ജൂലൈ 4, 1935
59. ഒരു മൗലവി ചോദിക്കുകയുണ്ടായി.
ഉറക്കം ഉണര്‍ച്ചയെ തട്ടിക്കൊണ്ടുപോകുന്നതെങ്ങനെ?
ഉ: ജാഗ്രത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നറിയുമെങ്കില്‍ ഉറക്കത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നും അറിയാനൊക്കും. ജാഗ്രത്തിലാണു ഈ ചോദ്യമുണ്ടാകുന്നത്. ഉറക്കത്തിലല്ല. ഉറക്കത്തില്‍ എങ്ങനെയിരിക്കുന്നുവെന്ന് അറിയുന്നതിനെക്കാള്‍ ഉണര്‍ന്നിരിക്കുമ്പോഴുള്ള അവസ്ഥയെ അറിയുന്നതല്ലേ കൂടുതല്‍ എളുപ്പം.
ചോ: ഉണരുന്നതെങ്ങനെയെന്നറിയാം. എന്നാല്‍ ഉറക്കം എങ്ങനെ വരുന്നുവെന്നതാണ് അറിഞ്ഞുകൂടാത്തത്. ഞാന്‍ ഉണര്‍ന്നിരിക്കുന്നത് നന്നായറിയാം. ഇപ്പോള്‍ എന്റെ ഊന്നുകോല്‍ ആരെങ്കിലും എടുത്താല്‍ ഉടനറിയാം. എന്നാല്‍ ഉറക്കത്തിലോ സ്വപ്നത്തിലോ ഇരിക്കുമ്പോള്‍ ഒന്നും അറിയാന്‍ പാടില്ല. ഉറക്കത്തിന്റെ സ്വരൂപം എന്താണ്?
ഉ: ഒന്നുമറിയാന്‍ പാടില്ലെന്നു പറയുന്നില്ലേ? അതുതന്നെ ഉറക്കത്തിന്റെ സ്വരൂപം. എല്ലാമറിയാമെന്നുള്ളത് ജാഗ്രത്തിന്റെ സ്വരൂപവും.
ചോ: ഉറക്കത്തില്‍ നിന്നും ഉണരുന്നത് കണ്ണുതുറക്കുമ്പോളറിയാം. എന്നാല്‍ ഉണര്‍ച്ചയില്‍ നിന്നും എങ്ങനെ ഉറങ്ങിപ്പോകുന്നു എന്നറിയാന്‍ പാടില്ല.
ഉ: ഉറക്കത്തെ ഉണര്‍ച്ച അതിക്രമിക്കുന്നതുപോലെ ഉണര്‍ച്ചയെ ഉറക്കവും അതിക്രമിക്കുന്നുവെന്നേ ഉള്ളൂ.
ചോ: ഉറക്കം വിട്ടുണരുന്നതുപോലെ വ്യക്തമാണെന്നു തോന്നുന്നില്ല, എനിക്ക് ഉണര്‍ച്ചയില്‍ നിന്നും വിരമിച്ചുറങ്ങുന്ന കാര്യം.
ഉ: സാരമില്ല. അതുകൊണ്ടു ദോഷമൊന്നും സംഭവിക്കാനില്ല.
ചോ: ഉറക്കമെന്താണെന്ന് ഉദാഹരണത്തില്‍ കൂടിയല്ലാതെ പറഞ്ഞു തരുമോ? ഉറക്കത്തിന്റെ തനിരൂപമറിഞ്ഞാല്‍ കൊള്ളാം.
ഉ: അതിന്റെ യഥാര്‍ത്ഥ രൂപം അതു തന്നെയാണ്.
ചോ: മോക്ഷലാഭത്തിനു ഗൃഹസ്ഥനായിരിക്കുന്നതോ ബ്രഹ്മചാരിയായിരിക്കുന്നതോ നല്ലത്?
ഉ: നിങ്ങള്‍ക്കേതു നല്ലതോ അതുതന്നെ.
ചോ: വിശ്വാമിത്രനു ഭ്രംശം സംഭവിച്ചതു ഗൃഹസ്ഥനായിരുന്നപ്പോഴല്ല, മറിച്ച് സന്യാസിയായിരുന്നപ്പോഴാണ്. മറ്റുള്ളവരെ സംബന്ധിച്ചും ഇങ്ങനെ സംഭവിച്ചുകൂടെ?.
ഉ: വിശ്വാമിത്രന് ഗൃഹസ്ഥനായിരുന്നപ്പോഴുണ്ടായിരുന്ന ശുദ്ധി സന്യാസിയായപ്പോഴുമുണ്ടായിരുന്നു. സന്യാസിയായിരുന്നപ്പോഴുള്ള അശുദ്ധി കുടുംബിയായിരുന്നപ്പോഴുമുണ്ടായിരുന്നു.
ചോ: അദ്ദേഹം ഒരു ഋഷിയായിരുന്നോ?
ഉ: അശുദ്ധി ഏര്‍പ്പെട്ടപ്പോള്‍ ഋഷിത്വം മാറി.
ചോ: അദ്ദേഹത്തിനു വീണ്ടും ഋഷിയാകാമായിരുന്നോ?
ഉ: ആകാം. ഭക്തിയില്‍ കൂടി ആകാം. പശ്ചാത്താപവും പ്രാര്‍ത്ഥനയും ഉണ്ടായിരുന്നാല്‍ മതി.
ചോ: അങ്ങ് ഇങ്ങനെ എന്തിനുവേണ്ടിയിരിക്കുന്നു?
ഉ: എന്തിനു വേണ്ടിയിരിക്കണമോ അതിനുവേണ്ടിത്തന്നെ.
ചോ: അങ്ങ് എന്തു നേടി?
ഉ: എന്തു നേടിയിരിക്കണമോ അതു നേടി. എന്തു കണ്ടിരിക്കണമോ അതിനെ കാണുന്നു.
ചോ: എല്ലാവര്‍ക്കും അത് കാണാനൊക്കുമോ?
ഉ: മറ്റുള്ളവര്‍ കാണുന്നതുപോലെ ഞാനും കാണുന്നുണ്ട്. അതെല്ലാം അവരിലും ഉള്ളതാണ്.
ചോ: കാണാനുള്ള മാര്‍ഗ്ഗം?
ഉ: എല്ലാ മാര്‍ഗ്ഗങ്ങളും അതിലേക്കുള്ളതാണ്. പക്ഷെ ഒരിടത്തുകൂടിയേ പ്രവേശിക്കാനൊക്കുകയുള്ളൂ.
ചോ: മുക്തി സാധിക്കുന്നതിന് അങ്ങുപദേശം തരുമോ:
ഉ: എന്തുപദേശം? എല്ലാം ഉപദേശങ്ങളാണ്.
മൗലവി വീണ്ടും വരാമെന്നു പറഞ്ഞു മടങ്ങിപ്പോയി.