ജൂണ്‍ 16, 1935
54. കാവ്യകണ്ഠയുടെ അദ്വൈതവാദത്തെപ്പറ്റി ഒരു സംശയം ആന്ധ്രക്കാരന്‍ ഒരു വൃദ്ധ പണ്ഡിതന്‍ ഭഗവാനോട് ചോദിച്ചു.
ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ലെന്നു അദ്ദേഹം ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിരുന്നു. ഇത് വിവര്‍ത്തവാദത്തിനു യോജിക്കുന്നുണ്ട്. പക്ഷേ പരിണാമ വാദത്തിനു യോജിക്കുന്നില്ല. പരിണാമ വാദത്തില്‍ സ്വഗതഭേദത്തിനിടമുണ്ട്. ദക്ഷിണാമൂര്‍ത്തി ഇത്തരത്തിലൊന്നു ഉപദേശിച്ചിട്ടില്ലാ എന്നു മഹര്‍ഷി മറുപടി പറഞ്ഞു. ബ്രഹ്മശക്തിയോടു ബന്ധപ്പെട്ടതണെന്നോ അല്ലെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. മഹര്‍ഷി മൗനമായിരുന്നു. ഇതിന്റെ സാരം മനസ്സിലാക്കിയ ആഗതന്റെ സംശയങ്ങള്‍ തീര്‍ന്നു. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് പഠിക്കാനോ വാദിക്കാനോ തീരുമാനിക്കാനോ ഒന്നുമില്ലെന്നുള്ളതാണ്. ‘ഞാന്‍ ‘ ( ഉള്ളതാണെന്നാര്‍ക്കുമറിയാം. ‘ഞാന്‍ ‘ ദേഹമാണെന്നാവുമ്പോഴാണ് സംശയങ്ങള്‍ പൊങ്ങുന്നത്. ‘ഞാന്‍ ‘ (ബ്രഹ്മ) വസ്തുവില്‍ നിന്നുമുദയമായി അത് ബുദ്ധിയെ ജനിപ്പിക്കുന്നു. ബുദ്ധിയില്‍ പ്രതിബിംബിക്കുന്ന ഞാന്‍ ദേഹത്തോടു ബന്ധപ്പെട്ട് ദേഹത്തിനൊപ്പമായി തോന്നപ്പെടുന്നു. തന്റെ ആദികാരണമായ അഹംസ്ഫൂര്‍ത്തിയെ ബുദ്ധിക്കു നേരെ കാണാന്‍ കഴിയുന്നില്ല. ദേഹാത്മ ബുദ്ധിയെ വിടുക. അതെങ്ങനെ? വിചാരമുദിക്കുന്നതാര്‍ക്കാണെന്നു നിരന്തരം ശ്രദ്ധിച്ചാല്‍ അഹന്തയും മിഥ്യാ സങ്കല്‍പവും ഒഴിയും. ആത്മാവേ, ബ്രഹ്മമേ ഞാനെന്നു പ്രകാശിക്കും.
ദേഹാദിപ്രപഞ്ചം ജാഗ്രത്തിലേ വിഷയമാകുന്നുള്ളൂ. ‘അഹം ബ്രഹ്മാസ്മി’ ആ അനുഭവത്തെക്കുറിക്കുകയാണ് അത് ഭാവനയോ ജപമന്ത്രമോ അല്ല. ബ്രഹ്മം എവിടെയോ ഇരിക്കുന്നു. അതിനെ പ്രാപിക്കണമെന്നു ചിന്തിക്കാതെ അത് തന്റെ നിജസ്വരൂപമെന്നനുഭവിച്ചറിയുക. അതിനാല്‍ തന്നെയറിഞ്ഞാല്‍ ബ്രഹ്മത്തെ അറിഞ്ഞതാകും.
ചോ: അഹംസ്വരൂപത്തെ ഉണരാന്‍ സമ്മതിക്കാതെ വിചാരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഉ: ബ്രഹ്മാകാരവൃത്തിയോടു ചേര്‍ന്നുകൊണ്ടാല്‍ വിചാരങ്ങള്‍ ഒഴിഞ്ഞുമാറും. വൃത്തി അത്രത്തോളം എത്തിയില്ലെങ്കില്‍ ജപം മുതലായ സാധനകളനുഷ്ടിക്കാം. സത്സംഗം ലഭിച്ചാല്‍ അതൊന്നു മതിയാവും. സാധുക്കള്‍ മനസ്സറ്റ പരിശുദ്ധനിലയില്‍ സഹജ ശാന്തിയിലിരിക്കുന്നവരാണ്. അവരോട് ചേര്‍ന്നാല്‍ മനസ്സ് താനേ ഒഴിഞ്ഞു അവരുടെ അനുഭവം നമുക്കുണ്ടാവും.
ആവശ്യമില്ലാത്ത വിചാരങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ ഇവക്കു ആദി ഹേതു ദേഹാത്മ ബുദ്ധിയാണ്. ബ്രഹ്മോഹം. എന്ന നിജസ്വരൂപത്തിലിരുന്നാല്‍ എല്ലാ അനുഭവങ്ങളും അത് തന്നെ.