രമണമഹര്‍ഷി സംസാരിക്കുന്നു

മൗനത്തെപ്പറ്റി (77)

ശ്രീ രമണമഹര്‍ഷി

ജൂലൈ 5, 1935

60.ഏകാന്തനായിരുന്നു മൗനം അവലംബിക്കുന്നത്‌ സമ്മര്‍ദ്ദപരമാണ്‌. മിതഭാഷിത്വം മൗനത്തിനു തുല്യമാണ്‌. സംസാരത്തിനു നിയന്ത്രണം ഏര്‍പ്പെടുന്നു. വാക്കിനെ അടക്കുന്നത്‌ മൂലം മൗനം ഏര്‍പ്പെടുന്നു. മറ്റൊരു വിചാരമുള്ളവന്‍ അധികം സംസാരിക്കുകയില്ല. അന്തര്‍മ്മുഖനായിരിക്കുന്നവന്‍ സംസാരിക്കാന്‍ മുതിരുകയില്ല.

സംസാരം മൂലം മനസ്സിനു കൂടുതല്‍ വ്യാപാരം ഉണ്ടാകാതിരിക്കുന്നതാണ്‌ മൗനത്തിന്റെ രീതി. മറ്റേതെങ്കിലും തരത്തില്‍ മനോനിഗ്രഹം സാധിച്ചാല്‍ മൗനത്തിന്റെ ആവശ്യമില്ല. അപ്പോള്‍ മൗനം സഹജമായിത്തീര്‍ന്നുകൊള്ളും.

പന്ത്രണ്ട്‌ വര്‍ഷം തുടരെ മിണ്ടാതിരുന്നാല്‍ ഒരാള്‍ മൗനിയായിക്കൊള്ളുമെന്നു വിദ്യാരണ്യസ്വാമികള്‍ പറയുന്നു. അതായത്‌ പിന്നീടവനു മിണ്ടാനൊക്കാതെ വരുമെന്ന്‌. അതൊരു മൂകപ്രാണിയെപ്പോലെയാണ്‌. അത്‌ മൗനമാവുകയില്ല.

നിറുത്താത്ത സംസാരം മൗനമാണ്‌. ചുമ്മാതിരിക്കുന്നത്‌ അവിരാമമായ പ്രവര്‍ത്തനവുമാണ്‌.

Back to top button