ദേഹാത്മബോധം (68)
ജൂണ്‍ 15, 1935
53. പോള്‍ ബ്രണ്ടന്‍ എഴുതിയ ‘രഹസ്യ ഭാരതം’ ‘രഹസ്യ മാര്‍ഗ്ഗം’ എന്നീ രണ്ട് പുസ്തകങ്ങളും വായിച്ചിരുന്ന മി. നൗള്‍സ് എന്ന യുവാവ് ദര്‍ശനത്തിനു വന്നു. അദ്ദേഹം ചോദിച്ചു:
ബുദ്ധമതക്കാര്‍ ‘ഞാന്‍ ‘ എന്നത് മിഥ്യയാണെന്ന് ഉപദേശിക്കുന്നു. എന്നാല്‍ ‘രഹസ്യമാര്‍ഗ്ഗ’ത്തില്‍ പോള്‍ ബ്രണ്ടന്‍ പറയുന്നു ‘ഞാന്‍ ‘ എന്ന വിചാരം മാറി ‘ഞാന്‍ ‘ ആയിത്തീരണമെന്ന്.
ഉ: ‘ഞാന്‍ ‘ രണ്ടുണ്ടെന്ന് കരുതപ്പെടുന്നു. ഒന്ന് നാമെല്ലാം വ്യവഹരിക്കുന്ന, മിഥ്യയായ അഹങ്കാരനാണ്. മറ്റേത് അവര്‍ണ്ണ്യവും അനുഭവിച്ചറിയേണ്ട സത്യവുമാണ്.
നിങ്ങള്‍ക്ക് സുഷുപ്തിയെപ്പറ്റി അറിയാന്‍ പാടില്ല. എന്നാല്‍ ജാഗ്രത്തിനെപ്പറ്റി അറിയാം. ഉണര്‍ച്ചയിലല്ലാതെ ഉറക്കത്തില്‍ ഉറക്കത്തെപ്പറ്റി അറിയുന്നില്ല. നാനാത്വത്തെ അറിയുന്നത് ദേഹാത്മബോധത്തിലാണ്. ഈ ദേഹാത്മബോധം ജനിക്കുന്നത് ഏതോ ഒരു പ്രത്യേക നിമിഷത്തിലാണ്. അതിന് ആദിയും അന്തവുമുണ്ടോ ഈ മിഥ്യാബോധത്തിനാധാരമായി ഒരു സത്യമുണ്ടായിരിക്കണം. അതാണ് ആത്മബോധം. ഞാനാര്, ഞാന്‍ എവിടെ നിന്നും ഉദയമാവുന്നു എന്ന അന്വേഷണത്തില്‍ അഹന്തയൊഴിഞ്ഞു പരിപൂര്‍ണ്ണ ആത്മബോധം അവശേഷിക്കുന്നു.
ചോ: ഞാനെന്നത് ജാഗ്രത്തിന്റെ തുടര്‍ച്ചയായി കാണപ്പെടുന്നു. വേറെ ഞാന്‍ എവിടെയിരിക്കുന്നു? ഇതായിരിക്കണം ബൗദ്ധസിദ്ധാന്തമെന്നു തോന്നുന്നു.
ഉ: ലോകം വെളിയിലില്ല. തോന്നപ്പെടുന്നത് വെളിയിലായാലും തോന്നുന്നത് ഉള്ളിലാണ്. ഞാനിതാ സ്ഥിതിചെയ്യുന്നു എന്നു ലോകം പറയുന്നില്ല. ലോകം സ്ഥിതി ചെയ്യുന്നത് നമ്മുടെ ബോധത്തിലാണ്. ലോകബോധം ഇടയ്ക്കിടക്കുണ്ടാകുന്നു. ഉറക്കത്തില്‍ ഇല്ലാതിരിക്കുന്നു. ഈ അഹന്തയുടെ ആദിയെ അന്വേഷിച്ചറിയുന്നതാണ് മുക്തി എന്ന തീര്‍ന്ന നില.
ചോ: അഹിംസയാണ് പരമധര്‍മ്മം എന്നു മനസ്സിലാക്കുന്നു. എന്നാല്‍ കൊതുകുകടി മുതലായ ഉപദ്രവങ്ങളെ എങ്ങനെ സഹിച്ചുകൊണ്ടിരിക്കും?
ഉ: നാം കഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെയാണെല്ലാ മറ്റു ജീവന്മാരും. അതുകൊണ്ട് അവ നമ്മെ അടുക്കാത്തവിധത്തില്‍ എന്തെങ്കിലും ഉപായം പ്രയോഗിക്കണം.
ചോ: ജീവനെ ഹനിക്കുന്നത് വലിയ കുറ്റമല്ലേ?
ഉ: നാം നമ്മെത്തന്നെ കൊലചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ചാവുന്നത് ആനന്ദമയമായ നമ്മുടെ യഥാര്‍ത്ഥനിലയെ അറിയാതെ, തോന്നി മറയുന്ന ദേഹാദിവിഷയങ്ങളെ നാമെന്നു കരുതി ആത്മഹത്യചെയ്തുകൊണ്ടിരിക്കുന്ന നാം സ്ഥൂല ദേഹത്തെപ്പറ്റി സംസാരിക്കുന്നതെന്തിന്?
ചോ: നാം ഉറക്കം വിട്ടുണരുന്നത് പ്രകാശം, ശബ്ദം മുതലായവയുടെ ബാഹ്യസ്പര്‍ശം ഉണ്ടാവുമ്പോഴാണെന്നു ഞാന്‍ വിചാരിക്കുന്നു.
ഉ: കാണാനൊരാളില്ലാതെ ഈ ലോകത്തിനു നിലനില്‍പുണ്ടാവുമോ? ഏതാണാദ്യത്തേത്. ഇന്ദ്രിയബോധം ഉദിച്ചണയുന്നു. എന്നാല്‍ അധിഷ്ഠാനചൈതന്യം ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. ഇതിനിടയില്‍ കാണുന്നവനെ സംബന്ധിച്ചും അവന്റെ പ്രതിഫലനമാകുന്ന ഈ ലോകം തോന്നി മറയുന്നു.
ചോ: ഞാനുറങ്ങുമ്പോള്‍ ലോകം എനിക്കില്ലെങ്കിലും മറ്റുള്ളവര്‍ അതിനെ കാണുന്നുണ്ടല്ലോ?
ഉ: പക്ഷേ ആ ലോകം നീ എന്നെ അറിയുന്നല്ലോ, എന്നാല്‍ നീ നിന്നെ അറിയുന്നുണ്ടോ? എന്നവരെ നോക്കിച്ചിരിക്കുകയായിരിക്കും. മനസ്സിന്റെ വികാസം മാത്രമാണീ ലോകം. സ്വന്തം മനസ്സിനെ അറിയൂ. എന്നിട്ട് ലോകത്തെ നോക്കൂ. അപ്പോള്‍ അത് തനിക്കന്യമല്ലെന്നറിയും.
ചോ: പരിസരബോധം ഞങ്ങള്‍ക്കുള്ളതുപോലെ ഭഗവാനും ഉണ്ടോ?
ഉ: സംശയമാര്‍ക്ക്? അറിഞ്ഞവന് സംശയമുദിക്കുകയില്ല. സംശയം അജ്ഞാനത്തിന്റെ അടയാളമാണ്.