മാര്‍ച്ച് 28, 1935
ചോ: (രാമമൂര്‍ത്തി) ഭഗവാനേ! ഞാന്‍ ബ്രണ്ടന്റെ “എ സേര്‍ച്ച് ഇന്‍ സീക്രട്ട് ഇന്‍ഡ്യ” എന്ന പുസ്തകം വായി്ചിട്ടുണ്ട്. അതില്‍ ഒടുവിലത്തെ അധ്യായത്തില്‍ വിചാരം കൂടാതെ ബോധമാത്രമായിട്ടിരിക്കാമെന്നു പറഞ്ഞിരിക്കുന്നു. അതെനിക്കു വളരെ പത്ഥ്യമായി തോന്നിയിട്ടുണ്ട്. ശരീരത്തെ മറന്നിട്ട് ഒരേ വിചാരത്തിലിരിക്കാന്‍ കഴിയുമെന്നെനിക്കറിയാം എന്നാല്‍ മനസ്സിനെ കൂടാതെ ചിന്തിക്കാന്‍ കഴിയുമോ? ചിന്തയും വിട്ടുള്ള ബോധസ്വരൂപം ലഭ്യമാണോ?
ഉ: ലഭ്യമാണ്. ബോധം (അറിവ്) ഒന്നേയുള്ളൂ. അത് ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്. നിദ്രയില്‍ ‘ഞാന്‍’ എന്നതില്ല. ഉണരുമ്പോള്‍ ‘ഞാന്‍’ എന്ന വിചാരവും ഒത്ത് ഈ ലോകവും ഉദയമാവുന്നു. ഈ ‘ഞാനും’ ഈ ലോകവും ഉറക്കത്തിലെവിടെയായിരുന്നു? ഇതുകളവിടെ ഉണ്ടായിരുന്നോ? ഇല്ലായിരുന്നോ? ഉറക്കത്തിലും അവയുണ്ടായിരുന്നു. പക്ഷെ ജാഗ്രത്തില്‍ കാണപ്പെട്ടതുപോലെ ആയിരുന്നില്ലെന്നേയുള്ളൂ. ഇപ്പോഴുള്ള ‘ഞാന്‍’ തോന്നലാണ്. എന്നാല്‍ ഉറക്കത്തില്‍ ഉള്ള ‘ഞാന്‍’ സത്യമായ ‘ഞാന്‍’ തന്നെയാണ്. ഇതെപ്പോഴും നിലച്ചുനില്‍ക്കുന്നു. അത് ചിന്മാത്രജ്ഞാനമാണ്. അതിനെ അറിയാനൊക്കുമെങ്കില്‍ അത് വിചാരത്തിനും അപ്പുറത്തുള്ളതാണെന്നു മനസ്സിലാക്കാം.
ചോ: മനസ്സിനെക്കൂടാതെ വിചാരിക്കാനൊക്കുമോ?
ഉ: ചിന്ത, മറ്റു വൃത്തികളെപ്പോലെയേയുള്ളൂ. അതും ആത്മബോധത്തെ മറക്കുന്നില്ല.
ചോ: ഒരാളിന് മറ്റൊരാളിന്റെ മനസ്സ് അറിയാനൊക്കുമോ?
പതിവുപോലെ നാം മറ്റുള്ളവരെ അറിയുന്നതെന്തിനെന്നു മഹര്‍ഷി ചോദിച്ചു. തന്റെ ആത്മാവിനന്യമായി തനിക്കാരുണ്ടെന്നും മഹര്‍ഷി ചോദിച്ചു.
രാഘവയ്യ: ഭഗവാന്‍ പറയുന്ന ആത്മജ്ഞാനവും ഞങ്ങളുടെ പ്രാകൃതജ്ഞാനവും എങ്ങനെ തമ്മില്‍ ചേരും?
ഉ: ബോധം ഒന്നേയുള്ളൂ. ലോകജ്ഞാനം എന്നു പറയുന്നത് അഹന്തയില്‍ നിന്നുമുളവാകുന്നതാണ്. അതിനെന്തര്‍ത്ഥം.
ലോകത്ത് ഏറ്റവും വിഖ്യാതനായ ഒരാളിനോട് ചോദിക്കൂ, അയാള്‍ക്ക് തന്റെ ആത്മാവിനെ അറിയാമോ എന്ന്. അതൊരു വിരോധാഭാസമായിരിക്കും.
മനസ്സുണ്ടോ എന്നന്വേഷിച്ചാല്‍ മനസ്സില്ലാ എന്നറിയും. അത് മനോനിയന്ത്രണമാണ്. അല്ലാ, മനസ്സുള്ളതാണെന്നു ധരിച്ചുകൊണ്ട് മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് മനസ്സിനെ മനസ്സ് തന്നെ നിയന്ത്രിക്കുന്നതായിരിക്കും. കള്ളന്‍ പോലീസുകാരനായി നിന്നുകൊണ്ട് കള്ളനെ പിടിക്കാന്‍ ശ്രമിക്കുന്നതുപോലെയായിരിക്കും അത്. തന്റെ സുസ്ഥിതിയെ സ്വയം നിഷേധിച്ചുകൊണ്ടുമാത്രം മനസ്സ് നിലനില്‍ക്കുകയാണ്.