ഏപ്രില്‍ 3, 1935
44. എന്‍ജിനീയര്‍ ഏകനാഥറാവു ധ്യാനത്തിന് ഏകാന്തത ആവശ്യമാണോ എന്നു ചോദിക്കുകയുണ്ടായി.
ഉ: ഏകാന്തത എല്ലായിടത്തുമുണ്ട്. ഒരു വ്യക്തി എപ്പോഴും ഏകാന്തതയിലാണ്. അവനതിനെ തന്നകത്ത് കാണേണ്ടതാവശ്യം. തനിക്കു വെളിയിലല്ല.
ചോ: വ്യവഹാരങ്ങള്‍ വിക്ഷേപത്തെ ജനിപ്പിക്കുന്നല്ലോ?
ഉ: വിക്ഷേപത്തിന് അവസരം ഉണ്ടാകാതിരിക്കണം. വിക്ഷേപം തോന്നിയാല്‍ അത് ആര്‍ക്കാണെന്നു മനസ്സിലാക്കണം. അഭ്യാസം അല്‍പമെങ്കിലും ഫലപ്പെട്ടാല്‍ പിന്നീട് വിക്ഷേപമേ ഉണ്ടാവുകയില്ല.
ചോ: അത് അഭ്യാസത്തിനും സമ്മതിക്കുന്നില്ലല്ലോ:
ഉ: ചെയ്തുനോക്കുമ്പോള്‍ അതത്ര ബുദ്ധിമുട്ടുള്ളതല്ലെന്നറിയും.
ചോ: വിചാരിച്ചാല്‍ ഉള്ളില്‍ നിന്നും അതിനു സമാധാനമൊന്നും കിട്ടുന്നില്ല.
ഉ: വിചാരിക്കുന്നവന്റെ സ്വരൂപം തന്നെ സമാധാനം. വിചാരണക്കു മറ്റൊരു സമാധാനം പുതുതായി എവിടെ നിന്നും വരുന്നില്ല. അങ്ങനെ വന്നാല്‍ അത് സത്യമാവുകയില്ല. എപ്പോഴും ഉള്ളതാണ് ഉണ്മ.