ഫെബ്രുവരി 4, 1935
ചോ: ഒന്നിനെ അറിഞ്ഞാല്‍ സംശയങ്ങളെല്ലാം നിവര്‍ത്തിക്കപ്പെടും എന്നു പറയപ്പെടുന്ന ആ ഒന്നേതാണ്?
ഉ: സംശയിക്കുന്ന ആളിനെ അറിയുക. അവന്റെ പിടി നിറുത്തിയാല്‍ സംശയങ്ങളെല്ലാം ഒഴിയും. സംശയിക്കുന്ന ഒരുത്തന്‍ ഇരുന്നിട്ടല്ലേ സംശയങ്ങളെ ഇളക്കിവിടുന്നത്, അവനെ മാറ്റി വിട്ടാല്‍ മതി. എല്ലാവരും ജ്ഞാനികളാണ്, ജീവന്മുക്തരാണ്. സംശയിക്കുന്ന ദോഷം (പ്രതിബന്ധം) മാറിയാല്‍ സംശയിക്കുന്നവനില്ലാത്ത സ്ഥാനത്ത് അത് പ്രകാശിക്കും.
ചോ: സംശയിക്കുന്നവനെ മാറ്റുന്നതെങ്ങനെ?
ഉ: അവന്‍ ആരെന്ന് (ഞാന്‍ ആരെന്ന്) ശ്രദ്ധിച്ചാല്‍ മതി.
ചോ: ജപം ചെയ്യാമോ?
ഉ: ഇങ്ങനെയെല്ലാം ചോദിക്കുന്നതെന്തിന്? ചോദിക്കുന്നവനാരെന്നറിഞ്ഞാല്‍ ആ അഹന്തയും ഈ അന്വേഷണങ്ങളും മാറും. മാറാതെ അവശേഷിക്കുന്നത് താന്‍ (ആത്മാവ്).
ചോ: ഹഠയോഗം ആവശ്യമാണോ?
ഉ: പല സഹായങ്ങളില്‍ ഒന്ന്. അത്യാവശ്യമൊന്നുമല്ല. അത് ആളിനെ ആശ്രയിച്ചിരിക്കും. വിചാരം പ്രാണായാമത്തെയും അതിക്രമിക്കുന്നു. ജ്ഞാന വാശിഷ്ടത്തില്‍ അഹന്താനാശത്തിനു ശിഖിദ്വജനോട് ചൂടാല ഉപദേശിക്കുന്നത് വിചാരത്തെയാണ്.
പ്രാണനെ നിരോധിക്കുകമൂലം മനസ്സിനെ നിരോധിക്കുന്നത് ഹംസയോഗം (ഹഠയോഗം). നേരിട്ട് മനസ്സിനെത്തന്നെ ചിന്തയില്‍ക്കൂടെ നിരോധിക്കുന്നത് ജ്ഞാനമാര്‍ഗ്ഗം.
ചോ: ജ്ഞാനോദയത്തിനുശേഷം ജീവത്വമുണ്ടോ?
ഉ: ജീവഭാവം ഒഴിയുന്നതാണ് ജ്ഞാനം. ആ സ്ഥിതിയില്‍ ജീവത്വം എങ്ങനെ ഉണ്ടായിരിക്കും?
ചോ: ഇതു ഞാനല്ല, ഇത് ഞാനല്ല എന്ന മട്ടിലാണ് ഞാന്‍ ധ്യാനിക്കുന്നത്. അത് ശരിയാവുമോ?
ഉ: ഇല്ല. ഇത് ധ്യാനമാവുകയില്ല. ഞാന്‍ എന്നതിന്റെ ആദിയെന്താണെന്നറിയുക. അപ്പോള്‍ മിഥ്യയായ ഞാന്‍ (അഹംകാരന്‍) ഒഴിയുകയും സാക്ഷാല്‍ ഞാന്‍ (ആത്മാവ്) വെളിപ്പെടുകയും ചെയ്യും.