ജൂലൈ 6, 1935
61. ശ്രീ. ഏകനാഥറാവു: ധ്യാനമഭ്യസിക്കുന്നതെങ്ങനെ? കണ്ണടച്ചിട്ടോ? തുറന്നിട്ടോ?
ഉ: രണ്ടു വിധത്തിലുമാകാം. മനസ്സ് അന്തര്‍മുഖമായി അന്വേഷണത്തിലേര്‍പ്പെടുക എന്നതാണ് ഉദ്ദേശം. കണ്ണുകള്‍ പൂട്ടിയിരുന്നാല്‍ ചിലപ്പോള്‍ അന്തര്‍ലീനമായ വാസനകള്‍ ശക്തമായി ഉണര്‍ന്നിളകിയെന്നുവരാം. കണ്ണുതുറന്നിരുന്നാല്‍ മനസ്സിനെ അന്തര്‍മുഖമാക്കാന്‍ പ്രയാസപ്പെട്ടെന്നുവരാം. അതിനു മനസ്സിനു തക്ക ശക്തിയുണ്ടായിരിക്കണം. ഒരു വിഷയത്തില്‍ പ്രവേശിക്കുമ്പോള്‍ മനസ്സ് കലങ്ങും. അല്ലാത്തപ്പോള്‍ അത് ശുദ്ധമാണ്. ബാഹ്യവിഷയാദികളില്‍ നിന്നും വിരമിച്ചു മനസ്സ് സത്യാന്വേഷണബദ്ധമായിരിക്കുകയാണ് ധ്യാനത്തിന്റെ ഉദ്ദേശ്യം.
62. ശ്രീ ഏകനാഥറാവു: സ്ഫുരണമെന്താണ്?
ഉ: ഭയചകിതനാകുമ്പോഴോ വികാരോജ്ജ്വലനാകുമ്പോഴോ സ്ഫുരണം അനുഭവപ്പെടാം. അതെപ്പോഴുമുള്ളതാണെന്നിരുന്നാലും പ്രത്യേകസ്ഥാനങ്ങളില്‍ പ്രത്യേകാവസരങ്ങളിലാണേര്‍പ്പെടാറുള്ളത്. സ്ഫുരണം പൂര്‍വ്വകാല സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ട് ദേഹത്തിനേര്‍പ്പെട്ടതായും വരാം. ഏതായാലും അത് ശുദ്ധവും തനിത്വമുള്ളതുമാണ്. ഈ തനിത്വത്തെ പറ്റിനിന്നാല്‍ ആത്മാനുഭവം ഫലം. അത് സാക്ഷാല്‍ക്കാരമായിത്തീരും.
സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി എന്നു പറയാം. അത് പരിശുദ്ധമാണ്. അതില്‍ നിന്നും ദ്രഷ്ടാവും, ദൃശ്യവും വെളിപ്പെടും. താനാണ് ദ്രഷ്ടാവെന്നു കരുതുമ്പോള്‍ ദൃശ്യം അവനന്യമായി നില്‍ക്കും. അതു കാലാകാലങ്ങളില്‍ സ്ഫുരിക്കുകയും മറയുകയും ചെയ്യും. വിഷയബോധത്തിന്റെ രഹസ്യവുമതാണ്. ദ്രഷ്ടാവിനും ദൃശ്യങ്ങള്‍ക്കും പ്രകാശിക്കുന്നതിനുള്ള ഒരു തിരശീലയാണ് താനെന്നുണര്‍ന്നാല്‍ കുഴപ്പങ്ങള്‍ക്കിടമില്ല. ഏത് ഉദിച്ചാലും അണഞ്ഞാലും നിര്‍വ്വികാരനായിട്ടിരിക്കാം.
63. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥപ്രമാണി
ചോ: നമുക്കു കീഴിലുള്ളവര്‍ക്കു മേല്‍ക്കയറ്റം കൊടുക്കുമ്പോള്‍ മനസ്സ് ക്ഷോഭിക്കുന്നു. ഈ അവസ്ഥയില്‍ ‘ഞാന്‍ ‘ എന്നത് സമാധാനം തരുമോ?
ഉ: തീര്‍ച്ചയായും തരും. ഞാനാരാണെന്ന അന്വേഷണം ഇളകിവശായ മനസ്സിനെ ശാന്തമാക്കും.