍ശനം നടത്തി.

നിങ്ങള്‍ ഒരു സിദ്ധാന്തം ബോധ്യമായാല്‍ മറ്റുള്ളവയെ അധിക്ഷേപിക്കണമെന്നു തോന്നും. മഠാധിപതികള്‍ക്കിതൊരു പതിവാണ്‌. എല്ലാവരും ഒരേ മാര്‍ഗ്ഗത്തില്‍ നില്‍ക്കാന്‍ പ്രയാസം. ഒരോരുത്തരും ഒരേ സാധനയെ അഭ്യസിക്കാനും ബുദ്ധിമുട്ടുണ്ട്‌. അവനവന്റെ പക്വതയെ അനുസരിച്ചുള്ളതാണത്‌. ജ്ഞാനം, ഭക്തി, കര്‍മ്മങ്ങള്‍ ഒന്നിനൊന്നു തുടര്‍ച്ചയുള്ളവയാണ്‌. സഗുണധ്യാനത്തില്‍ അവരവര്‍ക്കിഷ്ടമുള്ളവരെ ധ്യാനിക്കുന്നു. ഇത്‌ അവനവനെ ധ്യാനിക്കുന്നതുപോലെയാണ്‌. ഇതരനാമരൂപങ്ങളില്‍നിന്നും മനസ്സ്‌ പിന്‍തിരിഞ്ഞു ഏകാഗ്രതയെ കൈവരിക്കുന്നു. ആ അനുഭവമുണ്ടാകുന്നു. ആദ്യമേ മനസ്സിനെ ഹൃദയത്തിലൊടുക്കാന്‍ പ്രയാസം. അതുകൊണ്ട്‌ ചില സഹായങ്ങളൊക്കെ ആവശ്യമായിത്തീരുന്നു. കൃഷ്ണന്‍, ‘നിങ്ങള്‍ക്കും എനിക്കും ജന്മമില്ല‌’ എന്നു പറയുന്നു. എന്നിട്ട്‌ അദ്ദേഹം ആദിത്യനു മുന്‍പേ ജനിച്ചവനാണെന്നും മറ്റും പിന്നീട്‌ പറയുന്നു. അര്‍ജ്ജുനന്‍ അതിനെ ചോദ്യം ചെയ്യുന്നു. അതുകൊണ്ട്‌ ഓരോ വ്യക്തിയും അവനവന്റെ വളര്‍ച്ചയനുസരിച്ച്‌ ഈശ്വരനെപ്പറ്റി പറയുകയാണ്‌.

നിങ്ങള്‍ നിങ്ങളുടെ ജാഗ്രത്തിലെ ദേഹമാണെന്നു പറയുന്നു. സ്വപ്നത്തില്‍ കാണുന്ന ശരീരത്തെ നാം വകവയ്ക്കുന്നില്ല. എന്നാല്‍ ആ സമയത്തേയ്ക്ക്‌ വേറൊരു ശരീരത്തെ വഹിച്ചുകൊണ്ടു തന്നെ വ്യവഹരിക്കുന്നു. അങ്ങനെ ജീവന്‍ തന്നെ പല ശരീരങ്ങളെ വഹിച്ചുകൊള്ളാന്‍ പ്രാപ്തനാണെങ്കില്‍ ഈശ്വരന്‍ അനന്തകോടി ശരീരത്തെ വഹിക്കാന്‍ പ്രാപ്തനല്ലെന്നുവരുമോ? ഒരുത്തന്‍ ഏത്‌ വഴിയില്‍കൂടി പോയാലും അവന്‍ ആ വഴിയില്‍കൂടിതന്നെ നേര്‍വഴിയില്‍ വരാന്‍ യതീശ്വരന്മാര്‍ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വഴിയും ഒരിടത്ത്‌ തന്നെ ചേരും.

41. ചോ: സ്വര്‍ഗ്ഗവും, നരകവും ഉണ്ടോ?

ഉ: ഉണ്ട്‌. അവിടെ ചെല്ലാന്‍ ആരെങ്കിലും വേണം.

അവ സ്വപ്നം പോലെയാണ്‌. ദേശകാലാദികള്‍ അതിലുമുണ്ട്‌. ഏതാണ്‌ സത്യം. സ്വപ്നമോ, ജാഗ്രത്തോ?

ചോ: അപ്പോള്‍ നാം കാമക്രോധാദികളെ ഒഴിവാക്കണമല്ലേ?

ഉ: വിചാരം വിടുക. മറ്റൊന്നിനെയും വിട്ടുകളയുകയുമരുത്‌. എന്തും കാണാന്‍ അവിടെ ഒരാള്‍ ഉണ്ടായിരിക്കുകയും വേണം. അവനാരെന്നുള്ളിലോട്ടു നോക്കിയാല്‍ അവന്റെ കാര്യവും ഒടുങ്ങും. ഒഴിച്ചുമാറ്റാന്‍ ഒക്കാത്ത ആത്മസ്വരൂപം അവശേഷിക്കും.