ശ്രീ രമണമഹര്‍ഷി

മാര്‍ച്ച്‌ 28, 1935

43. വേലൂര്‍ കളക്റ്റര്‍ രങ്കനാഥന്‍ ഐ.സി.എസ്‌, എസ്‌.വി. രാമമൂര്‍ത്തി ഐ.സി.എസ്‌, പുതുക്കോട്ട ദിവാന്‍ ടി. രാഘവയ്യ – ഈ മൂന്നുപേരും ചേര്‍ന്ന്‌ ആശ്രമത്തില്‍ ഭഗവദ്ദര്‍ശനത്തിനു വന്നു ചേര്‍ന്നു.

രങ്കനാഥന്‍:

ചോ: മനസ്സിനെ വശപ്പെടുത്തുന്നതെങ്ങനെയെന്ന്‌ ഭഗവാന്‍ അരുളിച്ചെയ്യുമോ:

ഉ: രണ്ടുപായങ്ങള്‍ ഉണ്ട്‌. മനസ്സെന്നതെന്താണെന്നു നോക്കിയാല്‍ മനസ്സൊടുങ്ങും. അതൊരു വഴി. മറ്റൊന്ന്‌ ഏതെങ്കിലും ഒന്നില്‍ മനസ്സിനെ ഏകാഗ്രമായി വച്ചുകൊണ്ടിരിക്കുക.

അവര്‍ കുറെക്കൂടി വിശദമായിട്ടറിയാനാഗ്രഹിച്ചു. ഭഗവാനും കുറേക്കൂടി വിവരിച്ചു പറഞ്ഞു. എങ്കിലും കേട്ടവര്‍ക്ക്‌ തൃപ്തികരമായിത്തോന്നിയില്ല.

ടി. രാഘവയ്യ ചോദിച്ചു:

ഞങ്ങള്‍ ലോകത്ത്‌ ഉഴന്നു കൊണ്ടിരിക്കുന്നു. എങ്ങനെയോ ഏതെങ്കിലും ദുഃഖം വന്നുകൊണ്ടേയിരിക്കുന്നു. അതിനെ കടക്കുന്നതെങ്ങനെയെന്നറിയാന്‍ പാടില്ല. ഈശ്വരനോട്‌ പ്രാര്‍ത്ഥിക്കുന്നുണ്ട്‌, അപ്പോഴും മനസ്സ്‌ ശാന്തമാകുന്നില്ല. എന്തു ചെയ്യാന്‍?

ഉ: ഈശ്വരന്‍ തന്നെ തുണ. അദ്ദേഹം എങ്ങനെയും നമ്മെ രക്ഷിക്കുമെന്ന വിശ്വാസമുണ്ടെങ്കില്‍ ഭ്രമിക്കേണ്ട കാര്യമില്ലല്ലോ.

ചോ: ഈശ്വരനെ വിശ്വസിക്കുകതന്നെ ചെയ്യുന്നു. എന്നിട്ടും ശാന്തി ഉണ്ടാകുന്നില്ല.

ഉ: അങ്ങനെയോ? ഈശ്വരാര്‍പ്പണ ബുദ്ധിയോടുകൂടി ഇരിക്കുകയാണെങ്കില്‍ ഈശ്വരന്റെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കണം. നിങ്ങളുടെ ഇഷ്ടം നടക്കുന്നില്ലെന്ന്‌ പരാതിപ്പെടരുത്‌. കാര്യങ്ങള്‍ വെളിയില്‍ കാണുന്നതിനു വ്യത്യാസമായി കലാശിച്ചെന്നു വരാം. ദുഃഖം പലപ്പോഴും ഈശ്വരവിശ്വാസത്തിന് ഉപോല്‍ബലകമായിത്തീരും.

ചോ: പക്ഷെ, ഞങ്ങള്‍ പ്രാപഞ്ചികന്മാരാണ്‌. ഭാര്യയും മക്കളും ബന്ധുക്കളും ഉള്ളവരാണ്‌. അവരെ മറന്നിട്ട്‌ ഈശ്വരനെ ശരണം പ്രാപിക്കുന്നതെങ്ങനെ?

ഉ: അതിന്റെ അര്‍ത്ഥം നിങ്ങള്‍ മുന്‍പറഞ്ഞതുപോലെ ഈശ്വരനെ ശരണം പ്രാപിച്ചില്ല എന്നാണ്‌. നിങ്ങള്‍ ഈശ്വരനെ മാത്രമേ വിശ്വസിക്കാവൂ. അതൊന്നേ മാര്‍ഗ്ഗം.